പഴയ മോഹൻലാലിനെ ഇനി കിട്ടില്ല, ആ ചിന്ത ഉപേക്ഷിക്കണം; തരുൺ മൂർത്തി
text_fieldsമോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മെയ് മാസത്തോടെയാകും ചിത്രം തിയറ്ററുകളിലെത്തുക. റിലീസിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇപ്പോഴിതാ പഴയ മോഹൻലാലിനെ തിരിച്ചു വേണമെന്നുള്ള പ്രേക്ഷകരുടെ മനസ്ഥിതി ഉപേക്ഷിക്കണമെന്ന് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി. ധന്യ വർമയോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. പഴയ ലാലേട്ടൻ എന്നൊരു മൈൻഡ് സെറ്റ് വെക്കാൻ പാടില്ലെന്നും അദ്ദേഹത്തിന്റെ അഭിനയത്തിൽ പുതിയൊരു സ്റ്റൈലുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. തന്റെ അച്ഛനും അമ്മയും ഭാര്യയും മകനുമെല്ലാം മോഹൻലാലിന്റെ വലിയ ഫാനാണ്. പുലിമുരുകനാണ് മകന്റെ ഇഷ്ട ചിത്രം.അത്രയും തലമുറയെ അദ്ദേഹത്തിന് ഇഷ്ടപ്പെടുത്താൻ പറ്റിയിട്ടുണ്ടെന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു.
'പഴയ ലാലേട്ടനെ ഒരിക്കലും നമുക്ക് തിരിച്ച് കിട്ടില്ല. ഞാൻ ഉദ്ദേശിക്കുന്നത് അങ്ങനയൊരു മൈൻഡ് സെറ്റ് നമ്മൾ വെക്കാൻ പാടില്ല. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് ഒരു ഇമോഷൻ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്റ്റൈലുണ്ട്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിക്കും അഭിനയത്തിനുമെല്ലാം ഒരു പുതിയ സ്റ്റൈൽ ഫ്ലേവറുണ്ട്. ലാലേട്ടൻ കിട്ടിയിട്ടുള്ള ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത്, അദ്ദേഹത്തെ എന്റെ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മോനുമൊക്കെ ഇഷ്ടമാണ്. എന്റെ മോൻ ഒരു പുലിമുരുകൻ ഫാനാണ്. അത്രയും തലമുറയെ അദ്ദേഹത്തിന് ഇഷ്ടപ്പെടുത്താൻ പറ്റിയിട്ടുണ്ട്. അപ്പോൾ അത്രയും തലമുറയ്ക്ക് എങ്ങനെ ഇഷ്ടപെടുമെന്ന് മാത്രം നമ്മൾ നോക്കിയാൽ മതി,’ എന്ന് തരുൺ മൂർത്തി പറഞ്ഞു.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിൽ സാധാരണ ഒരു ടാക്സി ഡ്രൈവറായിട്ടാണ് മോഹൻലാൽ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.