തമ്പാൻ കൊടക്കാട്; പെരുങ്കളിയാട്ടം കാക്കാതെ മടക്കം
text_fieldsതമ്പാൻ കൊടക്കാട് ജയരാജ് സിനിമയായ ഒരു പെരുങ്കളിയാട്ടത്തിൽ സുരേഷ് ഗോപിയോടൊപ്പം
പയ്യന്നൂർ: നാടക കലാകാരൻ തമ്പാൻ കൊടക്കാട് വിട വാങ്ങിയത് ഒരു പെരുങ്കളിയാട്ടം എന്ന സിനിമ പുറത്തിറങ്ങാൻ കാത്തിരിക്കാതെ. ജയരാജ് സംവിധാനം ചെയ്ത് സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമാണ് തമ്പാൻ ചെയ്തത്. തെയ്യം പശ്ചാത്തലമാക്കി കലാമൂല്യമുള്ള ഈ ചിത്രത്തിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിടവാങ്ങൽ.
സഹോദരനും റിട്ട. പ്രധാന അധ്യാപകനുമായ നാട്ടരങ്ങുകളുടെ നിറസാന്നിധ്യവുമായ കെ.ജി. കൊടക്കാടാണ് തമ്പാനെ അഭിനയ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്.
കൊടക്കാട് നാരായണ സ്മാരക വായനശാലയുടെ ആദ്യകാല നാടകങ്ങളിലൊന്നായ തിളക്കുന്ന കടൽ എന്ന നാടകത്തിൽ ബാല നടനായിട്ടായിരുന്നു ആ വരവ്. അക്കാലത്തെ മുഖ്യ നടന്മാരിലൊരാളായ കുഞ്ഞിരാമൻ കോട്ടയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ നാടകത്തിൽ ഇ.എൻ. വാര്യർ, സിവിക് കൊടക്കാട് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പയ്യന്നൂർ കോളജിലെ പ്രീഡിഗ്രി പഠന കാലത്ത് തന്റെ തട്ടകം കുക്കാനത്തേക്ക് മാറ്റിയ അദ്ദേഹം കൂക്കാനം പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപവത്കരിക്കുകയും കൂട്ടുകാരെ കൂട്ടി നിരവധി നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അഗ്നിവലയം, ശിഥില ഗോപുരം, അഗ്നിരേഖ, സേവ്യർ പുൽപ്പാട് രചിച്ച യൗവ്വനങ്ങളുടെ നൊമ്പരം മുതലായ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അരവിന്ദൻ കുറുന്തിലിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട കരിവെള്ളൂർ ഭാവന തീയറ്റേഴ്സിന്റെ മുഖമായി മാറി തമ്പാൻ കൊടക്കാട് എന്ന നടൻ.
സിനിമാ ഭ്രാന്ത് മൂത്ത് തമ്പാൻ ചെന്നൈയിലേക്ക് വണ്ടി കയറി. ഇവിടെവെച്ച് സിനിമാ നടനും സംവിധായകനുമായ തളിപ്പറമ്പ് രാഘവനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഒരിടത്തൊരിടത്ത് എന്ന മെഗാ സീരിയലിൽ നല്ല ഒരു വേഷം ചെയ്തു. തുടർന്ന് ഡൊമിനിക്ക് പ്രസന്റേഷൻ, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, തറവാട് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. നിരവധി സീരിയലുകളിലും ടെലി ഫിലിമുകളിലും അഭിനയിച്ചു. ഇതിനിടയിലാണ് ജയരാജ് സിനിമയിൽ വേഷമിടാൻ അവസരം ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.