'മനുഷ്യത്വമില്ലാത്തവനല്ല, നിയമം അനുസരിക്കുന്ന പൗരനാണ്'; തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് അല്ലു അർജുൻ
text_fieldsഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ യുവതി മരിച്ച സംഭവം തികച്ചും അപകടമാണെന്ന് നടൻ അല്ലു അർജുൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങൾ നടൻ നിഷേധിച്ചു. റോഡ്‌ഷോ നടത്തിയെന്നും തിയേറ്ററിലെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്‌തെന്നും ആരോപിച്ച് രേവന്ത് റെഡ്ഡി പേര് പരാമർശിക്കാതെ നടനെ വിമർശിച്ചിരുന്നു.
"ഞാൻ ഒരു പ്രത്യേക രീതിയിൽ (നിരുത്തരവാദപരമായി) പെരുമാറി എന്ന ഒരുപാട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു. ഈ ആരോപണങ്ങൾ തെറ്റാണ്. ഇത് അപമാനകരവും സ്വഭാവഹത്യയുമാണ്" -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
20 വർഷത്തെ കഠിനാധ്വാനം കൊണ്ട് തന്‍റെ കരിയറും പ്രതിച്ഛായയും കെട്ടിപ്പടുത്തുവെന്നും അത് അട്ടിമറിക്കപ്പെടുമ്പോൾ ശരിക്കും വേദനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കോ മറ്റ് വ്യക്തികൾക്കോ സർക്കാറിനോ എതിരല്ല താനെന്നും അല്ലു പറഞ്ഞു.
തന്‍റെ തിയേറ്റർ സന്ദർശനത്തിന് അനുമതിയില്ലെന്ന ആരോപണത്തോടും നടൻ പ്രതികരിച്ചു. അത് ശരിയല്ലെന്നും, പൊലീസ് തനിക്ക് വഴിയൊരുക്കുകയായിരുന്നെന്നും അവരുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്നും താരം പറഞ്ഞു. അനുമതി ഇല്ലായിരുന്നുവെങ്കിൽ മടങ്ങിപ്പോകാൻ പറയുമായിരുന്നു, താൻ നിയമം അനുസരിക്കുന്ന പൗരനാണ്. എന്നാൽ അത്തരം വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മനുഷ്യത്വമില്ലാത്തവനല്ല. ആൾക്കൂട്ടമുണ്ടാകുമ്പോൾ ഏത് സെലിബ്രിറ്റിയും പുറത്തിറങ്ങി ആളുകൾക്ക് നേരെ കൈവീശി കാണിക്കുന്നത് ഒരു ശീലമാണ് അല്ലെങ്കിൽ, അത് അഹങ്കാരമായി കണക്കാക്കുമെന്നും അല്ലു പറഞ്ഞു.
പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ ഡിസംബർ നാലിന് പുഷ്പ-2 പ്രദർശിപ്പിച്ച തിയേറ്ററിൽ എത്തിയെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശനിയാഴ്ച ആരോപിച്ചു. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചതിന് ശേഷവും നടൻ സിനിമാ ഹാളിൽ നിന്ന് പുറത്തിറങ്ങാത്തതാണ് നിർബന്ധിച്ച് പുറത്താക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.