'അവരെ നല്ല രീതിയിലാണ് വളർത്തിയത്, മയക്കുമരുന്നിന് അടിമകളല്ല'; മക്കളെ കുറിച്ച് അഭിമാനമെന്ന് ശത്രുഘ്നൻ സിൻഹ
text_fieldsന്യൂഡൽഹി: മക്കളായ ലവൻ, കുശൻ, സോനാക്ഷി സിൻഹ എന്നിവർ ഒരിക്കലും മയക്കുമരുന്നിന് അടിമകളല്ലെന്നും അവരെ നല്ലരീതിയിൽ വളർത്തിക്കൊണ്ടുവന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും നടൻ ശത്രുഘ്നൻ സിൻഹ.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവത്തെ കുറിച്ചും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 75കാരനായ നടൻ പ്രതികരിച്ചു. ആര്യനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത രീതിയെ സിൻഹ വിമർശിച്ചു. ഒന്നുകിൽ അത് ചില വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനോ അല്ലെങ്കിൽ ഷാരൂഖിനോടുള്ള പക വീട്ടാനോ ആയിരിക്കുമെന്നും സിൻഹ പറഞ്ഞു.
'അത് വെല്ലുവിളിയാണെങ്കിലും അല്ലെങ്കിലും അവർ കുട്ടികളെ നന്നായി വളർത്തണം. ഞാൻ പ്രസംഗിക്കുന്നത് ഞാൻ പ്രാവർത്തികമാക്കുന്നു. പുകയില വിരുദ്ധ കാമ്പയിനുകളുടെ ഭാഗമാണ് ഞാൻ. മയക്കുമരുന്നും പുകയിലയും ഒഴിവാക്കാനാണ് ഞാൻ എപ്പോഴും പറയാറ്'-തിരക്കുപിടിച്ച ജീവിതത്തിനിടെ സെലിബ്രിറ്റികൾക്ക് കുട്ടികളെ നോക്കാനാകുന്നില്ലെന്ന പരാതിയെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
കുട്ടികൾ തെറ്റായ കൂട്ടുകെട്ടിൽ എത്തിപ്പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവരോടൊപ്പം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 'ഷാരൂഖിന്‍റെ മകനായതിനാൽ ആര്യന് ഇളവ് കൊടുക്കരുത്. അതുവെച്ച് ഒരാളെ വേട്ടയാടാനും അവകാശമില്ല. നീതിന്യായ വ്യവസ്ഥ നീതിപൂർവമായിരിക്കണം. അതാണ് ഇന്ന് സംഭവിച്ചത് ' -ആര്യന് ജാമ്യം ലഭിച്ചതിനെ കുറിച്ച് സിൻഹ പറഞ്ഞു.
ആഡംബരക്കപ്പൽ ലഹരിമരുന്ന് കേസിൽ ഒക്ടോബർ മുന്നിന് എൻ.സി.ബി അറസ്റ്റ് ചെയ്ത ആര്യൻഖാൻ ശനിയാഴ്ചയാണ് ജയിൽമോചിതനായത്. ബോംബെ ഹൈേകാടതിയായിരുന്നു 23കാരന് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.