മലയാളത്തിന്റെ കഥാപുരുഷൻ എഴുതുകയാണ്, പുതിയൊരു കൊടിയേറ്റത്തിനായി
text_fieldsതിരുവനന്തപുരം: എട്ടു പതിറ്റാണ്ടുമുമ്പ് ജനിച്ച ഉടനെ വീട്ടുകാർ ജാതകം എഴുതിച്ചു. തിരുവിതാംകൂർ കുതിരപ്പട്ടാളത്തിലെ നായകൻ ആകുമെന്നായിരുന്നു ജ്യോത്സ്യെൻറ പ്രവചനം. പക്ഷേ, കുതിരപ്പുറത്ത് ഒരിക്കലും കയറിയിട്ടില്ലെങ്കിലും പിൽക്കാലത്ത് വിശ്വ ചലച്ചിത്രലോകത്തേക്കുള്ള അശ്വമേധത്തിൽ മലയാളിയുടെ പ്രിയപ്പെട്ട നായകനായി അടൂർ മാറി. മലയാളത്തിെൻറ വിശ്വചലച്ചിത്രകാരന് ഇന്ന് 80ാം പിറന്നാൾ.
പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ മൂന്നിന് മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടെയും ഫോറസ്റ്റ് റേഞ്ച് ഓഫിസർ മാധവൻ ഉണ്ണിത്താെൻറയും ഏഴുമക്കളിൽ ആറാമനായാണ് ജനനം. എട്ടാം വയസ്സുമുതൽ നാടക കലയെ ഭ്രാന്തമായി സ്നേഹിച്ച ഗോപാലകൃഷ്ണൻ അതുവരെ മലയാള സിനിമ നടന്ന് ശീലിച്ച വഴികളിൽനിന്ന് ലോകസിനിമയിലേക്കുള്ള പുതുവഴി വെട്ടി.
1965ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവനന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും സ്വതന്ത്രമായി സിനിമകളുടെ നിർമാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോഓപറേറ്റിവും സ്ഥാപിക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണ് ചിത്രലേഖ ഫിലിം കോഓപറേറ്റിവ്.
സ്വയംവരമായിരുന്നു ആദ്യ സംവിധാന സംരംഭം. സാധാരണക്കാരായിരുന്നു അടൂരിെൻറ കഥാപാത്രങ്ങൾ. അന്നുവരെ സിനിമ പിന്തുടർന്ന ഡാൻസും പാട്ടും ഫോർമുല അപ്പാടെ മാറ്റി നിർത്തിയാണ് പച്ചയായ ജീവിതങ്ങളെ കലർപ്പില്ലാതെ വെള്ളിത്തിരയിൽ അദ്ദേഹം പ്രദർശിപ്പിച്ചത്. ലോക സിനിമാ ഭൂപടത്തിൽ മലയാളത്തിെൻറ പേര് അടൂർ എഴുതിച്ചേർത്തു. ഒപ്പം ഇന്ത്യൻ ചലച്ചിത്ര സപര്യയിൽ സത്യജിത് റേയുടെ പിന്മുറക്കാരൻ എന്ന സ്ഥാനവും. പത്മഭൂഷൺ, പത്മശ്രീ, ദാദേ സാഹേബ് ഫാൽക്കെ പുരസ്കാരം, ഏഴു ദേശീയ ചലച്ചിത്ര പുരസ്കാരം, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തുടർച്ചയായി അഞ്ചുതവണ അന്താരാഷ്ട്ര സിനിമ നിരൂപകരുടെ പുരസ്കാരം.
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം, ഫ്രഞ്ച് സർക്കാറിെൻറ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇതിനകം അദ്ദേഹത്തെ തേടിയെത്തി. കോവിഡ് കാലത്ത് പിറന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ച് ആശംസകളെ നന്ദി വാക്കുകളിലൊതുക്കി തിരുവനന്തപുരത്തെ 'ദർശന'ത്തിലിരുന്ന് മലയാളത്തിെൻറ കഥാപുരുഷൻ എഴുതുകയാണ്, പുതിയൊരു കൊടിയേറ്റത്തിനായി.
സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ ആക്കുളത്തെ അടൂരിെൻറ വീടായ 'ദർശന'ത്തിൽ എത്തി. കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയാണ് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ മുൻമന്ത്രി വി.എസ്. ശിവകുമാറും എത്തി. കേരളത്തിെൻറ മനസ്സുകളെ ഒരുമിച്ചുനിർത്തിയ അനുഗ്രഹീത കലാകാരനാണ് അടൂർ ഗോപാലകൃഷ്ണനെന്ന് ക്ലീമിസ് കത്തോലിക്ക ബാവ പറഞ്ഞു. മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, നടൻ ഇന്ദ്രൻസ് എന്നിവരും ആശംസയറിയിക്കാനെത്തി. എസ്.പി.സിയുടെ നേതൃത്വത്തിൽ അടൂരിന് പിറന്നാൾ കേക്ക് സമ്മാനിച്ചു. ആശംസയും ആദരവും അറിയിച്ചുള്ള പ്രത്യേക ഗ്രാഫിക്കൽ വിഡിയോ നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഭാര്യയുടെ മരണശേഷം വീട്ടിൽ എഴുത്തിലും വായനയിലും മുഴുകിക്കഴിയുകയാണ് അടൂര്. 2016ൽ ചെയ്ത 'പിന്നെയു'മാണ് അവസാന സിനിമ. കോവിഡിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ പൊലീസ് ഐ.ജി ആയ മകൾ അശ്വതിക്കും കുടുംബത്തിനും വരാൻ കഴിഞ്ഞില്ല.
ഇനിയൊരു സിനിമ ഇല്ല –അടൂർ
തിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറ ജനാധിപത്യവിരുദ്ധ അടിച്ചേൽപ്പിക്കലുകളിൽ നിന്നുകൊണ്ട് ഇനിയൊരു സിനിമ എടുക്കാൻ താൽപര്യമില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമ എടുത്താൽ അതിനെ അമർച്ച ചെയ്യാനുള്ള നടപടികൾ ഉണ്ടാകും. നേരേത്ത അനുഭവിച്ച സ്വാതന്ത്ര്യത്തോടെ സിനിമ എടുക്കാനാണ് താൽപര്യം.
ദേശസ്നേഹത്തിെൻറ സർട്ടിഫിക്കറ്റും നെറ്റിയിൽ ഒട്ടിച്ചുകൊണ്ട് നടക്കേണ്ട അവസ്ഥയാണ്. അനീതിയെ ചോദ്യം ചെയ്യുന്നവരുടെ വീട്ടിൽ പരിശോധനയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.