അവർ പറയുന്നതിൽ കാര്യമില്ല, പുലിമുരുകൻ വലിയ ഹിറ്റായിരുന്നു! മൂന്ന് കോടിയോളം ടാക്സ് അടച്ചു- ടോമിച്ചൻ മുളകുപാടം
text_fieldsകഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കിയതാണ് പുലിമുരുകനും അതിന്‍റെ കളക്ഷനും. ഒമ്പത് വർഷം മുമ്പ് ഇറങ്ങിയ ചിത്രം നിർമിക്കുന്നതിനായി എടുത്ത ലോൺ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ തച്ചങ്കരിയുടെ പ്രസ്താവനയാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. എന്നാൽ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം.
പുലിമുരുകൻ വമ്പൻ ഹിറ്റാണെന്നും മൂന്ന് കോടിയോളം ആ ചിത്രത്തിന് വേണ്ടി ടാക്സ് അടച്ചിട്ടുണ്ടെന്നും ടോമിച്ചൻ പറഞ്ഞു. ചിത്രത്തിന്‍റെ കളക്ഷനെ പറ്റി മറ്റുള്ളവർ പറയുന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലുടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം-
ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹൻലാൽ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിർമിക്കാൻ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഒരു ഭാഗമായി മാറാൻ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ.
എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടു. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു എങ്കിലും, എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകൻ. കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ 2 കോടി രൂപയുടെ ലോൺ എടുത്തത്. ആ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാൻ ഇൻകം ടാക്സ് അടച്ചത്. അത്രയധികം തുക ഇൻകം ടാക്സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ..
അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങൾ നിർമ്മിക്കാൻ എനിക്ക് സാധിച്ചതിലും പുലി മുരുകൻ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒൻപത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ. അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങൾക്ക് മുന്നിലെത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.