‘എല്ലാ ഉയർച്ചകളും ആരംഭിക്കുന്നത് വീഴ്ച്ചകളിൽ നിന്നാണ്’; വിക്ടോറിയ ഫാൾസിൽ ബഞ്ജി ജംപ് നടത്തി ‘മിന്നൽ ടോവിനോ’-വിഡിയോ
text_fieldsകഴിഞ്ഞ ദിവസമാണ് ഈസ്റ്റര്‍ ദിനം കുടുംബത്തോടൊപ്പം യാത്ര ചെയ്ത് ആഘോഷിക്കുന്ന നടന്‍ ടോവിനോ തോമസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ആഫ്രിക്കയിലെ ബോട്സ്വാനയില്‍ നിന്നുള്ള ചിത്രങ്ങള്‍ ടോവിനോ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോഴിതാ സിംബാബ്വേയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിൽ ബഞ്ജി ജംപ് നടത്തുന്നതിന്റെ വിഡിയോയാണ് നടൻ പങ്കുവച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് വിക്ടോറിയ വെള്ളച്ചാട്ടം. ബോട്സ്വാനയുടേയും സിംബാബ്വേയുടേയും അതിർത്തിയിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സാംബസി നദിയിലാണ് വെള്ളച്ചാട്ടം പതിക്കുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള ഹിസ്റേറാറിക് ബ്രിഡ്ജിൽ നിന്നാണ് ബഞ്ജി ജംപ് നടത്തേണ്ടത്. 128 മീറ്റർ ആണ് ബഞ്ജി ജംപ്ന്റെ ഉയരം.
‘ജ്ഞാനിയായ ആരോ ഒരാൾ പറഞ്ഞതുപോലെ: 'ഓരോ ഉയർച്ചയും വീഴ്ചയിൽ നിന്നാണ് തുടങ്ങുന്നത്. എന്നെങ്കിലും ഒരിക്കൽ പറക്കാൻവേണ്ടി ഇവിടെ ഞാൻ വീഴ്ചകളെ കൈകാര്യം ചെയ്യുന്ന കലയിൽ പ്രാവീണ്യം നേടുകയാണ്’ -വിഡിയോ പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചു.
1708 മീറ്റർ വീതിയുള്ള വെള്ളച്ചാട്ടമാണ് വിക്റ്റോറിയ ഫാൾസ്. നയാഗ്രയേക്കാൾ ഇരട്ടി ഉയരത്തിൽനിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. ബോട്സ്വാനയുടേയും സിംബാബ്വേയുടേയും ഭാഗങ്ങളിൽനിന്ന് വെള്ളച്ചാട്ടം കാണാനാകും. ബോട്സ്വാന വഴിയാണ് നടനും സംഘവും വെള്ളച്ചാട്ടത്തിലേക്ക് കടന്നതെന്നാണ് വിവരം. ആഫ്രിക്കൻ വൻകരയുടെ തെക്കുഭാഗത്തായി, കരയാൽ ചുറ്റപ്പെട്ട രാജ്യമാണ് ബോട്സ്വാന. രാജ്യത്തെ ഏറ്റവും വലിയ ഗോത്രവർഗമായ സെറ്റ്സ്വാന (Tswana) യിൽ നിന്നാണ് ബോട്സ്വാന എന്ന പേരുവന്നത്. ആഫ്രിക്കയില്‍ വജ്രഖനനത്തിനും വിനോദസഞ്ചാരത്തിനും പ്രശസ്തമാണ് ഇവിടം. ഏകദേശം 3600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കലഹാരി ട്രാൻസ്ഫോണ്ടിയർ ദേശീയോദ്യാനത്തിന്‍റെ 75ശതമാനത്തോളം ബോട്സ്വാനയിലാണ് സ്ഥിതിചെയ്യുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ആണ് ടോവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റിമ കല്ലിങ്കൽ , റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന ചെറുകഥയെ ആധാരമാക്കി, 1964 ൽ പുറത്തിറങ്ങിയ ഹിറ്റ് മലയാള ചലച്ചിത്രമായ ഭാർഗവി നിലയത്തിന്‍റെ പുനരാവിഷ്കരണമാണ് നീലവെളിച്ചം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.