പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു, നല്ലതാണെങ്കിൽ അതിന്‍റെ ഭാഗമാകും -ടൊവീനോ
text_fieldsകൊച്ചി: മലയാള സിനിമ മേഖലയിൽ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടൻ ടൊവീനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീർച്ചയായും നല്ലതാണെന്നും നടൻ പറഞ്ഞു.
പുതിയ സംഘടനയുടെ ചർച്ചയിൽ ഇതുവരെ ഞാൻ ഭാഗമല്ല. സിനിമയുടെ പ്രൊമോഷനിലായിരുന്നു ഇതുവരെ. പ്രൊഗസ്സീവായ എന്തുകാര്യമാണെങ്കിലും തീർച്ചയായും നല്ലതാണ്. എക്സിക്യുട്ടീവ് കമ്മിറ്റിയിൽനിന്ന് രാജിവെച്ചെങ്കിലും ഞാനിപ്പോഴും അമ്മ സംഘടനയിൽ അംഗമാണ്. മറ്റേത് സംഘടനയാണെങ്കിലും അതാണ് നല്ലത് എന്നുണ്ടെങ്കിൽ ഞാൻ അതിന്‍റെ ഭാഗമാകണം. അത്തരം സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു -ടൊവീനോ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, നടി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നത്. ഇവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ബദൽ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്ത് വന്നതിന് പിന്നാലെ സിനിമ രംഗത്തെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തവരാണ് പുതിയ സംഘടനയുമായി മുന്നിട്ടിറങ്ങുന്നത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ സംഘടന തൊഴിലാളികളുടെയും നിർമാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സംവിധായകർ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.