'എല്ലാ ദിവസവും വേദനയോടെയാണ് ഉണരുന്നത്, മനസിന്‍റെ ഭാരം താങ്ങാനാവുന്നില്ല...'; ദയാവധത്തിന് അനുമതി തേടി ഗായകൻ
text_fieldsജോസഫ് അവ്വ ഡാർകോ
ദയാവധത്തിന് അനുമതി തേടി ഗായകൻ ജോസഫ് അവ്വ ഡാർകോ. കടുത്ത മാനസിക പ്രശ്നമാണ് അനുഭവിക്കുന്നതെന്നും അതിനാൽ നിയപരമായി ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നന്നെന്നും 28കാരനായ ബ്രിട്ടീഷ് ഘാനിയൻ ഗായകൻ ജോസഫ് അവ്വ ഡാർകോ പറയുന്നു. നെതർലൻഡ്സ് സർക്കാറിനോടാണ് ഗായകൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മാനസികാരോഗ്യവുമായുള്ള തന്റെ പതിറ്റാണ്ടുകളുടെ പോരാട്ടം സമൂഹമാധ്യമത്തിൽ അദ്ദേഹം രേഖപ്പെടുത്തി.
ബൈപോളാർ ഡിസോർഡറുമായി ജീവിക്കുന്നതിന്റെ അസഹനീയമായ വേദന കാരണം നിയമപരമായി ജീവിതം അവസാനിപ്പിക്കാൻ നെതർലാൻഡ്‌സിലേക്ക് താമസം മാറിയെന്ന് ജോസഫ് വ്യക്തമാക്കി. ദയാവധത്തിനുള്ള അംഗീകാരത്തിനായി അദ്ദേഹം ഇപ്പോൾ കാത്തിരിക്കുകയാണ്. അനുമതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നാല് വർഷം വരെ സമയം എടുത്തേക്കാം. അതുവരെ അപരിചിതരുമായി അത്താഴം കഴിക്കുന്ന 'ദി ലാസ്റ്റ് സപ്പർ പ്രോജക്റ്റ്' ആരംഭിച്ചിരിക്കുകയാണ് ജോസഫ്.
'എനിക്ക് ബൈപോളാർ ആണ്, നിയമപരമായി ജീവിതം അവസാനിപ്പിക്കാൻ ഞാൻ നെതർലാൻഡ്‌സിലേക്ക് മാറി. എല്ലാ ദിവസവും കഠിനമായ വേദനയോടെയാണ് ഉണരുന്നത്. അതാണ് വൈദ്യസഹായത്തോടെയുള്ള മരണം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ജീവിതം ജീവിക്കാൻ യോഗ്യമല്ലെന്ന് ഞാൻ പറയുന്നില്ല. തീർച്ചയായും അങ്ങനെ തന്നെയാണ്. എന്റെ മാനസിക ഭാരം പൂർണമായും താങ്ങാനാവാത്തതായി മാറിയിരിക്കുന്നു' -ഡിസംബറിൽ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം വിഡിയോയിൽ ജോസഫ് വ്യക്തമാക്കി.
അഞ്ച് വർഷത്തെ ശ്രദ്ധാപൂർവമായ ആലോചനക്ക് ശേഷമാണ് ദയാവധത്തിന് അഭ്യർഥിക്കാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതെന്നും നെതർലാൻഡ്‌സിലെ ദയാവധ വിദഗ്ദ്ധ കേന്ദ്രത്തിന് ഔപചാരിക അപേക്ഷ സമർപ്പിച്ചതായും ജോസഫ് വ്യക്തമാക്കി. 'ഡിയര്‍ ആര്‍ട്ടിസ്റ്റ്' എന്ന പുസ്തകം പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് ജോസഫ്. അതില്‍ നിന്നു ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും അതുവരെ ജീവിച്ചിരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.