വാണി ജയറാം വിടപറഞ്ഞത് വിവാഹ വാർഷികദിനത്തിൽ
text_fieldsചെന്നൈ: അഞ്ച് പതിറ്റാണ്ടുകാലമായി പതിനായിരത്തിലേറെ ഗാനങ്ങളാലപിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ മലയാളികളുടെ ‘വാണിയമ്മ’ വിടപറഞ്ഞത് വിവാഹ വാർഷികദിനത്തിൽ. 1968 ഫെബ്രുവരി നാലിനായിരുന്നു വിവാഹം നടന്നത്.
മുംബൈ സ്വദേശിയും സിത്താർ വാദകനും സംഗീത പ്രേമിയും ഇന്തോ- ബെൽജിയം ചേംബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടിവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം കഴിച്ചത്. വാണിയുടെ സംഗീത ജീവതത്തിന് ജയറാം ഏറെ പ്രോൽസാഹനം നൽകിയിരുന്നു. ഒരു ഘട്ടത്തിൽ ജോലി രാജിവെച്ചാണ് വാണിയുടെ സംഗീത യാത്രയിൽ താങ്ങായി നിന്നത്. 2018ലാണ് ജയറാം അന്തരിച്ചത്.
മലയാളത്തിൽ സലീൽചൗധരി സംഗീതം നൽകിയ നിരവധി ഗാനങ്ങൾ വാണി പാടി. വിഷുക്കണിയിലെ ‘കണ്ണിൽപൂവ്’, എയർഹോസ്റ്റസിലെ ‘ഒന്നാനാം കുന്നിന്മേൽ’, രാഗത്തിലെ ‘നാടൻ പാട്ടിലെ മൈന’, അപരാധിയിലെ ‘മാമലയിലെ പൂമരം പൂത്തനാൾ’, രാസലീലയിലെ ‘ആയില്യം പാടത്തെ പെണ്ണേ’, സെന്റ് തോമസിലെ ‘ധൂ തന ധൂം തനനനനന’ തുടങ്ങിയവയെല്ലാം ആസ്വാദക പ്രിയങ്ങളായിരുന്നു.
എം.കെ. അർജുനൻ, ശ്രീകുമാരൻ തമ്പി ടീമിന്റെ ഒട്ടേറെ പാട്ടുകളും പാടി. തിരുവോണപ്പുലരിയിൽ, എന്റെ കൈയിൽ പൂത്തിരി, തേടിത്തേടി ഞാനലഞ്ഞു, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഒരുപ്രേമലേഖനം എഴുതി മായ്ക്കും, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു തുടങ്ങിയ ഒട്ടേറെ പാട്ടുകൾ അവർ അവിസ്മരണീയമാക്കി.
ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണം കൃത്യമായിരിക്കുമെന്നതാണ് വാണി ജയറാമിന്റെ പ്രത്യേകത. ഹിന്ദിയിൽ മുഹമ്മദ് റഫി, കിഷോർകുമാർ, മുകേഷ്, മന്നാഡെ തുടങ്ങിയ അതുല്യ ഗായകർക്കൊപ്പവും വാണി നിരവധി മധുര ഗാനങ്ങൾ പാടി. ഗുജറാത്ത്, ഒഡിഷ, തമിഴ്നാട്, ആന്ധ്രപ്രദേശ്, സംസ്ഥാന സർക്കാറുകളുടെ മികച്ച പിന്നണി ഗായികക്കുള്ള അവാർഡുകളും ലഭിച്ചു.
ആർ.ഡി. ബർമൻ, ഒ.പി. നയ്യാർ, ലക്ഷ്മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്ജി തുടങ്ങിയ മുൻനിര സംഗീത സംവിധായകർ ഒരുക്കിയ ഈണങ്ങളിലും പാടി. തമിഴിൽ ‘സിംഗിൾ ടേക് സിംഗർ’ എന്ന പേരിലും വാണി ജയറാം അറിയപ്പെട്ടിരുന്നു. വാണി ജയറാമിന് ചിത്രകലാ അഭിരുചിയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.