'വിജയ്ക്ക് വേണ്ടി എന്റെ കയ്യില്‍ കഥയുണ്ട്'; ഇന്ത്യന്‍ മിസ്റ്ററി സ്പിന്നര്‍
text_fieldsകോളിവുഡ് സൂപ്പര്‍താരം വിജയ്ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ടെന്ന് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ വരുണ്‍ ചക്രവര്‍ത്തി. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന സ്പിന്നര്‍മാരില്‍ ഒരാളാണ് താരം.
തനിക്ക് സിനിമ സംവിധാനത്തില്‍ താത്പര്യമുണ്ടെന്നും കുറച്ചു സ്‌ക്രിപ്റ്റുകള്‍ എഴുതിയിട്ടുണ്ടെന്നും ചക്രവര്‍ത്തി പറയുന്നു. ഈ സ്‌ക്രിപ്റ്റുകളില്‍ ഒരെണ്ണമാണ് ദളപതി വിജയ്ക്ക് വേണ്ടി എഴുതിയതെന്നും താരം പങ്കുവെച്ചു. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്റെ യൂട്യൂബ് ചാനലിലെ ചര്‍ച്ചക്കിടയിലാണ് ചക്രവര്‍ത്തി തന്റെ സിനിമ മോഹത്തെ കുറിച്ച് സംസാരിച്ചത്.
' സാധാരണ ഒരു 25 വയസുകാരന് എന്താണ് ഇനി ചെയ്യേണ്ടത് എന്ന് ധാരണയുണ്ടാകും. എനിക്ക് ആ പ്രായത്തില്‍ നാലഞ്ച് സ്വപ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോഴുള്ള മൂന്നാല് ലൈഫ് ഗോളുകളുളില്‍ ഒരെണ്ണം സിനിമയാണ്. ഞാന്‍ എന്റെ ക്രിയേറ്റീവ് വശം മുന്നോട്ട് നീക്കുന്നുണ്ട്. എനിക്ക് കഥകള്‍ മെനയാന്‍, കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും സൃഷ്ടിക്കാന്‍ ഒരുപാട് ഇഷ്ടമാണ്,' വരുണ്‍ പറഞ്ഞു.
പൂര്‍ത്തിയായ മൂന്ന് സ്‌ക്രിപ്റ്റ് തന്റെ കയ്യില്‍ നിലവിലുണ്ടെന്നും ദളപതിക്ക് വേണ്ടി ഒരു കഥ തന്റെ കയ്യിലുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
'ഞാന്‍ നിലവില്‍ മൂന്ന് കഥകള്‍ എഴുതിയിട്ടുണ്ട്. ഡയലോഗും സ്‌ക്രീന്‍പ്ലേയുടക്കം എല്ലാം എഴുതി പൂര്‍ത്തിയായ സ്‌ക്രിപ്റ്റുകളാണിവ. വിജയ്ക്ക് വേണ്ടിയും ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട്. അദ്ദേഹം തിരിച്ചുവരുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഉറപ്പായും ആ സ്‌ക്രിപ്റ്റില്‍ ഒരവസരം നല്‍കും,' വരുണ്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം സിനിമ കരിയറില്‍ നിന്നും വിരമിക്കുന്നതായി വിജയ് അറിയിച്ചിരുന്നു. രാഷ്ട്രീയത്തിലേക്ക് കടക്കാനായാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 'തമിഴഗ വെട്രി കഴകം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയും വിജയ് രൂപീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.