ജയറാമിെൻറ തിരക്കഥയിൽ കാളിദാസെൻറ ജൈവകൃഷി; ഓണത്തിന് റിലീസ്
text_fieldsകൊച്ചി: ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ കാളിദാസന് ഒരുആഗ്രഹം- വീടിന് ചുറ്റുമുള്ള പൂന്തോട്ടത്തിൽ പൂക്കൾ കാണാൻ തുടങ്ങിയിട്ട് വർഷം 20 കഴിഞ്ഞു, ഇനി അവിടെ പച്ചക്കറിയായാലോ. അച്ഛൻ ജയറാമിനോട് ചോദിച്ചു.
സിനിമ കഴിഞ്ഞാൽ ആനപ്രേമവും മേളക്കമ്പവുംപോലെ ഹരമാണ് ജയറാമിന് കൃഷിയും. കണ്ണടച്ച് ഓകെ പറഞ്ഞു. അങ്ങനെ കഴിഞ്ഞ മേയിൽ കാളിദാസൻ മണ്ണിലിറങ്ങി 'ചിത്രീകരണം' തുടങ്ങി. വിഷം ചേർക്കാത്ത പച്ചക്കറികളാൽ താരസമ്പന്നമായ തോട്ടത്തിൽനിന്ന് വിളകളുടെ ആദ്യറിലീസ് ഓണത്തിന്.
ചെന്നൈ വത്സരവാക്കത്തെ 35 സെൻറ് പുരയിടത്തിലെ വീടിെൻറ മട്ടുപ്പാവിൽ കുറെ കാലം ജയറാം പച്ചക്കറി കൃഷി ചെയ്തിരുന്നു. പുറത്തുവന്നത് പടവലത്തിെൻറയും പാവലിെൻറയും വഴുതനങ്ങയുടെയുമെല്ലാം വമ്പൻ ഹിറ്റുകൾ. ആ പരിചയം വെച്ച് മകെൻറ കൃഷിയുടെ തിരക്കഥ ജയറാംതന്നെ ഏറ്റെടുത്തു.
മേൽത്തരം വിത്തുകൾ കേരളത്തിൽനിന്ന് സംഘടിപ്പിച്ചു. 'ആദ്യം മണ്ണ് കിളച്ച് ചാണകവും ചകിരിച്ചോറും ചാരവും കുമ്മായവും ചേർത്ത് പാകമാക്കി. വെണ്ട, മൂന്നിനം വഴുതന, പടവലം, പാവൽ, മത്തൻ, കുമ്പളം, ചീര, മുളക് എന്നിവയാണ് നട്ടത്. ചെന്നൈയിൽ ചൂട് കൂടുതലായതിനാൽ രണ്ട് നേരവും നന്നായി നനച്ചു. ചാണകവും എല്ലുപൊടിയും മാത്രമായിരുന്നു വളം. വളർച്ചക്കനുസരിച്ച് മണ്ണ് കൂട്ടി'-കൃഷിയുടെ സെറ്റിലെ വിശേഷങ്ങൾ കാളിദാസൻ 'മാധ്യമ'ത്തോട് പങ്കുവെച്ചു. കഴിഞ്ഞ നാലുമാസമായി ദിവസത്തിെൻറ ഭൂരിഭാഗവും ജയറാമും മകനും ഈ 'സെറ്റി'ലാണ്.
കൃഷിയുടെ ഒരുഘട്ടത്തിൽ കാളിദാസൻ ഏറെ നിരാശനായ കഥയും ജയറാം പറയുന്നു: ''ചെന്നൈയിൽ നാലുദിവസം തുടർച്ചയായി ശക്തിയായ മഴ പെയ്തു. കുെറ ചീരയും െവണ്ടയും പാവലുമെല്ലാം നിലംപതിച്ചു. ഇത് അവനെ ഏറെ വിഷമിപ്പിച്ചു.
ഞാൻ ധൈര്യം കൊടുത്തു. ഇത് ഓരോ കർഷകെൻറയും വേദനയാണെന്നും നിരന്തരം മണ്ണിനോട് പൊരുതിയാണ് അവർ മുന്നേറുന്നതെന്നും പറഞ്ഞു. അവന് വീണ്ടും ആവേശമായി''.
വീടിരിക്കുന്നതൊഴിച്ചുള്ള സ്ഥലത്ത് മണ്ണിലും ഗ്രോ ബാഗിലുമാണ് കൃഷി. എന്തായാലും ഇക്കുറി ഒരുപച്ചക്കറിയും പുറത്തുനിന്ന് വാങ്ങാതെ ഓണമുണ്ണണം. ജയറാമിെൻറയും കുടുംബത്തിെൻറയും തീരുമാനമാണത്. പ്രതീക്ഷിച്ചതിലും ഹിറ്റായ സ്ഥിതിക്ക് തുടർന്നും കൃഷിയിൽനിന്ന് വരുന്ന ഓഫറുകൾ സ്വീകരിക്കാൻ ഉറപ്പിച്ചിരിക്കുകയാണ് കാളിദാസൻ.
മണ്ണിൽനിന്ന് അകലുന്ന ന്യൂ ജനറേഷനോട് ഇത് ആദായം മാത്രമല്ല, ആനന്ദകരവുമാണെന്ന് വിളിച്ചുപറയുന്നു കാളിദാസനും അവെൻറ ജൈവ പച്ചക്കറിത്തോട്ടവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.