അവൾക്കൊപ്പം ഞാനും മരിച്ചു.... വൈകാരിക കുറിപ്പുമായി വിജയ് ആന്റണി
text_fieldsചെന്നൈ: ദിവസങ്ങൾക്ക് മുമ്പ് മരിച്ച മകളെക്കുറിച്ച് വൈകാരിക കുറിപ്പുമായി തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. അവൾക്കൊപ്പം ഞാനും മരിച്ചു, അവൾ ഇപ്പോൾ എന്നോട് സംസാരിക്കുന്നു -വിജയ് ആന്‍റണി എക്സിൽ (ട്വിറ്ററിൽ) പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്കാണ് അവൾ ഇപ്പോൾ പോയിരിക്കുന്നത്. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ഇനി അവളുടെ പേരിലാണ് ആരംഭിക്കുക -എന്നും വികാരഭരിതമായി അദ്ദേഹം കുറിച്ചിട്ടുണ്ട്.
വിജയ് ആന്‍റണിയുടെ കുറിപ്പ് പൂർണരൂപം:
പ്രിയപ്പെട്ടവരേ,
എന്‍റെ മകൾ മീര വളരെ സ്നേഹവതിയും ധൈര്യശാലിയുമാണ്.
ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്കാണ് അവൾ ഇപ്പോൾ പോയിരിക്കുന്നത്.
അവൾ എന്നോട് സംസാരിക്കുകയാണ്.
ഞാനും അവളോടൊപ്പം മരിച്ചു.
ഞാൻ ഇപ്പോൾ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ഇനി അവളുടെ പേരിലാണ് ആരംഭിക്കുക.
നിങ്ങളുടെ
വിജയ് അന്താനി
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ചെന്നൈ ടി.ടി.കെ റോഡിലെ വീട്ടിൽ മകൾ മീരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഫാത്തിമയാണ് വിജയ് ആന്‍റണിയുടെ ഭാര്യ. ലാര ആണ് മീരയുടെ സഹോദരി.
വിജയ് ആന്‍റണി ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന പഴയ വീഡിയോ മകളുടെ മരണ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജീവിതം എത്ര വേദനാജനകമാണെങ്കിലും, കടന്നുപോകേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്തായാലും, ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അത് നിങ്ങളുടെ കുട്ടികളെ തകർത്തുകളയും -എന്നാണ് വിജയ് വീഡിയോയിൽ പറയുന്നത്. തന്‍റെ ഏഴാം വയസിൽ പിതാവ് ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.