'അമ്മ'യിലേത് മാഫിയവൽക്കരണം; രൂക്ഷ വിമർശനവുമായി നടി രഞ്ജിനി
text_fieldsകോഴിക്കോട്: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽനിന്ന് ഷമ്മി തിലകനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് 'അമ്മ'ക്കെതിരെ രഞ്ജിനി രംഗത്തുവന്നത്. തിലകനേയും അദ്ദേഹത്തിന്റെ മകൻ ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടന്മാരെ പുറത്താക്കിയ നടപടി ദൗർഭാഗ്യകരമാണ്. ബലാൽസംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബു സംഘടനയിൽ തുടരുകയുകയാണെന്നും ഇത് മാഫിയവൽക്കരണമാണെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.
എം.എൽ.എമാരായ ഗണേഷ് കുമാർ, മുകേഷ് എന്നിവർക്കെതിരെയും നടി രൂക്ഷ വിമർശനമുന്നയിച്ചിട്ടുണ്ട്. സംഘടനയിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ മണ്ഡലത്തിലെ സാധാരണക്കാർക്കുവേണ്ടി എന്താണു ചെയ്യുക എന്നും രഞ്ജിനി ചോദിച്ചു.
കഴിഞ്ഞ ദിവസം നടന്ന 'അമ്മ' ജനറൽബോഡി യോഗത്തിൽ വിജയ്ബാബു പങ്കെടുത്തിരുന്നു. ബലാൽസംഗ കുറ്റാരോപിതനായ വിജയ്ബാബുവിനെ സംഘടനയിൽനിന്നും എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിന് 'മറ്റ് ക്ലബുകളൊന്നും വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലോ? 'അമ്മ'യും അതുപോലൊരു ക്ലബാണ്' എന്ന ഇടവേള ബാബുവിന്‍റെ പ്രതികരണം വിവാദമായിരുന്നു. അതേസമയം ജനറൽ ബോഡി യോഗം ചിത്രീകരിച്ചതിന് 'അമ്മ'യുടെ അച്ചടക്ക സമിതി ഷമ്മി തിലകന് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ 'അമ്മ' ഭാരവാഹികൾക്കെതിരെ ഷമ്മി തിലകൻ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.