'ആക്ടേഴ്സ്! കൊമേഡിയൻമാരെന്നോ മിമിക്രിക്കാരെന്നോ അവരെ വിളിക്കാൻ പാടില്ല'; ഇഷ്ട നടന്മാരെ കുറിച്ച് വിനായകൻ
text_fieldsമലയാള സിനിമയിലെ തന്‍റെ ഇഷ്ട നടൻമാരെ ചൂണ്ടിക്കാട്ടി നടൻ വിനായകൻ. 'തെക്ക് വടക്ക്' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനു വേണ്ടിയുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട 'കൊമേഡിയൻസ്' ആരാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ‘കൊമേഡിയൻ’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് വിനായകൻ പറഞ്ഞു. മാമുക്കോയ, ശങ്കരാടി, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി വേണു എന്നിവരാണ് തന്‍റെ ഇഷ്ട നടന്മാരെന്നും അവരെ കൊമേഡിയൻസ് എന്ന് വിളിക്കരുതെന്നും ആക്ടേഴ്സ് എന്ന് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
' ഇഷ്ടപ്പെട്ട കൊമേഡിയൻസ് എന്ന ചോദ്യം കൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത് എന്താണ്? ഇഷ്ടപ്പെട്ട ആക്ടേഴ്സ് അല്ലേ. എനിക്ക് മാമൂക്കോയ സാറിനെ ഭയങ്കര ഇഷ്ടമാണ്, പിന്നെ ശങ്കരാടി സാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ... അല്ല ചേട്ടൻ.. ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, തിലകൻ സാർ, പിന്നെ ആലപ്പുഴയിലുള്ള നമ്മുടെ നെടുമുടി വേണു ചേട്ടൻ.
ഇവരൊയൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇവരെയൊന്നും കൊമേഡിയൻസ് എന്നല്ല ആക്ടേഴ്സ് എന്ന് വിളിക്കണം. കൊമേഡിയൻ, മിമിക്രിക്കാരൻ എന്നൊന്നും ഇവരെ വിളിക്കരുത്. അങ്ങനെ ഉപയോഗിക്കാനേ പാടില്ല. ആക്ടേഴ്സ് അല്ലെങ്കിൽ അഭിനയിക്കുന്ന ആളുകൾ എന്നാണ് പറയേണ്ടത്,' വിനായകൻ പറഞ്ഞു.
എസ്. ഹരീഷിന്റെ തിരക്കഥയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് വടക്ക്. വിനായകനൊപ്പം സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒക്ടോബർ നാലിന് തിയറ്ററിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.