Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമമ്മൂട്ടി നൽകിയ...

മമ്മൂട്ടി നൽകിയ ഉപദേശവും 'ഡിയർ ഫ്രണ്ടും' - സിനിമ വിശേഷവുമായി വിനീത് കുമാർ

text_fields
bookmark_border
Vineeth  Kumar  Latest Interview  About His New Movie Dear Friend
cancel

ടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് വിനീത് കുമാർ. അഭിനേതാവായി കരി‍യർ ആരംഭിച്ച താരം പിന്നീട് സംവിധായകന്റെ റോളിലും തിളങ്ങുകയായിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് സംവിധാന ജീവിതം ആരംഭിക്കുന്നത്. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ്. ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ഡിയർ ഫ്രണ്ട് ആണ് വിനീതിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

ഒ. ടി. ടിയിൽ സ്വീകാര്യത കിട്ടിയ 'ഡിയർ ഫ്രണ്ട്'

തിയറ്ററിൽ റിലീസ് ചെയ്യണം എന്ന പ്ലാനോട് കൂടിയാണ് ഈ സിനിമ തുടങ്ങി വെച്ചത്. എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയായിരിക്കില്ല ഇത് എന്ന പൂർണ്ണ ബോധ്യം തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നു. ചില പ്രേക്ഷകർക്ക് ഇത് ഇഷ്ടപ്പെടുമെന്നും അറിയാമായിരുന്നു. പക്ഷേ കോവിഡിന് ശേഷം ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ തിയറ്ററിൽ വരുന്നത് വളരെ കുറഞ്ഞു. ആസ്വാദകർ സിനിമ കാണാൻ ശ്രമിക്കുന്ന പ്ലാറ്റ്ഫോമിൽ വന്ന മാറ്റങ്ങൾ വലുതായിരുന്നു. ഒ.ടി.ടി സജീവമായതോടെ ആളുകൾ സിനിമകൾ കാണാനായി തിയറ്ററിലേക്ക് വരുന്നതും കുറഞ്ഞു. പക്ഷേ സിനിമ എന്ന കാര്യത്തിൽ തിയറ്റർ തന്നെയാണ് ഞാൻ എപ്പോഴും ഡിമാൻഡ് ചെയ്യുക. നമ്മൾ ഉപയോഗിച്ച വിഷ്വൽ ക്വാളിറ്റി, സൗണ്ടിൽ ഉപയോഗിച്ച സൂക്ഷ്മമായിട്ടുള്ള കാര്യങ്ങൾ തുടങ്ങിയ എല്ലാം തന്നെ കൃത്യമായി പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കണമെങ്കിൽ തിയറ്ററിൽ നിന്നു തന്നെ കാണണം. എങ്കിലും ഡിയർ ഫ്രണ്ടിനെ സംബന്ധിച്ചിടത്തോളം ഒ.ടി.ടി എന്ന ഒരു പ്ലാറ്റ്ഫോം ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഉദ്ദേശിച്ച പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തില്ലായിരുന്നു. എത്തിയാൽ കൂടിയും അത് ഒരുപാട് വൈകി ആയിരിക്കും സംഭവിക്കുക. ഇപ്പോൾ എനിക്ക് വരുന്ന കോളുകളിൽ പലതും ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ളതാണ്. ഞാൻ ഉദ്ദേശിക്കുന്ന തരത്തിലുള്ള പ്രേക്ഷക പ്രതികരണം സത്യത്തിൽ കിട്ടിത്തുടങ്ങിയത് സിനിമ ഒ.ടി.ടിയിൽ വന്നതിൽ പിന്നെയാണ്.

ഡിയർ ഫ്രണ്ടിന് പറയാനുള്ളത്

ഡിയർ ഫ്രണ്ട് ടൊവിനോ അഭിനയിച്ച കഥാപാത്രമായ വിനോദിന്റെ കഥയല്ല സത്യത്തിൽ. ഞാൻ പറഞ്ഞത് അവന്റെ സുഹൃത്തുക്കളുടെ കഥയാണ്. സൗഹൃദം നഷ്ടപ്പെടുന്ന സുഹൃത്തുക്കളുടെ ഇമോഷനും ആ സുഹൃത്തുക്കളെയും കുറിച്ചാണ് പറയാൻ ശ്രമിച്ചത്. ഈ സിനിമ ട്രീറ്റ് ചെയ്ത രീതിയിൽ അത് കാണാൻ അല്ലെങ്കിൽ അറിയാൻ നമുക്ക് സാധിക്കും. സിനിമ കാണുന്ന പ്രേക്ഷകരെ പോലും ആ സുഹൃത്തുക്കളിൽ ഒരാൾ എന്ന രീതിയിലാണ് പ്ലേസ് ചെയ്തിരിക്കുന്നത്. ആ സുഹൃത്തുക്കൾക്ക് കിട്ടുന്ന അതേ ഇമോഷൻ തന്നെ പ്രേക്ഷകർക്കും കിട്ടണം എന്ന നിർബന്ധവും ഉണ്ടായിരുന്നു. സിനിമ അവസാനിക്കുമ്പോഴുള്ള രണ്ട് ഷോട്ടുകളിൽ ഒന്ന് ടൊവിനോയുടെ ബാക്ക് ഷോട്ട് ആണ്. അവിടെ വിനോദിന്റെ ഇമോഷൻ എന്താണെന്ന് പോലും ഞാൻ കാണിക്കാൻ ആഗ്രഹിക്കുന്നില്ല. അതു കഴിഞ്ഞുള്ള ഒരു വൈഡ് ഷോട്ടിലാണ് ആണ് സിനിമ കഴിയുന്നത്. വിനോദ് എന്ന കഥാപാത്രത്തിന് ഒരു നിഗൂഢത ബാക്കി നിർത്തി കൊണ്ട് സിനിമ അവസാനിപ്പിക്കാനുള്ള ഒരു ബോധപൂർവമായ ശ്രമം തന്നെയാണ് അവിടെ നടന്നത്. ആ സുഹൃത്തുക്കളുടെ കൂട്ടത്തിൽ പ്രേക്ഷകരെ നിർത്തിയത് കൊണ്ട് തന്നെ ഇപ്പോൾ എനിക്ക് ഏറ്റവും കൂടുതൽ വരുന്ന മെസ്സേജ് haunting എന്നാണ്. ഞാൻ ഈ സിനിമ കണ്ടിട്ടു ഒരാഴ്ചയായിട്ടും ഈ സിനിമ എന്നെ വിട്ടു പോകുന്നില്ല എന്നു പറഞ്ഞ് ഒരു മെസ്സേജ് എനിക്ക് വന്നിരുന്നു. വേണമായിരുന്നുവെങ്കിൽ വിനോദ് എന്ന കഥാപാത്രം എന്തിനത് ചെയ്തു, അതിന്റെ കാരണങ്ങൾ തുടങ്ങി പല രീതിയിലൂടെ കഥക്ക് ഒരു പൂർണ്ണത കൊടുക്കാമായിരുന്നു. പക്ഷെ അത് നമ്മൾ പറയാൻ ഉദേശിച്ച കാര്യത്തിൽ നിന്ന് മാറി പോകുമെന്ന് അറിയാവുന്നതുകൊണ്ടാണ് അത്തരം ശ്രമങ്ങൾ വേണ്ടെന്ന് വച്ചത്.


'അയാൾ ഞാനല്ല' കഴിഞ്ഞുള്ള ഏഴ് വർഷത്തെ ഇടവേള

'അയാൾ ഞാനല്ല' ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. അതുകഴിഞ്ഞ ശേഷമാണ് ഡിയർ ഫ്രണ്ട് ചെയ്യുന്നത്. അതിനിടയിൽ ഞാനും ഫഹദ് ഫാസിലും ചേർന്ന് വീണ്ടുമൊരു സിനിമ കൂടി ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നു. അതിന്റെ തിരക്കഥ ചെയ്യാൻ കുറച്ച് സമയം എടുത്തു. എന്നാൽ ആ സിനിമ അപ്പോൾ ചെയ്യേണ്ടതല്ല എന്ന രീതിയിൽ ആ സമയത്ത് മാറ്റിവെച്ചു. വരും ദിവസങ്ങളിലായി ആ സിനിമയുടെ കാര്യങ്ങൾ ഒക്കെ സംഭവിക്കും. ഡിയർ ഫ്രണ്ട് സിനിമ ഏതാണ്ട് രണ്ടു വർഷം മുൻപായി തുടങ്ങിയ ചർച്ചകളും മറ്റുമാണ്. ഒരു സ്വാഭാവികമായ താമസമാണ് അതിലൊക്കെ സംഭവിച്ചിരിക്കുന്നത്.

ബേസിൽ എന്ന സംവിധായകനും അർജ്ജുൻ എന്ന നടനും

ബേസിൽ ഡിയർ ഫ്രണ്ട് എന്ന സിനിമയിൽ നടനായാണ് വന്നിരിക്കുന്നത്. അത്പോലെ അർജുൻ ഈ സിനിമയിൽ നടൻ മാത്രമല്ല, സ്ക്രിപ്റ്റിൽ കൂടിയുണ്ട്. അവർ മാത്രമല്ല സമീർ താഹിർ, ഷൈജു ഖാലിദ് തുടങ്ങി ഒരു സൗണ്ട് ടെക്നീഷ്യൻസ് ടീം തന്ന പല മേഖലകളിലായി ഡിയർ ഫ്രണ്ട് എന്ന സിനിമയിൽ കൂടെയുണ്ടായിരുന്നു. ഞാൻ ഉദ്ദേശിച്ച പോലുള്ള ഒരു സിനിമയായി ഇത് എനിക്ക് കിട്ടാനുള്ള ഒരു കാരണം തന്നെ അതിനകത്തു സമീർ താഹിറും ഷൈജു ഖാലിദും കൂടെയുള്ളത് കൊണ്ടാണ്. വേണമായിരുന്നു എങ്കിൽ ഒരുപാട് പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റുന്ന രീതിയിലും ഈ സിനിമയെ നമുക്ക് ട്രീറ്റ് ചെയ്യാൻ പറ്റുമായിരുന്നു. പക്ഷെ ഉദ്ദേശിച്ച അതേ രീതിയിൽ ക്ലൈമാക്സ്‌ നിൽക്കുന്ന ഒരു സിനിമയാകാൻ പ്രൊഡ്യൂസർ സൈഡിൽ നിന്ന് കൂടി സപ്പോർട്ട് കിട്ടി. അതുപോലെ ബേസിലിനെ കാസ്റ്റ് ചെയ്യുന്നത് ആ കഥാപാത്രത്തിന് അയാൾ യോജിക്കും എന്നുള്ള ഉറപ്പ് കൊണ്ടാണ്. ബേസിൽ എന്ന സംവിധായകനെയല്ല നമ്മളവിടെ നോക്കുന്നത്. ചില സീനുകളിലെ അഭിനയത്തിൽ ബേസിൽ എന്നെ സർപ്രൈസ് ചെയ്യിപ്പിച്ചിട്ടുണ്ട്. ഈ കഥയുടെ ഒരു ഐഡിയ ആദ്യമായി എന്നോട് വന്നു പറയുന്നത് അർജുൻ ആണ്. ആ ഐഡിയ കേട്ടപ്പോൾ അതിനകത്തു എനിക്ക് താൽപര്യമുള്ള ഒരു സിനിമ കാണാൻ പറ്റുന്നത് കൊണ്ടാണ് പിന്നീട് ബാക്കിയാളുകളിലേക്ക് ഈ കഥയുമായി ചെല്ലുന്നത്. തന്മാത്ര സിനിമക്ക് ശേഷം അർജ്ജുനെ ഒരു പ്രോമിനെന്റ് റോളിൽ കണ്ടിട്ടുമില്ല. മാത്രമല്ല ഈ കഥയിൽ പറയുന്ന ഒരു ലൈഫിനെ കൂടുതൽ അറിയുന്ന ആളാണ് അർജുൻ. അതുകൊണ്ടുതന്നെ അയാളുടെ സപ്പോർട്ട് എനിക്ക് കൂടുതൽ സഹായം ആയിരുന്നു.


34 വർഷമായി സിനിമയിൽ

ആദ്യ സിനിമ പഠിപ്പുര 1988ലാണ് റിലീസ് ആവുന്നത്. അതിൽ ഞാൻ ബാലതാരമായിരുന്നു. കണ്ണൂർ ജില്ലയിൽ വെങ്ങര എന്ന് പറയുന്ന നാട്ടിൻപുറത്ത് ജനിച്ചു വളർന്ന ഒരാളാണ് ഞാൻ. ആ ഗ്രാമത്തിൽ സിനിമ എന്നൊക്കെ പറയുന്നത് വളരെ അപൂർവമായി മാത്രമേ അന്നൊക്കെ പോയി കാണാൻ സാധിക്കുകയുള്ളൂ. കിലോമീറ്ററുകൾ അപ്പുറമാണ് തിയറ്ററുകൾ ഉണ്ടായിരുന്നത്. അന്നൊന്നും ഒരു സിനിമയുടെ ഭാഗമാകുമെന്ന് ചിന്തിക്കാൻ പോലും പറ്റാത്ത സമയമായിരുന്നു. ആ കാലത്ത് യുവജനോത്സവത്തിലും ഡാൻസിലും എല്ലാം നല്ല ശ്രദ്ധ കിട്ടിയത് കൊണ്ട് ചില ഓഫറുകൾ ഒക്കെ വന്നു. അങ്ങനെയാണ് പഠിപ്പുര എന്ന സിനിമയിൽ എത്തുന്നത്. പിന്നെ എന്റെ അച്ഛനൊരു ഫോട്ടോഗ്രാഫർ ആയതുകൊണ്ട് വീട്ടിൽ കാമറയൊക്കെ ഉണ്ടായിരുന്നു. പിന്നെ സിനിമകൾ കാണിക്കാൻ അച്ഛനു നല്ല താല്പര്യം ഉണ്ടായിരുന്നു. എന്റെ ആ പ്രായത്തിൽ കാണാൻ സാധിക്കാത്തത്രയും സിനിമകൾ അച്ഛൻ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. നടൻ എന്നതിനേക്കാൾ എന്റെ പാഷൻ ഫിലിം മെയ്ക്കിങ്ങിൽ ആയിരുന്നു. വീട്ടിൽ ക്യാമറ ഉണ്ടായിരുന്നപ്പോൾ ഞാൻ അതുവച്ച് ഷൂട്ട് ചെയ്യുമായിരുന്നു. എനിക്ക് ആ പാഷൻ ഉണ്ടാക്കി തന്നത് അച്ഛനായിരുന്നു. 34 വർഷങ്ങൾ കൊണ്ട് സിനിമ ഒരുപാട് മാറിയിട്ടുണ്ട്. പിന്നെ ഏത് തരത്തിലുള്ള കഥകൾ പറയാനും അത് ഉദ്ദേശിക്കുന്ന തരത്തിലുള്ള ആളുകളിലേക്ക് എത്തിക്കുവാനും ഉതകുന്ന തരത്തിലുള്ള ഒ.ടി.ടി പോലുള്ള പ്ലാറ്റ്ഫോമുകൾ ഇപ്പോൾ വന്നു എന്നുള്ളത് വളരെ സന്തോഷമുള്ള കാര്യമാണ്.

മമ്മുക്ക സ്വാധീനിച്ച വഴികൾ

വടക്കൻ വീരഗാഥ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കുട്ടിക്കാലം ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയെന്നുള്ളത് ഇന്ന് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. മമ്മൂക്കയുടെ വോയിസ് ഓവറിലാണ് ഞാൻ ചെയ്യുന്ന ആ കഥാപാത്രം മൊത്തത്തിൽ ആ സിനിമയിൽ കാണിക്കുന്നത്. എനിക്ക് ഒരൊറ്റ ഡയലോഗ് പോലുമില്ല ആ സിനിമയിൽ. അതൊക്കെ ഞാൻ വളരെ അഭിമാനത്തോടെ ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്നു. മാത്രമല്ല എംടി സാറിന്റെ ഡയലോഗുകൾ അത്രമാത്രം പവർഫുൾ ആയിരുന്നു. അതോടൊപ്പം ഒരു ക്ലാസിക് മൂവി എന്ന നിലയ്ക്ക്ആ സിനിമ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. പിന്നെ കണ്ണൂർ ജീവിച്ചിരുന്ന ഞാൻ ഇപ്പോൾ എറണാകുളത്തേക്ക് സെറ്റിൽ ആവാനുള്ള കാരണം മമ്മുക്കയാണ്. മമ്മൂക്ക കണ്ണൂർ ഒരു ഷൂട്ടിന് വന്നപ്പോൾ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. അന്ന് അദ്ദേഹമാണ് പറയുന്നത് നീ ഇവിടെ നിന്നാൽ ഇവിടെത്തന്നെ നിൽക്കുകയുള്ളൂ. പകരം നീ എറണാകുളത്തേക്ക് താമസം മാറു എന്ന്. അതുപോലെ അയാൾ ഞാനല്ല എന്ന സിനിമ ഷൂട്ട് തുടങ്ങാൻ പോകുന്നതിനു മുൻപ് ഞാൻ മമ്മൂക്കയെ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ ഒരു അനുഗ്രഹം ഉണ്ടാവുക എന്നത് എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു നടൻ എന്ന രീതിയിലും വ്യക്തി എന്ന രീതിയിലും അദ്ദേഹം എനിക്ക് പ്രചോദനമാണ്. പൊതുവെ സിനിമയെ ഒരു പാഷനായി കാണുന്ന ആളുകളോട് എനിക്ക് കുറച്ചു കൂടുതൽ ഇഷ്ടമുണ്ട്. കഴിഞ്ഞദിവസവും ഞാൻ മമ്മൂക്കക്ക് മെസ്സേജ് അയച്ചിരുന്നു നെറ്റ്ഫ്ലിക്സിൽ സിനിമ ഇറങ്ങിയിട്ടുണ്ട് കാണണം എന്നൊക്കെ പറഞ്ഞിട്ട്.

കാലം തെറ്റി വന്ന ദേവദൂതൻ

എന്റെ ഓരോ പ്രായത്തിലും ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. ചെറുപ്പത്തിൽ അഭിനയിച്ചതിനുശേഷം ഒരു ഗ്യാപ് വന്നതിനുശേഷം ഞാൻ ചെയ്ത സിനിമയാണ് ദേവദൂതൻ. സിബി സാറിന്റെ കൂടെയാണ് ഞാൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. എറണാകുളത്ത് ദേവദൂതൻ സിനിമയുടെ ഒരു മേക്കപ്പ് ടെസ്റ്റ് ഉണ്ടായിരുന്നു. അതിനുവേണ്ടി വന്നപ്പോഴും എനിക്കറിയില്ലായിരുന്നു ഞാൻ ചെയ്യാൻ പോകുന്ന കഥാപാത്രത്തെ കുറിച്ച്. ലൊക്കേഷനിലെത്തി ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് എനിക്ക് ആ കഥാപാത്രത്തിന്റെയും സിനിമയുടെയും ഡെപ്ത് മനസ്സിലാകുന്നത്. എന്നാൽ അത് കാലം തെറ്റി ഇറങ്ങിയ ഒരു സിനിമയായിരുന്നു. ഇപ്പോഴാണ് ആ സിനിമ ആഘോഷിക്കപ്പെടുന്നത്. പ്രത്യേകിച്ചും കോവിഡിന്റെ സമയത്ത് വീട്ടിൽ എല്ലാവരും ഇരുന്ന് പഴയ സിനിമകൾ ഒക്കെ കാണുമ്പോൾ ആണ് ആ സിനിമക്ക് റീച്ച് കൂടിയത്.

ആ സിനിമക്ക് അകത്ത് ഡ്യൂപ്പ് ഷോട്ട്സ് വളരെ കുറച്ചൊള്ളൂ. പട്ടികളുമായിട്ടുള്ള കുറച്ചു സീൻസ് ഉണ്ടായിരുന്നു. അത് ഞാൻ തന്നെ ചെയ്തതാണ്. എനിക്കാണെങ്കിൽ പട്ടികളെ വളരെ പേടിയാണ്. പക്ഷേ സിനിമയ്ക്ക് വേണ്ടി എന്ന് പറയുമ്പോൾ നമ്മുടെ ഉള്ളിൽ നിന്ന് വരുന്ന ഒരു എനർജി ഉണ്ട്. അങ്ങനെയാണ് ആ സീൻ ചെയ്യാം എന്ന ധൈര്യം വരുന്നത്. അത്തരത്തിൽ പട്ടികളുമായിട്ടുള്ള ഫൈറ്റ് സീക്വൻസ് ചെയ്തു. ആ സീനിന്റെ അവസാനത്തിൽ ഒരു കുഴിയിലേക്ക് വീഴുന്നുണ്ട്. കുഴിയുടെ അറ്റത്ത് വന്നു നിൽക്കേണ്ട പട്ടികളിൽ ഒന്ന് ഷൂട്ട് നടക്കുമ്പോൾ അപ്രതീക്ഷിതമായി കുഴിയിലേക്ക് വന്നു വീണു. അതാണെങ്കിൽ ഒരാൾക്ക് മാത്രം കിടക്കാൻ സ്ഥലമുള്ള ഒരു കുഴിയാണ്. ആ വീണ പട്ടി അതിനകത്ത് കിടന്ന് ബഹളം വച്ചതോടെ അതിന്റെ നഖം കൊണ്ട് എന്റെ ശരീരത്തിലൊക്കെ പാടുകൾ വന്നു. അതുകഴിഞ്ഞ് ആ ഷോട്ട് അവസാനിപ്പിച്ച് പിറ്റേന്ന് നടൻ മുരളി ചേട്ടൻ എന്നോട് വളരെ ദേഷ്യത്തിൽ ചോദിച്ചു നീയാരാ ജയനോ? എന്ന്. ആ പട്ടിയുടെ ഒരു കടി നിന്റെ മുഖത്ത് കിട്ടിയിരുന്നുവെങ്കിൽ നീ എന്ത് ചെയ്യും? ഒരു നടന്റെ ഏറ്റവും വലിയ ടൂൾ അവന്റെ മുഖമാണ്. അതുപോയാൽ നീ എന്നൊക്ക ചോദിച്ചു .അത്തരത്തിൽ സ്നേഹത്തിന്റെ പുറത്ത് ഒരുപാട് ശാസിച്ചിട്ടുണ്ട് മുരളി ചേട്ടൻ അന്ന്.

ഓർമ്മകൾ തരുന്ന വടക്കൻ വീരഗാഥ

ആ സിനിമ സത്യത്തിൽ ഒരു ആഘോഷം തന്നെയായിരുന്നു. അത്രയധികം കുട്ടികൾ, ഷൂട്ട് ലൊക്കേഷൻ, ആനകൾ തുടങ്ങി വളരെ കാതുകം ഉണ്ടാക്കുന്ന അന്തരീക്ഷമായിരുന്നു ആ സിനിമയ്ക്ക് ഉണ്ടായിരുന്നത്. ആ സിനിമയിൽ ഞാൻ കളരി ചെയ്യുന്ന ഒരു സീൻ ഉണ്ട്. ആ സിനിന്റെ ആദ്യം കുഞ്ഞിരാമൻ എന്ന് പറഞ്ഞ കഥാപാത്രത്തിന്റെ കുട്ടിക്കാലം ചെയ്ത കുട്ടിയോടൊപ്പം ആണ് ഞാൻ കളരി ചെയ്യുന്നത്. അതുകഴിഞ്ഞ് ബാലൻ കെ നായർ സർ എന്നോട് കളരി ചെയുന്നുണ്ട് . അദ്ദേഹത്തിന് ആണെങ്കിൽ ഉരുക്കുപോലുള്ള ശരീരമാണ്. നമുക്കാണെങ്കിൽ ആ പ്രായത്തിൽ അദ്ദേഹത്തെ തടുക്കാൻ പറ്റില്ല. ആ സമയത്ത് എനിക്ക് തന്നെ പേടിയായിരുന്നു അറിയാതെയെങ്കിലും അടി കിട്ടി പോകുമോ എന്ന്. അങ്ങനെ കുറെ രസകരമായ അനുഭവങ്ങൾ ആ സിനിമയിലുണ്ട്. ആ കാലത്ത് ആ സിനിമയിലെ സന്തോഷങ്ങൾ വളരെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആയിരുന്നു. ആനപുറത്ത് കയറാൻ സാധിച്ചത് പോലെയുളള വളരെ ചെറിയ സന്തോഷങ്ങൾ. പക്ഷെ ഇന്ന് നേരെ തിരിച്ചാണ്. ആ ക്ലാസിക് സിനിമയുടെ ഭാഗമാകാൻ സാധിച്ചു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ സന്തോഷം. അതോടൊപ്പം ആ സിനിമയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു.


സംവിധായാകനാകണമെന്ന ആഗ്രഹം വന്നത്

അച്ഛൻ ഒരു ഫോട്ടോഗ്രാഫർ ആയിരുന്നതുകൊണ്ട് സിനിമയെക്കുറിച്ച് എനിക്ക് എന്തെങ്കിലും ടെക്നിക്കൽ വശങ്ങളിൽ സംശയം വന്നാൽ ആ കാലത്തു ഞാൻ അച്ഛനോട് സംശയം ചോദിക്കുമായിരുന്നു. അച്ഛൻ അറിയാവുന്ന രീതിയിൽ എനിക്ക് അത് പറഞ്ഞു തരും. സിനിമ അവിചാരിതമായി എത്തിയെങ്കിലും സിനിമ മേക്കർ എന്ന നിലയിൽ ഒരു താൽപര്യം എനിക്ക് ആ കാലങ്ങളിലും ഉണ്ടായിരുന്നു എന്നതാണ് സത്യം. ബോധപൂർവ്വം എന്റെ ഭാഗത്തുനിന്ന് അതിനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. കാരണം ക്യാമറയുടെ പുറകിൽ നിൽക്കുവാനും അതിന്റെ ടെക്നോളജിയെ കുറിച്ച് കുറച്ചു കൂടുതൽ അറിയുവാനും ഉള്ള താല്പര്യം കൊണ്ടാണ് ഞാൻ പരസ്യങ്ങൾ ചെയ്തു തുടങ്ങിയത്. ശേഷം ഒരു സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം വന്നതിൽ പിന്നെയാണ് അയാൾ ഞാനല്ല ചെയുന്നത്. നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കഥകൾ ആളുകളിലേക്ക് എത്തിക്കാൻ ഒരു നടൻ എന്ന നിലക്ക് പരിമിതികളുണ്ട്. പിന്നെ ഒരു നടൻ സംവിധായകനാവുക എന്ന രീതിയിൽ ഞാൻ ആർട്ടിസ്റ്റുകൾക്ക് കഥാപാത്രത്തെയാണ് ഫീഡ് ചെയ്യാൻ ശ്രമിക്കുന്നത്. ഒരിക്കലും അഭിനയം അവരിലേക്ക് ഫീഡ് ചെയ്യാറില്ല. അഭിനയം ഫീഡ് ചെയ്യാൻ ശ്രമിച്ചാൽ എന്റെ പെർഫോമൻസ് തന്നെയായിരിക്കും അതിൽ പ്രതിഫലിക്കുക. അതിനോട് എനിക്ക് താല്പര്യമില്ല. ടോവിനോ ഡിയർ ഫ്രണ്ട് എന്ന സിനിമയിൽ ചെയ്തത് പോലുള്ള അത്രയും കോംപ്ലക്സ് ആയ കഥാപാത്രം മുൻപ് അയാൾ എവിടെയും ചെയ്തതു ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ സീനിലും ഓരോ ഡയലോഗിലും ആ കഥാപാത്രം എന്താണ് ചിന്തിക്കുന്നത് എന്നുള്ള കാര്യങ്ങളാണ് ഞാൻ പറഞ്ഞുകൊടുത്തത്.

ഡാൻസർ വിനീത് കുമാർ

ഡാൻസ് ഞാൻ ഒരുപാട് കാലം പഠിച്ചതാണ്. എനിക്കിഷ്ടവുമാണ്. പക്ഷേ ഈ സമയങ്ങളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സിനിമയായത് കൊണ്ട് ഭാവിലൊരു ഡാൻസ് പ്രൊഡക്ഷൻ തുടങ്ങാനുള്ള സീരിയസ് ആയുള്ള ഒരു ആലോചന നടക്കുന്നുണ്ട്. അത് അടുത്തൊന്നുമില്ല എങ്കിൽ കൂടിയും കുറച്ചുകഴിഞ്ഞാൽ സംഭവിക്കും. അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vineeth kumarDear Friend
News Summary - Vineeth Kumar Latest Interview About His New Movie Dear Friend
Next Story