അന്ന് ചില കളികൾ നടന്നു, ഞാൻ മാത്രമായിരുന്നു അമിതാഭിന് ഒത്ത എതിരാളി -വിനോദ് ഖന്ന വിശ്വസിച്ചതിങ്ങനെ...
text_fieldsമുംബൈ: 1960-കളുടെ അവസാനത്തിലാണ് വിനോദ് ഖന്നയും അമിതാഭ് ബച്ചനും സിനിമയിൽ തങ്ങളുടെ യാത്ര ആരംഭിച്ചത്. ഈ കാലഘട്ടം ഹിന്ദി സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ രാജേഷ് ഖന്നയുടേതായിരുന്നു, അദ്ദേഹത്തിനൊപ്പം മത്സരിക്കാൻ ആരുമില്ല എന്ന് എല്ലാവരും വിശ്വസിച്ച കാലം. പക്ഷേ, പതിയെ വിനോദും അമിതാഭും എതിരാളികളായി ഉയർന്നുവരാൻ തുടങ്ങി. ഏറെ പരാജയങ്ങൾക്കുശേഷം വിനോദ് ഖന്നയുടെ 1971ലെ മേരേ അപ്നേ വൻ ഹിറ്റായി. സഞ്ജീറിലൂടെ (1973) അമിതാഭും വൻ തിരിച്ചുവരവ് നടത്തി.
1975-ൽ ബി.ആർ ചോപ്രയുടെ സമീർ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതോടെ അമിതാഭ് ബച്ചന് ഒത്ത എതിരാളിയായ വിനോദ് ഖന്നയെ പലരും വിലയിരുത്തി തുടങ്ങി. 1976ൽ പ്രകാശ് മെഹ്‌റയുടെ ഹേരാ ഫേരി എന്ന ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിച്ചു. അമിതാഭ് ബച്ചന് തുല്യമായ സ്ക്രീൻ സ്പേസ് തനിക്കും വേണമെന്നും അദ്ദേഹത്തേക്കാൾ ഒരു ലക്ഷം കൂടുതൽ പ്രതിഫലം വേണമെന്നും വിനോദ് ഖന്ന ആവശ്യപ്പെട്ടതായി അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. പിന്നീട് പർവരീഷിലും അമർ അക്ബർ അന്തോണിയിലും ഹിറ്റ് ജോഡി ഒന്നിച്ച് അഭിനയിച്ചു. 1978-ൽ മുഖദ്ദർ കാ സിക്കന്ദറിളും ഇരുവരും ഒന്നിച്ചു.
ഇതിനിടയിലാണ് വിനോദ് അഭിനയം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ഓഷോയുടെ ആശ്രമത്തിൽ ചേരാൻ തീരുമാനിച്ചതിനാൽ നിലവിലുള്ള സിനിമാ പ്രോജക്ടുകൾ പൂർത്തിയാക്കാനുള്ള തയാറെടുപ്പിലായിരുന്നു. വിനോദ് ഖന്ന പുതിയ പ്രോജക്ടുകൾ സ്വീകരിക്കാതായതോടെ അമിതാഭ് മാത്രമായി സൂപ്പർ സ്റ്റാർ.
ഇപ്പോൾ തങ്ങളുടെ അഭിനയ മത്സരത്തെക്കുറിച്ചും ഇതേക്കുറിച്ച് വന്ന അന്നത്തെ വാർത്തകളെക്കുറിച്ചും വിനോദ് ഖന്ന നടത്തിയ പ്രതികരണം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. അമിതാഭിനും തനിക്കുമിടയിൽ മത്സരമുണ്ടെന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. തങ്ങൾ നല്ല സുഹൃത്തുക്കളാണ്. മറ്റു വാർത്തകളുണ്ടാക്കിയത് ഫാൻസ് ക്ലബ്ബുകളാണ്. പക്ഷേ, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ചില കളികൾ നടന്നായി തോന്നുന്നുണ്ട്. ഏറ്റവും ടോപ്പിലെത്തണമെന്ന മോഹമുള്ള ആളായിരുന്നില്ല ഞാൻ. മറ്റ് അഭിനേതാക്കൾക്ക് അവരുടെ സ്വന്തം നിർമ്മാതാക്കളുടെയും സംവിധായകരുടെയും കൂട്ടം കൂടെയുണ്ടായിരുന്നു. പക്ഷേ, എനിക്ക് അക്കാലത്ത് പ്രത്യേക ക്യാമ്പ് ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ലഭിക്കേണ്ടത് ലഭിച്ചു എന്നാണ് ഞാൻ കരുതുന്നത്. ഞാൻ മാത്രമായിരുന്നു അന്ന് അമിതാഭിനുള്ള എതിരാളി. മറ്റാരുമില്ലായിരുന്നു -എന്നായിരുന്നു വിനോദ് ഖന്ന പറഞ്ഞത്.
ഓഷോയുടെ ആശ്രമത്തിൽനിന്നും 1980കളുടെ അവസാനത്തിൽ വിനോദ് ഖന്ന ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴേക്കും ബോളിവുഡിന്‍റെ തലപ്പത്ത് ബച്ചൻ തന്‍റെ സ്ഥാനം ഉറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.