‘അവസരങ്ങൾ നിഷേധിക്കപ്പെട്ടു, ഉണ്ടായിരുന്നത് രണ്ട് ഓപ്ഷനുകൾ’; ലോബിയിങ്ങിന് ഇരയായെന്ന് വിവേക് ഒബ്റോയ്
text_fields2002ൽ പുറത്തിറങ്ങിയ ‘സാഥിയ’ എന്ന പ്രണയ ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ് യുവാക്കളുടെ മനം കവർന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും മിക്കവയും ആരാധകർക്ക് രസിച്ചില്ല. വ്യക്തിജീവിതത്തിലെ നിരവധി തിരിച്ചടികളും താരത്തിന് വെല്ലുവിളിയായി. എന്നാൽ ഇപ്പോൾ സിനിമാ മേഖലയിലെ ‘ലോബിയിങ്ങി’ന്റെ ഇരയാണ് താനെന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് താരം.
ഇന്ത്യ ന്യൂസുമായുള്ള അഭിമുഖത്തിൽ കരിയറിന്റെ തുടക്ക കാലത്ത് നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ച് വിവേക് ഒബ്റോയ് വെളിപ്പെടുത്തുന്നതിങ്ങനെ - “സിനിമകൾ ഹിറ്റാവുകയും പ്രകടത്തിന് അഭിനന്ദനം കിട്ടുകയും ചെയ്യുന്ന ഒരു കാലഘട്ടം എനിക്ക് ഉണ്ടായിരുന്നു. പിന്നീട് അവസരങ്ങൾ നിഷേധിക്കപ്പെടുകയും ലോബിയിങ്ങിന്റെ ഇരയാക്കപ്പെടുകയും ചെയ്തു. അങ്ങനെയുള്ള സമയത്ത് നമുക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളുണ്ടാകും. ഒന്നുകിൽ നിരാശപ്പെട്ടിരിക്കാം അല്ലെങ്കിൽ അതിനെ വെല്ലുവിളിയായി കണ്ട് സ്വന്തം വിധി നിർണയിക്കാം. ഞാൻ രണ്ടാമത്തെ വഴി സ്വീകരിച്ചു.”
രാംഗോപാൽ വർമയുടെ ‘കമ്പനി’ ആയിരുന്നു വിവേകിന്റെ ആദ്യ ചിത്രം. ഇതിനു പിന്നാലെയാണ് സാഥിയ പുറത്തിറങ്ങിയത്. ഇതു രണ്ടും ഹിറ്റായതോടെ താരം ശ്രദ്ധിക്കപ്പെട്ടു. ഒരുകാലത്ത് ഐശ്വര്യ റായിയുമായി വിവേകിനുള്ള ബന്ധം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. ഐശ്വര്യയുമായുള്ള ബന്ധത്തെ തുടർന്ന് തന്റെ കരിയർ നശിപ്പിക്കുമെന്ന് സൽമാൻ ഖാൻ ഭീഷണിപ്പെടുത്തിയതായി ഒരു വാർത്താ സമ്മേളനത്തിനിടെ വിവേക് പറഞ്ഞത് വൻ വിവാദമായി.
ഓംകാര (2006), ഷൂട്ട്ഔട്ട് അറ്റ് ലോഖണ്ഡ്വാല (2007) എന്നീ ചിത്രങ്ങളിലെ അഭിനയ മികവ് വിവേകിന് അഭിനന്ദനം നേടിക്കൊടുത്തു. പിന്നീട് തെന്നിന്ത്യൻ സിനിമകളിലടക്കം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രോഹിത് ഷെട്ടിയുടെ വെബ് സിരീസായ ഇന്ത്യൻ പൊലീസ് ഫോഴ്സിലാണ് വിവേക് അവസാനമായി പ്രത്യക്ഷപ്പെട്ടത്. സിദ്ധാർഥ് മൽഹോത്ര, ശിൽപ ഷെട്ടി എന്നിവരും ഇതിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.