സിനിമപോലെ വഹീദയുടെ ജീവിതവും
text_fieldsമുംബൈ: ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ വഹീദ റഹ്മാന്റെ ജീവിതവും സിനിമക്കഥപോലെ അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞതായിരുന്നു. ഡോക്ടറാകാൻ മോഹിച്ച വഹീദയാണ് സിനിമയിലേക്ക് വഴിമാറിനടന്നത്. പിതാവിന്റെ മരണവും മാതാവിന്റെ രോഗവുമാണ് അവരെ പഠനം പാതിവഴി നിർത്താൻ പ്രേരിപ്പിച്ചത്. ഭരതനാട്യം അഭ്യസിച്ച വഹീദക്ക് അതുതന്നെയായിരുന്നു ആശ്രയം. നർത്തകി എന്ന നിലയിൽ തെലുഗു, തമിഴ് സിനിമകളിൽ അവസരം കിട്ടി.
എന്നാൽ, വെള്ളിത്തിരയിലെ വെള്ളിനക്ഷത്രമായി മാറുന്നതിന് പിന്നിലെ ട്വിസ്റ്റ് ഗുരു ദത്തും ഹൈദരാബാദിൽനിന്ന് മദ്രാസിലേക്കുള്ള അദ്ദേഹത്തിന്റെ വഴിമുടക്കിയ കാളയുമാണ്. കാള കാറ് കേടുവരുത്തിയതോടെ ഗുരു ദത്തിന് ഹൈദരാബാദിൽതന്നെ തങ്ങേണ്ടിവന്നു. വിതരണക്കാരുടെ ഓഫിസിൽ ഇരിക്കുമ്പോഴാണ് എതിർ ദിശയിൽ കാറിൽ വന്നിറങ്ങി കെട്ടിടത്തിലേക്ക് കയറിപ്പോകുന്ന പെൺകുട്ടിയെ ഗുരുദത്തിന്റെ കണ്ണുകളിൽ പതിഞ്ഞത്.
അത് വഹീദയാണെന്നും റൊജുലു മറായി എന്ന തെലുഗു സിനിമയിലെ നർത്തകിയാണെന്നും അവിടെയുള്ളവർ പറഞ്ഞു. പിന്നെ അവളെ കാണണമെന്നായി. കുറഞ്ഞ വാക്കുകളിലെ സംസാരത്തോടെ വഹീദയുമായുള്ള കൂടിക്കാഴ്ച അവസാനിക്കുകയും ചെയ്തു. പിന്നീട് മൂന്നു മാസങ്ങൾക്കു ശേഷമാണ് താൻ നിർമിച്ച ഹിന്ദിചിത്രം സി.ഐ.ഡി(1956)യിലേക്ക് വഹീദയെ ക്ഷണിക്കുന്നത്.
പിന്നീട് ഗുരു ദത്ത് സിനിമകളായ ‘പ്യാസ’, 12 ഒ’ ക്ലോക്ക്, കാഗസ് കെ ഫൂൽ, ചൗദ്വിൻ കാ ചാന്ദ്, സാഹിബ് ബീബി ഔർ ഗുലാം എന്നീ ചിത്രങ്ങളിലൂടെ വഹീദ ജൈത്രയാത്ര തുടർന്നു. സാഹിബ് ബീബി ഔർ ഗുലാം ആണ് ഗുരുദത്തിനൊപ്പമുള്ള അവസാന സിനിമ.
താരപ്രഭയിലേക്ക് ഉയർത്തിയത് ഗുരുദത്താണെങ്കിലും മികവുറ്റ നടിയായി വഹീദ സ്വയം രൂപപ്പെടുകയായിരുന്നുവെന്നാണ് അന്നത്തെ സിനിമ നിരീക്ഷകരുടെ വിലയിരുത്തൽ. സത്യജിത് റായിയുടെ സിനിമകളിലും സുനിൽ ദത്ത്, നിരുപ റോയ്, ദിലിപ് കുമാർ, രാജ് കപൂർ, രാജേഷ് ഖന്ന എന്നിവരുടെ നായികയായും അവർ വേഷമിട്ടു. 70കളിൽ അമ്മവേഷങ്ങളിലും വഹീദ തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.