'വീ ലവ് യൂ'; ഷാരൂഖിന് ഇക്കുറിയും പിറന്നാൾ ആശംസയുമായി ബുർജ് ഖലീഫ
text_fieldsദുബൈ: ചൊവ്വാഴ്ചയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ 56ാം പിറന്നാൾ ആഘോഷിച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന് ആശംസകളുമായെത്തിയിരുന്നു.
പിറന്നാൾ ദിനം രാത്രി കിങ് ഖാന് പിറന്നാൾ സമ്മാനവുമായി 'ബുർജ് ഖലീഫ' പ്രകാശം തൂകി. ദുബൈയിലെ ബുർജ് ഖലീഫയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ച ജന്മദിന സന്ദേശത്തിന്‍റെ വിഡിയോ ബിസിനസുകാരനായ മുഹമ്മദ് അലബ്ബാർ ട്വിറ്ററിൽ പങ്കുവെച്ചു.
'ഹാപ്പി ബർത്ത് ഡേ ഷാരൂഖ്' -എന്നാണ് ആദ്യം പ്രദർശിപ്പിച്ചത്. ശേഷം ഷാരൂഖിന്‍റെ ചിത്രമടക്കം 'വീ ലവ് യൂ' എന്ന് തെളിഞ്ഞുവന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ദിൽവാലേ ദുൽഹനിയ ലേജായേഗേ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ 'തുജെ ദേഖ തോ യെ ജാനാ സനം' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിഡിയോ.
വിഡിയോ എസ്.ആർ.െക ആരാധകർ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത് മൂന്നാം തവണയാണ് ഷാരൂഖ് ഖാന്‍റെ ചിത്രം ബുർജ് ഖലീഫയിൽ തെളിഞ്ഞത്. കഴിഞ്ഞ പിറന്നാളിനും ബുർജ് ഖലീഫ ഷാരൂഖിന് ആശംസ നേർന്നിരുന്നു.
അലിബാഗിലെ ഫാംഹൗസിൽ വെച്ചായിരുന്നു ഇക്കുറി ഷാരൂഖ് പിറന്നാൾ ആഘോഷിച്ചത്. ആഡംബരക്കപ്പൽ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി മൂന്നാഴ്ച ജയിലിൽ കഴിഞ്ഞ ഷാരൂഖിന്‍റെ മകൻ ആര്യൻ ഖാൻ കഴിഞ്ഞ ആഴ്ചയാണ് മോചിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.