'എത്രനാൾ ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കും? നാസി ജർമനിയിലെ സിനിമാക്കാരുടെ അവസ്ഥയാകും ഇവിടെ' -നസീറുദ്ദീൻ ഷാ
text_fieldsഹിറ്റ്ലറിന്റെ ഭരണകാലത്ത് ജർമൻ സിനിമ ലോകത്ത് സംഭവിച്ചത് ഇന്ത്യയിലും ആവർത്തിക്കുമെന്ന് നടൻ നസീറുദ്ദീൻ ഷാ. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കേരള സ്റ്റോറി താൻ കണ്ടിട്ടില്ലെന്നും ഇനി കാണാൻ ഉദ്യേശിക്കുന്നില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.
'ദ കേരള സ്റ്റോറി കാരണം ഭീദ്, അഫ്‌വാ തുടങ്ങിയ ചിത്രങ്ങൾ പരാജയപ്പെട്ടു. ഈ മികച്ച സിനിമകൾ കാണാൻ ആരും പോയില്ല. എന്നാൽ ദ കേരള സ്റ്റോറി കാണാൻ ആളുകൾ കൂട്ടത്തോടെയെത്തി. പക്ഷെ ഞാൻ ആ ചിത്രം കണ്ടിട്ടില്ല. ഇതിനെ കുറിച്ച് കൂടുതൽ വായിച്ചതുകൊണ്ട് ഇനി കാണാനും ഉദ്യേശിക്കുന്നില്ല- നടൻ പറഞ്ഞു.
ഇപ്പോഴുള്ളത് ഒരു 'അപകടകരമായ ട്രെൻഡ് ആണ്. നാസി ജർമനിയുടെ വഴിയെയാണ് നാം ഇപ്പോൾ സഞ്ചരിക്കുന്നത്. ഹിറ്റ്ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെയും പുകഴ്ത്തി സിനിമ ചെയ്യാൻ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ജർമനിയിലെ മികച്ച അനേകം സിനിമക്കാർ അവിടെ നിന്നും ഹോളിവുഡിലേക്ക് പോയി. സിനിമകൾ ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
എന്നിരുന്നാലും, ആത്യന്തികമായി കാര്യങ്ങൾ മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എത്രനാൾ ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കാൻ കഴിയും? ഇത് അപ്രത്യക്ഷമാകുമെന്നാണ് ഞാൻ കരുതുന്നത്, പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ അത് ഉടൻ ഉണ്ടാകില്ല' -നസീറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.