ചുവന്ന വിവാഹ സാരിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്; കഥ പങ്കുവെച്ച് കീർത്തി സുരേഷ്
text_fieldsമലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകളാണ് കീർത്തി. പോയവർഷം ഡിസംബർ 12 ആയിരുന്നു കീർത്തിയുടേയും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലിന്റേയും വിവാഹം. ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരം ഗോവയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
കീർത്തിയുടെ വിവാഹ സാരികൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. രണ്ട് സാരികളായിരുന്നു നടി വിവാഹത്തിന് അണിഞ്ഞത്. അതിൽ ഒരു സാരി അമ്മ മേനകയുടെ വിവാഹസാരിയായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി തന്നെയാണ് സാരിയുടെ കഥ വെളിപ്പെടുത്തിയത്.
'അമ്മയുടെ വിവാഹ സാരിയാണ് വിവാഹദിനത്തിൽ ഞാൻ ധരിച്ചത്. ഇത് നേരത്തെ തീരുമാനിച്ചതല്ല,യാദൃശ്ചികമായി അങ്ങനെ സംഭവിച്ചതാണ്.പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ മനോഹരമായ സാരിയിൽ മിനുക്കു പണികൾ ചെയ്തു തന്നു. വളരെ മനോഹരമായിരുന്നു അനിതയുടെ വർക്ക്.
ആദ്യം ആന്റണിയുടെ വീട്ടുകാർ നൽകിയ സാരി ധരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അധികം സാരികൾ വേണമായിരുന്നു. അങ്ങനെ അമ്മയുടെ അലമാര പരിശോധിക്കുമ്പോഴാണ് ചുവന്ന സാരി കണ്ണിൽപ്പെടുന്നത്. അപ്പോൾ തന്നെ അമ്മയുടെ അനുവാദത്തോടെ ആ സാരി എടുക്കുകയായിരുന്നു'- കീർത്തി സുരേഷ് പറഞ്ഞു.
പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് കീർത്തി സാരിക്കൊപ്പം അണിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.