'കൊടുംക്രിമിനലുകളായി ചിത്രീകരിച്ചു; ആ ഭാരവും പേറി ഞങ്ങൾ നടക്കുന്നു'; ഷാറൂഖ് ഖാന്റെ സങ്കടം വിശദീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ
text_fieldsമുംബൈ: മയക്കുമരുന്ന് കേസിൽപെടുത്തി തങ്ങളുടെ പ്രതിച്ഛായ തകർത്തതുമായി ബന്ധപ്പെട്ട് നടൻ ഷാറൂഖ് ഖാനും മകൻ ആര്യൻ ഖാനും പങ്കുവെച്ച സങ്കടങ്ങൾ തുറന്നുപറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥൻ. കേസിൽ ആര്യന് ക്ലീൻ ചിറ്റ് നൽകിയ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പ്രത്യേക അന്വേഷണസംഘം തലവനും ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ സഞ്ജയ് സിങ്ങാണ് 'ഇന്ത്യ ടുഡെ'ക്ക് നൽകിയ അഭിമുഖത്തിൽ ഇത് വെളിപ്പെടുത്തിയത്.
കേസ് പുനരന്വേഷണത്തിനിടെയാണ് ആര്യനും ഷാറൂഖുമായി സഞ്ജയ് സിങ് സംസാരിച്ചത്. ''തെളിവില്ലാതിരുന്നിട്ടും നിങ്ങളെന്നെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കാരനായി ചിത്രീകരിച്ചു. നിങ്ങളെന്നോട് വലിയ തെറ്റാണ് ചെയ്തത്. എന്റെ പ്രതിച്ഛായ തകർത്തു. ആഴ്ചകളോളം ജയിലിൽ കിടക്കാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തത്'' -ആര്യൻ ചോദിച്ചു. സമൂഹത്തെ നശിപ്പിക്കാനിറങ്ങി പുറപ്പെട്ട കൊടുംക്രിമിനലുകളായാണ് നിങ്ങൾ ഞങ്ങളെ ചിത്രീകരിച്ചതെന്നും അതിന്റെ ഭാരം പേറിയാണ് തങ്ങൾ നടക്കുന്നതെന്നുമത്രേ ഷാറൂഖ് ഖാൻ പരിതപിച്ചത്. ഒക്ടോബറിൽ എൻ.സി.ബി മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെയാണ് ആര്യൻ ഉൾപ്പെടെ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തത്. ആഡംബര കപ്പലിലെ റെയ്ഡിലും അറസ്റ്റിലും ബി.ജെ.പി നേതാക്കളുടെ സാന്നിധ്യവും കോഴ ആരോപണവും വിവാദമായതോടെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.