പൂനം പാണ്ഡെ സെർവിക്കൽ കാൻസർ ബോധവത്കരണത്തിന്‍റെ ബ്രാൻഡ് അംബാസഡറാകുമോ? വിശദീകരിച്ച് കേന്ദ്രം
text_fieldsവ്യാജ മരണവാർത്ത പുറത്തുവിട്ടുകൊണ്ട് സമീപ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ. സെർവിക്കൽ കാൻസർ (ഗർഭാശയഗള അർബുദം) ബാധിച്ച് പൂനം പാണ്ഡെ മരിച്ചു എന്നായിരുന്നു നടിയുടെ തന്നെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന വിവരം. ഇതോടെ, നാനാകോണുകളിൽ നിന്നും അനുശോചന പ്രവാഹമായി.
എന്നാൽ, താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ കാൻസറിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായാണ് മരിച്ചെന്ന വ്യാജ വാർത്ത പുറത്തുവിട്ടതെന്നും വെളിപ്പെടുത്തി തൊട്ടടുത്ത ദിവസം പൂനം പാണ്ഡെ തന്നെ രംഗത്തെത്തി. സെർവിക്കൽ കാൻസറിനെ കുറിച്ച് ചർച്ചയാക്കാൻ വേണ്ടിയാണ് ഇത്തരമൊരു കാമ്പയിൻ നടത്തിയതെന്നും നടി വിശദീകരിച്ചു. ഇതോടെ, നടിയെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി.
ഇതിന് പിന്നാലെയാണ് പൂനം പാണ്ഡെ സെർവിക്കൽ കാൻസറിനെതിരായ കേന്ദ്ര സർക്കാർ കാമ്പയിന്‍റെ ബ്രാൻഡ് അംബാസഡറാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇതേത്തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയിരിക്കുകയാണ് ഇപ്പോൾ. പൂനം പാണ്ഡെയെ സെർവിക്കൽ കാൻസറിനെതിരായ കാമ്പയിന്‍റെ ബ്രാൻഡ് അംബാസഡറാക്കാനുള്ള യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് വിശദീകരണം.
അതേസമയം, വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിൽ പൂനത്തിനെതിരെ വിമർശനം ശക്തമാണ്. ആരാധകരോട് മാപ്പ് ചോദിച്ച് നടി രംഗത്തെത്തിയിരുന്നു. 'എല്ലാവരും എന്നോട് ക്ഷമിക്കണം, ഞാന്‍ സൃഷ്ടിച്ച കോലാഹലത്തിനും വേദനിപ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ച സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണ വാർത്തയിലൂടെ എല്ലാവരേയും കബളിപ്പിച്ചു. അതു അങ്ങേയറ്റമാണെന്ന് എനിക്ക് അറിയാം. പക്ഷെ പെട്ടെന്ന് നമ്മൾ എല്ലാവരും സെർവിക്കൽ കാൻസറിനെക്കുറിച്ചു സംസാരിച്ചു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു.
നിശ്ശബ്ദമായി ജീവനെടുക്കുന്ന ഒരു രോഗമാണിത്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക'- പൂനം പറഞ്ഞു.
'എന്നെ കൊല്ലാം, കുരിശിലേറ്റാം, വെറുക്കാം. പക്ഷേ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ' എന്ന് ഇൻസ്റ്റ സ്റ്റാറ്റസ് അപ്ഡേറ്റുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.