‘ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാന്റെ ചുമതല ഏറ്റെടുക്കും, രാഷ്ട്രീയക്കാരനായി തുടരും’; വിശദീകരണവുമായി സുരേഷ് ഗോപി
text_fieldsകൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാന്റെ ചുമതല ഏറ്റെടുക്കുമെന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നുമുള്ള മന്ത്രിയുടെ ഉറപ്പുള്ളതുകൊണ്ടാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
‘കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തും ഇൻഫർമേഷൻ ആൻഡ് േബ്രാഡ്കാസ്റ്റിങ് മന്ത്രിയുമായ അനുരാഗ് ഠാക്കൂർ എന്നിവർക്ക് നന്ദി. 100 ശതമാനം ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരന്റെ എല്ലാ സ്വാതന്ത്ര്യവും തുടർന്നും വഹിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പോടെയാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. അതിനാൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശിച്ച തീയതിയിലും സമയത്തും ഞാൻ ചെയർമാനായി ചുമതലയേൽക്കും. എനിക്കുവേണ്ടി പ്രാർഥിക്കുക, അതുവഴി ലോകപ്രശസ്തനായ ഇന്ത്യൻ സിനിമയിലെ ഷേക്സ്പിയറുടെ പേരിന് സർഗാത്മതയിലൂടെ ഞാൻ തിളക്കം നൽകും’, സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചത്. എന്നാൽ, നിയമനത്തിൽ സുരേഷ് ഗോപി അതൃപ്തനാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. സുരേഷ് ഗോപി ചെയർമാനാകുന്നതിനെതിരെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി യൂനിയൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ ആശയവുമായും ബി.ജെ.പിയുമായുമുള്ള സുരേഷ് ഗോപിയുടെ ബന്ധമാണ് എതിർപ്പിന് പിന്നിലെന്നായിരുന്നു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.