‘ട്രോൾ കുടുംബത്തെ ബാധിച്ചു, ഞാനുമൊരു സ്ത്രീയാണ്’; വിവാദങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ചാഹലിന്റെ ഭാര്യയും നർത്തകിയുമായ ധനശ്രീ വർമ
text_fieldsകൊറിയോഗ്രാഫർ പ്രതീക് ഉതേകറിനൊപ്പമുള്ള ട്രോളുകൾ തന്നേയും കുടുംബത്തേയും ബാധിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യയും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. സാധാരണ ട്രോളുകളും മീമുകളുമൊന്നും തന്നെ ബാധിക്കാറില്ലെന്നും എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ട്രോളുകൾ തന്നെയും പ്രിയപ്പെട്ടവരെയും ബാധിച്ചെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ജീവിതത്തിൽ ഒരിക്കൽ പോലും ട്രോളുകളും മീമുകളും എന്നെ ബാധിച്ചിട്ടില്ല. കാരണം ട്രോളുകളെ പക്വതയോടെ തള്ളിക്കളയുകയോ അല്ലെങ്കിൽ ചിരിച്ചുക്കൊണ്ട് അവഗണിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ ട്രോളുകൾ ബാധിച്ചു. കാരണം അതെന്റെ കുടുംബത്തേയും പ്രിയപ്പെട്ടവരേയും ബാധിച്ചു.
നിങ്ങൾക്കെല്ലാവർക്കും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാൽ, ഞങ്ങളുടെ കുടുംബത്തിന്റെ വികാരങ്ങൾ മാനിക്കണമെന്നില്ല, അതിനെ അവഗണിക്കുന്നു. സോഷ്യൽ മീഡിയ എനിക്ക് ഒഴിവാക്കാൻ കഴിയില്ല. കാരണം അതെന്റെ ജോലിയുടെ പ്രധാന ഭാഗമാണ്.നിങ്ങളോട് എല്ലാവരോടും എനിക്കൊരു അഭ്യർഥനയുണ്ട്, അൽപം സെൻസിറ്റീവായിരിക്കണം. കൂടാതെ ഞങ്ങളുടെ കഴിവിലും ടാലന്റിലും ശ്രദ്ധകേന്ദ്രീകരിക്കണം. നിങ്ങളെ രസിപ്പിക്കാൻ ഞങ്ങളെല്ലാവരും ഇവിടെയുണ്ട്. നിങ്ങളുടെ അമ്മയേയും സഹോദരിയേയും ഭാര്യയേയും സുഹൃത്തിനേയും പോലെ ഞാനും ഒരു സ്ത്രീയാണ്. അതു മറക്കരുത്.അങ്ങനെ ചെയ്യുന്നത് ന്യായമല്ല. സുഹൃത്തുക്കളേ, ഞാൻ ഒരു പോരാളിയാണ്, ഒരിക്കലും തോറ്റുപിന്മാറില്ല'- ധനശ്രീ വിഡിയോയിൽ പറഞ്ഞു.
അടുത്തിടെ കൊറിയോഗ്രാഫർ പ്രതീക് ഉതേകറിനൊപ്പമുള്ള ചിത്രം ധനശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രം വൈറലായതോടെ ധനശ്രീക്കെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് ആ ചിത്രം ഒഴിവാക്കി. ഝലക് ദിഖ്ല ജാ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ധനശ്രീ വർമ ജനശ്രദ്ധയാകർഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.