'പപ്പാ..എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല, എന്നെ രക്ഷിക്കൂ'; മൂന്നാം വയസ്സിൽ മകൻ മരണത്തെ മുഖാമുഖം കണ്ടു -സിയാദ് ഖാൻ
text_fieldsശ്വാസകോശ സംബന്ധമായ അസുഖവുമായുള്ള മകന്റെ പോരാട്ടത്തെ കുറിച്ച് നടൻ സിയാദ് ഖാൻ. മൂന്നാം വയസിൽ മകന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും ഒരിക്കൽ മകൻ മരണത്തെ മുഖാമുഖം കണ്ടുവെന്നും കപ്പിൾസ് ഓഫ് തിങ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.
'എന്റെ മൂത്ത മകന്‍ സിദാന്‍ ഖാന് മൂന്നാം വയസില്‍ ഗുരുതരമായ ശ്വസന സംബന്ധ പ്രശ്‌നമുണ്ടായി. ഒരിക്കല്‍ ഞങ്ങള്‍ ലണ്ടനില്‍ പോയപ്പോള്‍ അവന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. അവൻ എന്നോട് ‘പപ്പാ, എന്നെ സഹായിക്കൂ..എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല’ എന്ന് പറഞ്ഞു. എന്റെ ഭാര്യ ഇത്തരം മെഡിക്കല്‍ എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയാണ്. അവള്‍ ഉടനെ തന്നെ ആംബുലന്‍സ് വിളിച്ചു. അതൊരു ജീവന്മരണ പോരാട്ടമായിരുന്നു.
അവൻ രക്ഷപ്പെടുമോ എന്നുവരെ സംശയമായിരുന്നു. അത്തരത്തിൽ നഴ്സ് ഞങ്ങൾക്ക് സൂചന നൽകുകയും ചെയ്തു. ആശുപത്രി അധികൃതർ അഡ്രിനാലിന്‍ ഇഞ്ചക്ഷന്‍ എടുക്കാൻ അനുവാദം ചോദിച്ചു. ലണ്ടനിലെ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ചേ മതിയാകൂ. അവര്‍ സിറ്റിയുടെ എല്ലായിടത്തു നിന്നുമായി നാല് ഡോക്ടര്‍മാരെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി. സ്റ്റിറോയ്ഡ് വര്‍ക്ക് ആയില്ലെങ്കില്‍ സര്‍ജറി ചെയ്യാന്‍ അവര്‍ തയാറായി. ഭാഗ്യത്തിന് സ്റ്റിറോയ്ഡ് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. സര്‍ജറി വേണ്ടി വന്നില്ല.
എന്നാൽ മകന് രോഗം പൂർണമായി മാറില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു . പക്ഷെ ഞങ്ങൾ എല്ലാ പിന്തുണയുമായി അവനൊപ്പമുണ്ടായിരുന്നു. അസുഖത്തിന്റെ പേരിൽ ഒന്നിൽ നിന്നും മാറ്റി നിർത്തിയില്ല.പാര്‍ക്കൗറിലും ഹൈ ജമ്പിലുമെല്ലാം പങ്കെടുക്കാന്‍ ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചു. ഇന്ന് മകൻ പൂർണ ആരോഗ്യവാനാണ്-സിയാദ് ഖാൻ പറഞ്ഞു.
ഒരുകാലത്ത് ബോളിവുഡിൽ സജീവമായിരുന്നു സിയാദ് ഖാൻ. ഷാറൂഖ് ഖാൻ ചിത്രം ‘മേ ഹൂം നാ’യിലെ സിയാദിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താൻ തയാറെടുക്കുകയാണ് നടൻ. മലൈക പരേഖ് ആണ് ഭാര്യ. സിദാന്‍ ഖാനെ കൂടാതെ ഒരു മകൻ കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.