വിരിഞ്ഞു, കാഴ്ചയുടെ വസന്തം: ഫലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കാഴ്ചയുടെ വസന്തത്തിന് തലസ്ഥാനത്ത് തിരശ്ശീലയുയർന്നു. ഇനി ഏഴുനാൾ കേരളത്തിനു മുന്നിൽ ലോക സിനിമ ശബ്ദിക്കും. നിശാഗന്ധിയിൽ നടന്ന വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്തു. അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലിയർപ്പിച്ചാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള കേരള ജനതയുടെ ഐക്യദാർഢ്യമാണ് ഈ വർഷത്തെ ചലച്ചിത്രമേളയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയെക്കാൾ വലിയ മേളകൾ ലോകത്തുണ്ട്. എന്നാൽ, പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ ഏത് ചലച്ചിത്രമേളയോടും കിടപിടിക്കുമെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. പ്രമുഖ ഹിന്ദി നടന് നാനാ പടേക്കർ മുഖ്യാതിഥിയായി. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യ രാജേന്ദ്രന് സമ്മാനിച്ചു. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം 28ാമത് മേളയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി.
അക്കാദമി ചെയർമാൻ രഞ്ജിത്ത്, വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയര്‍പേഴ്സണും പോര്‍ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, സംവിധായകന് മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്കാരിക സെക്രട്ടറി മിനി ആന്റണി സ്വാഗതവും സെക്രട്ടറി അജോയ് ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന്, ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ പ്രദർശിപ്പിച്ചു. ഡിസംബര്‍ 15 വരെ നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍നിന്നുള്ള 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.