ചലച്ചിത്ര പുരസ്കാരം: മികച്ച നടിമാരെ സമ്മാനിച്ച് ഭൂതകാലവും അന്തരവും
text_fieldsതിരുവനന്തപുരം: 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയവേദിയിൽ 'താരമായി' ഭൂതകാലവും അന്തരവും. അവസാന റൗണ്ടിലേക്ക് നൽകാതെ പ്രാഥമിക ജൂറി ഉപപട്ടികയിലാക്കി തഴഞ്ഞ ഇരുചിത്രങ്ങളും അന്തിമ ജൂറി വിളിച്ചുവരുത്തി കണ്ടതോടെ സ്വന്തമാക്കിയത് മികച്ച നടിമാർക്കുള്ള പുരസ്കാരങ്ങൾ.
ട്രാൻസ്ജൻഡേഴ്സിനായി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരമാണ് 'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തര'ത്തിലൂടെ തമിഴ്നാട് സ്വദേശി എസ്. നേഘ നേടിയത്. തെരുവുജീവിതത്തിൽനിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നേഘക്കായെന്ന് സയിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി വിലയിരുത്തി. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഷെറി ഗോവിന്ദൻ-ടി. ദീപേഷ് കൂട്ടുകെട്ടിന്‍റെ 'അവനോവിലോന'യാണ് ട്രാൻസ്ജൻഡേഴ്സ് വിഭാഗത്തിൽനിന്ന് അന്തിമഘട്ടത്തിലേക്ക് പ്രാഥമിക ജൂറി നൽകിയത്. എന്നാൽ, ഈ സിനിമയിൽനിന്ന് ട്രാൻസ് വിഭാഗത്തിലെ മികച്ച അഭിനേത്രിക്കുള്ള പുരസ്കാരത്തിന് അർഹതയുള്ളവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഉപപട്ടികയിലുണ്ടായിരുന്ന അന്തരത്തെ വിളിച്ചുവരുത്തുകയായിരുന്നു.
താരാ രാമാനുജത്തിന്‍റെ നിഷിദ്ധോയിലൂടെ കനി കുസൃതിയും നായാട്ടിലൂടെ നിമിഷ സജയനുമാണ് മികച്ച നടിക്കുള്ള അവസാന പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇരുവരുടെയും അഭിനയം പോരെന്ന് കണ്ടതോടെ ഉപപട്ടികയിലുണ്ടായിരുന്ന ഭൂതകാലത്തെ ജൂറി പരിഗണിക്കുകയും പുരസ്കാരം രേവതിക്ക് നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.