ഏകാകിയുടെ പകർന്നാട്ടങ്ങൾ
text_fieldsജാതിയുടെയും നിറത്തിന്റെയും പേരിൽ മാറ്റിനിർത്തലുകൾ വേട്ടയാടിയ കുട്ടിക്കാലം. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുമ്പോൾ ചുണ്ടിലൊരു മായാത്ത ചിരി പതിവായി. ഇനിയൊന്നും നേരിടാൻ ബാക്കിയില്ലെന്നും വരാനുള്ളതെന്തായാലും ധൈര്യത്തോടെ മറികടക്കുമെന്നും ആ പുഞ്ചിരി ഓർമിപ്പിച്ചു. അതായായിരുന്നു റത്തീന സംവിധാനം ചെയ്ത 'പുഴു' എന്ന സിനിമയിലെ കെ.പി. കുട്ടപ്പൻ. ആ കുട്ടപ്പനെ അനായാസം പകർന്നാടിയതാകട്ടെ അപ്പുണ്ണി ശശിയും. നാടകമാണ് അപ്പുണ്ണി ശശിയുടെ ജീവിതം. അപ്പുണ്ണി ശശി ജീവിതവും സിനിമയും നാടകവും പറയുന്നു.
അപരിചിതൻ
സുപരിചിതനാണ് പുഴുവിലെ കെ.പി. കുട്ടപ്പൻ. എന്നാൽ, സിനിമയിൽ അപരിചിതനും. ഇതുവരെ കണ്ടുപരിചയിച്ച ഒരു കഥാപാത്രമല്ല കുട്ടപ്പന്റേത്. അതുകൊണ്ടുതന്നെയാണ് പുഴു വേറിട്ടതാകുന്നതും. കുട്ടപ്പൻ ഒരു പ്രഫസറാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട, ജാതിയുടെ പേരിൽ ഒരുപാട് മാറ്റിനിർത്തലുകൾ അനുഭവിച്ചയാൾ. അതിനെയെല്ലാം മറികടന്നാണ് അയാളുടെ ജീവിതം. ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടതുകൊണ്ടുതന്നെ ഇനിയെന്തും നേരിടാൻ തയാറുള്ള, എന്തുവന്നാലും ഒരു പ്രശ്നവുമില്ല എന്ന് ചിന്തിക്കുന്ന വ്യക്തിത്വം. ഏതൊരു കാര്യത്തെയും പുഞ്ചിരിയോടെ നേരിടുന്നയാൾ.
പകർന്നാട്ടം
കഥാപാത്രത്തിനായി പ്രത്യേകിച്ച് ഒന്നും അഡീഷനലായി ചെയ്യേണ്ടിയിരുന്നില്ല. ഞാൻ ഒരു നാടകനടനാണ്, ഒറ്റക്ക് നാടകം കളിക്കുന്നയാളും. കുട്ടപ്പനെന്ന കഥാപാത്രവും നാടകനടനാണ്. എന്നാൽ, ഞാൻ ശീലിച്ചത് റിയലിസ്റ്റിക് നാടകങ്ങളായിരുന്നു. സിനിമയിലെ നാടകരംഗങ്ങളിൽ വേണ്ടത് മറ്റൊന്നും. അത് പഠിച്ചെടുത്തു. സിനിമ അഭിനയത്തിൽ ആത്മവിശ്വാസമാണ് പ്രധാനം. ആ ആത്മവിശ്വാസം നേടാൻ പാർവതി തിരുവോത്ത്, മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ഒരുപാട് സഹായിച്ചു. ആദ്യ ദിവസം സിനിമയുടെ പൂജ നടക്കുമ്പോൾ ഞാൻ അവിടെ ഇല്ലായിരുന്നു. ആദ്യത്തെ സീനായതിനാൽ രാജാവിന്റെ വേഷം കെട്ടിയിരിക്കുകയായിരുന്നു. എന്നാൽ, മമ്മൂക്കയും സംവിധായികയുമടക്കം എല്ലാവരും എന്നെ കാണാൻ വന്നു. അത് ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു.
നാടക ജീവിതം
ചെറുപ്പം മുതൽ നാടകം ചെയ്താണ് വളർന്നത്. നാട്ടിലെ സംഘടനകൾക്കൊപ്പമായിരുന്നു ആദ്യത്തെ നാടകാവതരണം. റഫീഖ് എന്ന സുഹൃത്തായിരുന്നു നാടകത്തിന്റെ രചയിതാവും സംവിധായകനും. മിമിക്രി അവതരണങ്ങളുമുണ്ടായിരുന്നു. അഭിനയിച്ച് ആളുകളെ ചിരിപ്പിക്കാൻ മിമിക്രിക്ക് കഴിയും. അവിടെനിന്നാണ് ജയപ്രകാശ് കുളൂരിന്റെ സമീപമെത്തുന്നത്. അദ്ദേഹമാണ് ആശാൻ. നാടകം കളിക്കാനുള്ളതാണ് കളിയാക്കാനുള്ളതല്ലെന്ന് ആശാൻ പഠിപ്പിച്ചിട്ടുണ്ട്.
അപ്പുണ്ണികളുടെ ലോകം
വലിയ നാടകങ്ങൾ കളിച്ച് കടം വന്നതിന് ശേഷമാണ് ജയപ്രകാശ് കുളൂരിന്റെ സമീപമെത്തുന്നത്. ഒരു രൂപപോലും പുതുതായി ചെലവാക്കാതെ ആളുകളെ ആസ്വദിപ്പിക്കാൻ കഴിയുന്ന നാടകങ്ങളുണ്ടാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെ ആദ്യമായി 'അപ്പുണ്ണികളുടെ റേഡിയോ' എന്ന നാടകമുണ്ടാക്കി. ഞങ്ങൾ കൂടിയിരുന്ന് പറഞ്ഞും ചിന്തിച്ചുമെല്ലാം നാടകം രൂപപ്പെടുത്തി. ആ നാടകത്തിന് പ്രശംസയും അനുമോദനങ്ങളും ലഭിച്ചു. വിവാഹക്കുറികളിൽ പോലും ഞങ്ങളുടെ നാടകമുണ്ടെന്ന് അടിച്ചുവന്നിട്ടുണ്ട്. സംഗീത നാടക അക്കാദമി പിന്നീട് ആ നാടകം ഏറ്റെടുത്തു. അവർ കേരളം മുഴുവൻ അവതരിപ്പിക്കാനുള്ള അവസരമുണ്ടാക്കി. അതോടൊപ്പംതന്നെ അപ്പുണ്ണികളുടെ നാളെ എന്ന നാടകമുണ്ടായിരുന്നു. അപ്പു, ഉണ്ണി എന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളും സംഭവങ്ങളുമാണ് ഇരു നാടകങ്ങളും. അവ പിന്നീട് രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയായി ഒരേ വേദിയിൽ അവതരിപ്പിക്കാൻ തുടങ്ങി. അഭിനയ, പ്രകടനം മാത്രമായിരുന്നു ആ നാടകം. മറ്റൊന്നും അതിലുണ്ടായിരുന്നില്ല. അപ്പുണ്ണികളുടെ നാടകത്തിൽനിന്നാണ് അപ്പുണ്ണി ശശിയെന്ന പേരും.
'പുഴു'വിലേക്ക്
24 വർഷമായി ഒറ്റക്കാണ് എന്റെ നാടകാവതരണം. ജയപ്രകാശ് കുളൂരിന്റെ 'തിരഞ്ഞെടുപ്പ്' എന്ന നാടകവും ശിവദാസ് പൊയിൽക്കാവിന്റെ 'ചക്കരപ്പന്തലും' ആയിരുന്നു അവ. ഒരിക്കൽ ടൗൺ ഹാളിൽ വെച്ച് 'തിരഞ്ഞെടുപ്പ്' എന്ന നാടകം തിരക്കഥാകൃത്ത് ഹർഷാദ് കാണാനിടയായി. അദ്ദേഹം എന്നെ അഭിനന്ദിക്കാനെത്തിയിരുന്നു. അപ്പോൾ നാടകം കളിച്ച് ജീവിക്കുന്ന ഒരു കഥാപാത്രമായി സിനിമയിൽ അവസരം ലഭിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. അതുതന്നെയാണ് ഈ സിനിമ. ഹർഷാദാണ് ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്. സംവിധായിക റത്തീന എന്നെ കാണുകയും ഈ കഥാപാത്രം എനിക്ക് നൽകുകയുമായിരുന്നു.
കൂക്കിവിളിക്കാനും സ്വാതന്ത്ര്യമുണ്ട്
നിറത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ മാറ്റിനിർത്തലുകൾ അനവധിയുണ്ട്. എന്നാൽ, എന്റെ യാത്ര ഒറ്റക്കായതിനാൽ അവ അത്ര ഫീൽ ചെയ്യാതെ പോയി. 'പുഴു'വിലെ എല്ലാ കഥാപാത്രങ്ങൾക്കും രാഷ്ട്രീയമുണ്ട്. എല്ലാ വിഭാഗം ആളുകളും ജീവിക്കുന്ന ഇടത്തേക്കാണ് ഈ സിനിമ ഇറക്കിയത്. ആരും വിമർശിച്ചോട്ടേ. എല്ലാവർക്കും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടല്ലോ. കൈയടിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെതന്നെ കൂക്കിവിളിക്കാനും സ്വാതന്ത്ര്യമുണ്ട്.
നാടകങ്ങൾക്ക് നിരവധി പ്രശംസയും അവാർഡുകളും എന്നെ തേടിയെത്തിയിരുന്നു. എന്നാൽ, പുഴു ഇറങ്ങിയതിനെ തുടർന്നുണ്ടായ പ്രതികരണങ്ങളുമായി അതിന് അജഗജാന്തരം വ്യത്യാസമുണ്ട്. ഓരോ നാടകങ്ങളുടെയും പ്രതികരണം, അവയുടെ അവതരണം കഴിയുമ്പോൾ തന്നെയായിരുന്നു. സ്റ്റേജിന്റെ അല്ലെങ്കിൽ പറമ്പിന്റെ ചുറ്റുമായിരുന്നു അതിന്റെ വിജയാഘോഷം. എന്നാൽ, പുഴു ഇറങ്ങിയതിനു ശേഷം അങ്ങനെയായിരുന്നില്ല, നിരന്തരം ഫോൺ വിളികൾ തേടിയെത്തി. അതു പക്ഷേ, നാടകം ചെയ്താൽ കിട്ടില്ല. നാടകം ഒരു ആയിരമോ അഞ്ഞൂറോ ആളുകളിൽ ചുരുങ്ങും. സിനിമ അങ്ങനെയല്ലല്ലോ. നാടകമാണ് എന്റെ പ്രധാന വരുമാന മാർഗം. ഇപ്പോൾ സിനിമയും. നാടകത്തിൽനിന്ന് ലഭിച്ച വരുമാനം കൊണ്ടായിരുന്നു മൂന്നു സഹോദരിമാരുടെ വിവാഹം നടത്തിയത്. കോഴിക്കോട് എരഞ്ഞിക്കലാണ് എന്റെ സ്ഥലം. ഇപ്പോൾ വീടുനിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കൂട്ടിന് ഭാര്യ സിന്ധുവും നാലരവയസ്സായ മകൻ കാർത്തിക്കുമുണ്ട്.
ആയിരത്തിൽ ഒരുവൻ
കലാഭവൻ മണിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ആയിരത്തിൽ ഒരുവനാണ് ആദ്യ ചിത്രം. പിന്നീട് രഞ്ജിത്തിന്റെ 'പാലേരി മാണിക്യ'ത്തിലും 'ഇന്ത്യൻ റുപ്പി'യിലും വേഷങ്ങൾ ചെയ്തു. എന്നാൽ, ജനങ്ങൾ ചർച്ച ചെയ്ത ഒരു കഥാപാത്രം 'പുഴു'വിലെ കുട്ടപ്പനാണ്. ഇപ്പോൾ നിരവധി കഥാപാത്രങ്ങൾ തേടിയെത്തുന്നുണ്ട്. എന്നാൽ, അവ ഭൂരിഭാഗവും രാഷ്ട്രീയക്കാരുടേതാണ്. കൂട്ടത്തിൽ ആളായി നിൽക്കാൻ മാത്രമുള്ള കഥാപാത്രം. അവ ചെയ്യാൻ ഇപ്പോൾ താൽപര്യമില്ല. എന്തെങ്കിലും കാമ്പുള്ളത് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളാണ് ആഗ്രഹം. നല്ല കഥാപാത്രങ്ങൾ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.