പണം അങ്ങോട്ട് കൊടുത്ത് എനിക്ക് അഭിനയിക്കേണ്ട; അശ്വിന്‍ ജോസ്- അഭിമുഖം
text_fieldsചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ അശ്വിന്‍ ജോസ് പാലും പഴവും എന്ന തന്റെ ഏറ്റവും പുതിയ സിനിമയെക്കുറിച്ചും മറ്റു സിനിമ വിശേഷങ്ങളെ കുറിച്ചും മാധ്യമത്തിനോട് പങ്കുവെക്കുന്നു.
• അഭിനന്ദനങ്ങൾ നൽകിയ പാലും പഴവും
ഇതുവരെ ഞാൻ ചെയ്ത സിനിമകളെ വെച്ചു നോക്കുകയാണെങ്കിൽ പാലും പഴവും എന്ന സിനിമയ്ക്ക് കുറച്ചു കൂടുതൽ അഭിനന്ദനങ്ങൾ ആളുകളിൽ നിന്ന് കിട്ടിയിട്ടുണ്ട്. ആ സിനിമ ചെയ്യുന്ന സമയത്ത് തന്നെ അത് നല്ലൊരു വർക്കാവും, നമ്മുടെ പെർഫോമൻസിനെ കുറിച്ച് മറ്റുള്ളവർ സംസാരിക്കും എന്നൊക്കെയുള്ള ഒരു ശുഭ പ്രതീക്ഷ എനിക്കുണ്ടായിരുന്നു. അത്തരത്തിൽ പ്രതീക്ഷിച്ചത് പോലെ തന്നെ കാര്യങ്ങൾ സംഭവിക്കുമ്പോൾ കിട്ടുന്ന സന്തോഷം വലുതാണ്. സിനിമയുടെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ആ സിനിമ ഇഷ്ടപ്പെട്ടു എന്നതാണ് സന്തോഷം നൽകിയ മറ്റൊരു കാര്യം. കാരണം ആ സിനിമ പറയുന്ന വിഷയത്തെ തീർച്ചയായും ഒരു വിഭാഗം പ്രായക്കാർക്ക് എതിർക്കാവുന്നതായിരുന്നു. അവർക്കാർക്കും എളുപ്പത്തിൽ ദഹിക്കുന്ന ഒരു വിഷയമല്ലായിരുന്നു അത്. പക്ഷേ അതിനെ ആരും എതിർത്തില്ല എന്ന് മാത്രമല്ല അവരൊക്കെ അത് ഇഷ്ടപ്പെട്ടതായും അറിയിച്ചു.
• മീരയുടെ പെർഫോമൻസ് മാജിക് പോലെയാണ്
അഭിനയിക്കുന്ന സമയത്ത് നമ്മുടെ ഓപ്പോസിറ്റ് നിൽക്കുന്നത് നല്ലൊരു പെർഫോമർ ആണെങ്കിൽ നമ്മുടെ പെർഫോമൻസും അതിനനുസരിച്ച് കൂട്ടിക്കൊണ്ടു വരാൻ നമ്മൾ ശ്രമിക്കും. സത്യത്തിൽ നമ്മൾ പോലുമറിയാതെ നമ്മുടെ പെർഫോമൻസ് ലെവൽ കൂടിക്കൊണ്ടേയിരിക്കുന്ന ഒരവസ്ഥയാണത്. അത്തരത്തിൽ വളരെ എക്സ്പീരിയൻസ്ഡായ ഒരു ആക്ട്രസ്സിന്റെ കൂടെ വർക്ക് ചെയ്തതിന്റെ ഗുണം കൃത്യമായി അറിയാൻ പറ്റിയത് മീര ജാസ്മിന്റെ കൂടെ അഭിനയിച്ചപ്പോഴാണ്. വാസ്തവത്തിൽ മീര ജാസ്മിൻ ഒരുപാട് പ്ലാൻ ചെയ്തു, തയ്യാറെടുത്ത് അഭിനയിക്കുന്ന ആളൊന്നുമല്ല. അവർ ക്യാമറക്കു മുമ്പിൽ വളരെ സിമ്പിളായി വന്നിട്ടാണ് അഭിനയിച്ചു പോകുന്നത്. പക്ഷെ അവരുടെ എക്സ്പീരിയൻസ് കൊണ്ടാണോ കഴിവുകൊണ്ടാണോ എന്നറിയില്ല ഫൈനലി അവരുടെയാ പെർഫോമൻസ് ഒരു മാജിക്കായിട്ടാണ് മാറുന്നത്. എനിക്കാണെങ്കിൽ അഭിനയിക്കുന്ന സമയത്തൊക്കെ അയ്യോ മീര ജാസ്മിന്റെ കൂടെയാണല്ലോ ഞാൻ അഭിനയിക്കുന്നത് എന്നുള്ള ഒരുതരം സ്വപ്നലോകത്തെത്തിയ പോലത്തെ അവസ്ഥയുണ്ടായിരുന്നു. പക്ഷെ അപ്പോഴൊക്കെയും എന്നെ കൂളാക്കിയത് അതേ മീര ജാസ്മിൻ തന്നെയാണ്. അതായത് ക്യാമറയ്ക്ക് മുമ്പിൽ പെർഫോം ചെയ്യുമ്പോൾ പോലും വളരെ കംഫർട്ട് സോണിലേക്ക് അവരെന്നെ എത്തിക്കാറുണ്ടായിരുന്നു. ഷൂട്ട് സമയത്തൊക്കെ ഞങ്ങൾ തമ്മിൽ പരസ്പരം ഐ കോൺടാക്ട് ഒക്കെ വരുമ്പോൾ ഞാനല്പം ഷൈ ആകുമായിരുന്നു. അതവർക്ക് എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു. അവരെപ്പോലെ തന്നെ അശോകൻ സാർ മണിയൻപിള്ള രാജു സർ തുടങ്ങിയ വലിയ ആർട്ടിസ്റ്റുകളെല്ലാം ഈ സിനിമയ്ക്കകത്തുണ്ടായിരുന്നു. അവരൊക്കെ തരുന്ന ബെസ്റ്റ് പെർഫോമൻസ് എന്റെ ഒരു പെർഫോമൻസ് കാരണം മോശം ആകാൻ പാടില്ല എന്നുള്ള നിർബന്ധം എനിക്കുണ്ടായിരുന്നു. സോ അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടി ഞാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്
• ആസ്വാദകനും ക്രിട്ടിക്കുമായ വി കെ പ്രകാശ്
വളരെയധികം കഴിവുള്ള ഒരുപാട് ആർട്ടിസ്റ്റുകളെ എളുപ്പത്തിൽ ഹാൻഡിൽ ചെയ്യാൻ കഴിയുന്ന സംവിധായകനാണ് വി കെ പ്രകാശ്. ഉദാഹരണം പറയുകയാണെങ്കിൽ, പാലും പഴവും സിനിമ കണ്ട പലരും പറഞ്ഞു പഴയ മീര ജാസ്മിനെ നമുക്ക് തിരിച്ചു കിട്ടിയെന്ന്. കാരണം ആ പഴയ എനർജറ്റിക്കായ മീര ജാസ്മിനെയാണ് നമുക്കീ സിനിമയിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്. വി കെ പ്രകാശ് എന്ന സംവിധായകന്റെ കമാന്റിഗ് പവർ തന്നെയാണ് അതിനുള്ള പ്രധാന കാരണം . തന്റെ ആർട്ടിസ്റ്റുകളെ എങ്ങനെ പെർഫോം ചെയ്യിക്കാം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. പിന്നെ എന്റെ കാര്യത്തിലാണെങ്കിൽ ഞാൻ അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ പെർഫോമൻസിന്റെ മീറ്റർ ഒന്നും സാറിന് കാര്യമായി അറിയില്ല.പക്ഷേ സാർ ഉദ്ദേശിച്ച കാര്യം എന്നെ കൊണ്ട് ചെയ്യിപ്പിച്ചെടുത്തു . അതൊരിക്കലും അദ്ദേഹം അഭിനയിച്ചു കാണിച്ചു തരുന്നതല്ല. മറിച്ച് കഥാപാത്രത്തെ വിവരിച്ചുകൊണ്ട് നമ്മുടെ ഉള്ളിലുള്ള കഴിവിനെ പുറത്തേക്കെടുക്കുന്നതാണ്. അദ്ദേഹം ഒരേസമയം ആസ്വാദകനുമാണ് അതേ സമയം നല്ലൊരു ക്രിട്ടിക്ക് കൂടിയാണ്.
• നെഞ്ചിനകത്തു ലാലേട്ടൻ
ക്യൂൻ സിനിമയുടെ സ്ക്രിപ്റ്റ് നരേറ്റ് ചെയ്യുമ്പോൾ തന്നെ സിനിമയ്ക്കകത്ത് എന്റെ കഥാപാത്രത്തിന് ഒരു പാട്ട് സീനുള്ള കാര്യം അവർ വിവരിച്ചിരുന്നു. ലാലേട്ടനെ കുറിച്ചുള്ള ആ പാട്ട് സീൻ വിവരിച്ചിരുന്ന സമയത്ത് ഞാൻ വല്ലാതെ എക്സൈറ്റഡായിട്ടുണ്ട്. ഞങ്ങളൊരു ഒൻപതു പേരെ അടുത്തിരുത്തിയാണ് അവർ കഥ പറഞ്ഞത്. ആ പാട്ട് സീൻ വന്നപ്പോൾ ബാക്കി എട്ടുപേരും എന്റെ മുഖത്തേക്ക് നോക്കുകയായിരുന്നു. കാരണം അവർക്കെല്ലാവർക്കും മനസ്സിലായി അത് ഹിറ്റ് ആവുമെന്ന്. പടം എന്താവുമെന്ന് അറിയില്ലായിരുന്നെങ്കിലും ആ സീൻ വർക്കാകുമെന്ന് ഉറപ്പായിരുന്നു. വിചാരിച്ചതുപോലെ തിയേറ്ററിനകത്തു വലിയ കയ്യടിയായിരുന്നു ആ സീനിന് കിട്ടിയത്. പടം റിലീസായ ദിവസം ഞങ്ങൾക്ക് ടിക്കറ്റ് പോലും കിട്ടിയില്ലായിരുന്നു. ഞങ്ങളെല്ലാം തിയറ്ററിന് പുറത്ത് നിൽക്കുകയാണ്. അകത്ത് എന്താണ് സംഭവിക്കുന്നതെന്ന് പോലുമറിയില്ലായിരുന്നു. പക്ഷേ ഇന്റർവെലായപ്പോൾ എല്ലാവരും കൂടി വന്ന് എന്നെ എടുത്തു പൊക്കുകയും സെൽഫി എടുക്കുകയുമൊക്കെ ചെയ്തു. അതൊക്കെ മനോഹരമായ അനുഭവങ്ങളായിരുന്നു.
• തിരക്കഥ എഴുതാനിഷ്ടമാണ്
തിരക്കഥ എഴുതാനെനിക്ക് വലിയ ഇഷ്ടമാണ്. പിന്നെ ക്യൂൻ സിനിമയ്ക്ക് ശേഷം എന്നെ തേടി വരുന്ന സിനിമകളിലൊന്നും എനിക്കങ്ങനെ ഡെപ്‌ത്തുള്ള ക്യാരക്ടറൊന്നും കണ്ടെത്താൻ പറ്റിയില്ല. അതുകൊണ്ട് തന്നെ ഒരുപാട് വർക്കുകൾ ഞാൻ വേണ്ടെന്ന് വെച്ചു. അതിലെനിക്ക് നല്ല സങ്കടവുമുണ്ടായിരുന്നു. എന്റെ പെർഫോമൻസ് കൊണ്ടാണോ എന്റെ കുഴപ്പം കൊണ്ടാണോ നല്ല കഥാപാത്രങ്ങൾ വരാത്തത് എന്ന ചിന്തയൊക്കെ എപ്പോഴും വന്നുകൊണ്ടിരുന്നു. ആ സമയത്താണ് എനിക്ക് പറ്റുന്ന ഒരു സിനിമ ഞാൻ തന്നെ എഴുതാമെന്നുള്ള ചിന്ത വരുന്നത്. അങ്ങനെയാണ് അനുരാഗം എന്ന സിനിമയ്ക്ക് സ്ക്രിപ്റ്റ് ചെയ്യുന്നത്. സിനിമയുടെ ഒരു സീൻ എന്റെ മനസ്സിൽ ആദ്യമേ തന്നെ ഉണ്ടായിരുന്നു. ഒരു അമ്മ തന്റെ മകനോട് തനിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറയുന്ന രംഗമായിരുന്നു അത്. അത് ഒരു സിനിമയിൽ വന്നു കഴിഞ്ഞാൽ എങ്ങനെ ഉണ്ടായിരിക്കുമെന്നുള്ളതായിരുന്നു എന്റെ ഐഡിയ. അങ്ങനെ അത് ഡെവലപ്പ് ചെയ്ത് അനുരാഗം എഴുതി . പിന്നീടതിന് പ്രൊഡക്ഷൻ വന്നു. അങ്ങനെ ആ സിനിമ സംഭവിച്ചു. ഷഹദ് നിലമ്പൂർ ആണ് സംവിധാനം ചെയ്തത്. പക്ഷെ 2018 എന്ന സിനിമയുടെ കൂടെയായിരുന്നു അനുരാഗം റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ തീയേറ്ററിൽ അനുരാഗം അധികം നിന്നില്ല. അതല്പം വിഷമമുള്ള കാര്യമാണ്.
• അവസരം വാഗ്ദാനം ചെയ്ത് പൈസ ചോദിക്കും
സിനിമയിലെത്തുന്നതിനു മുൻപേ തന്നെ ഞാനൊരുപാട് ഓഡിഷനുകളിൽ പങ്കെടുക്കുമായിരുന്നു. ഞാൻ പോയിട്ടുള്ള മിക്ക ഓഡിഷനിലും എനിക്ക് സെലക്ഷൻ കിട്ടിയിട്ടുമുണ്ട്. പക്ഷെ ആ സിനിമയൊന്നും ജനുവിനായിരുന്നില്ല. അതായത് അവർ അവസരം വാഗ്ദാനം ചെയ്ത് പൈസ ചോദിക്കും. എന്നാൽ പൈസ അങ്ങോട്ടു കൊടുത്തു അഭിനയിക്കില്ലെന്ന തീരുമാനം ഞാൻ പണ്ടേ എടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ചതിക്കുഴിയിൽ ഞാൻ വീണിട്ടില്ല. അവർ പറയുന്നത്ര പണം കൊടുത്തു കഴിഞ്ഞാൽ പിന്നെ സിനിമയിൽ നമ്മൾ തന്നെയാണ് മെയിൻ ക്യാരക്ടറെന്നൊക്കെ അവർ വിശ്വസിപ്പിക്കും. പക്ഷേ നമ്മൾ ചെയ്യുന്ന ജോലിക്കിങ്ങോട്ടാണ് പണം കിട്ടേണ്ടത് അങ്ങോട്ട് കൊടുക്കുകയല്ല വേണ്ടതെന്നുള്ള ബോധ്യം എനിക്കുണ്ടായിരുന്നു. അല്ലെങ്കിലും ആലോചിച്ചു നോക്കിയാലറിയാമല്ലോ വലിയ പണം മുടക്കി സിനിമ ചെയ്യുന്നവർക്ക് നമ്മളുടെ കൈയിൽ നിന്ന് കിട്ടുന്ന ചെറിയ തുകയുടെ ആവശ്യമില്ലെന്ന്. നമ്മുടെ കഴിവുകൊണ്ട് നമുക്ക് സിനിമ കിട്ടിയാൽ മതി. അതുകൊണ്ട് ടാലെന്റിനെ വിശ്വസിക്കുക എന്നതാണ് നമ്മുടെ ജോലി.
• വരും പ്രതീക്ഷകൾ
അഭിനയം തുടരും. അതോടൊപ്പം തീർച്ചയായിട്ടും സിനിമയ്ക്ക് തിരക്കഥ എഴുതും. ചിലപ്പോൾ സാഹചര്യങ്ങൾ ഒത്തുവന്നാൽ സംവിധാനവും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.