ബിബി മോന്റെ അമ്മ ഇപ്പോഴും ഹാപ്പിയാണ്; നീരജ രാജേന്ദ്രൻ- അഭിമുഖം
text_fieldsനടി ദർശനാ രാജേന്ദ്രന്റെ അമ്മ എന്ന ലേബലിനപ്പുറം ചെറിയ കാലയളവിനുള്ളിൽ തന്നെ മലയാള സിനിമകളിൽ സജീവമായ നീരജ രാജേന്ദ്രൻ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആവേശം സിനിമയിലെ ബിബി മോന്റെ അമ്മ എന്ന കഥാപാത്രത്തിലൂടെയാണ്. ചിത്രത്തിലെ ഒരൊറ്റ ഡയലോഗിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ നീരജ രാജേന്ദ്രൻ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു മാധ്യമവുമായി.
ബിബി മോന്റെ അമ്മ ഹാപ്പിയാണ്
ഇപ്പോഴും ബിബി മോന്റെ അമ്മയായി തന്നെയാണ് ആളുകൾ എന്നെ കാണുന്നത്. ഞാനും അതേ ആവേശത്തോടെ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. അതുകൊണ്ട് ഞാൻ വളരെയധികം ഹാപ്പിയാണ്. ആവേശം സിനിമ ചെയ്യുമ്പോൾ പോലും ആ ഡയലോഗിത്രക്ക് ഹിറ്റാകുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. ഡബ്ബിങ്ങെല്ലാം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞ ശേഷമാണ് അത് കണ്ട രണ്ടുമൂന്നു പേര് എന്നോടതേപ്പറ്റി നല്ല അഭിപ്രായം പറയുന്നത്. അപ്പോഴും എനിക്ക് അതേപ്പറ്റി വലിയ ധാരണയില്ലായിരുന്നു. അവർ വെറുതെ പറയുകയാണെന്നാണ് ഞാൻ വിചാരിച്ചത്. ഒന്നാമത് ഞാനതിൽ ചെയ്തത് ചെറിയ കഥാപാത്രമാണ്. അതായത് എന്റെ കഥാപാത്രം സ്ക്രീനിൽ വരുന്ന ടൈം വളരെ കുറവാണ്. പക്ഷേ സിനിമയിൽ കാണുമ്പോൾ ഞാൻ ഇല്ലാത്തപ്പോൾ പോലും ആ കഥാപാത്രത്തിന്റെ പ്രസൻസ് ഫീൽ ചെയ്യുന്നുണ്ട്. അത് എനിക്കറിയില്ലല്ലോ. പിന്നീട് സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് റിയാലിറ്റി മനസ്സിലായത്.
കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുണ്ട്
ഉറപ്പായും കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുണ്ട്. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ ഉർവശി കൽപ്പന തുടങ്ങിയവരുടെ വലിയ ആരാധികയായിരുന്നു ഞാൻ. അവർ രണ്ടുപേരും ഏത് കഥാപാത്രം ചെയ്താലും അതെല്ലാം നമ്മുടെ മനസ്സിൽ നിൽക്കുന്നവയായിരുന്നു. പിന്നെ എന്നെ അറിയുന്ന പലരും പറയാറുണ്ട് ഞാൻ അവരെ പോലെയാണെന്ന്. പക്ഷേ അങ്ങനെയുള്ള കഥാപാത്രങ്ങൾ എനിക്ക് കിട്ടിയിട്ടില്ല. ആളുകളെ അഭിനയിച്ചു കരയിപ്പിക്കാൻ എളുപ്പമാണ് പക്ഷേ ചിരിപ്പിക്കാൻ ബുദ്ധിമുട്ടാണ്. പിന്നെ അല്പമെങ്കിലും ചിരിപ്പിക്കാൻ കഴിഞ്ഞത് ആവേശം സിനിമയിലാണ്.
എല്ലാവരും അഭിനയത്തിലാണ്
ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ രണ്ടു മക്കളുമെല്ലാം അഭിനയത്തിൽ സജീവമാണ്. ആരും ആരുടെയും പ്രൊഫഷണൽ കാര്യത്തിൽ ഇടപെടാറില്ല. എല്ലാവരും സ്വന്തം സ്പേസ് ഒറ്റയ്ക്ക് കണ്ടെത്തിയതാണ്. അതായത് ആരും ആരുടെയും ഇടപെടൽ കാരണം ഇൻഡസ്ട്രിയിൽ വന്നവരല്ല എന്നർത്ഥം. പിന്നെ സിനിമ കണ്ടതിനുശേഷം എല്ലാവരും പരസ്പരം അഭിപ്രായങ്ങൾ പറയാറുണ്ട്. മക്കളായ ദർശനയാണെങ്കിലും ഭാവനയാണെങ്കിലും കുട്ടിക്കാലം മുതൽ ഡാൻസ് നന്നായി ചെയ്യുമായിരുന്നു. എന്റെ ഡാൻസ് ക്ലാസിലെ മികച്ച കുട്ടികളുടെ കൂട്ടത്തിൽ തന്നെയും രണ്ടുപേരും ഉണ്ടായിരുന്നു. രണ്ടുപേരെയും കലാക്ഷേത്രയിൽ വിട്ട് പഠിപ്പിക്കണം എന്നൊക്കെയായിരുന്നു എന്റെ ആഗ്രഹം. പിന്നെ പഠിത്തത്തിന്റെ കാര്യത്തിൽ ദർശന അക്കാദമിക്കലി ത്രൂ ഔട്ട് ടോപ്പറായിട്ടാണ് മുൻപോട്ടു പോയിട്ടുള്ളത്. എന്നാൽപിന്നെ കാര്യങ്ങളെല്ലാം മക്കളുടെ ഇഷ്ടം പോലെ തന്നെ ആവട്ടെ എന്ന് ഞാനും കരുതി. രണ്ട് പേരും ഡൽഹിയിലാണ് പഠിച്ചത്. അവിടുന്ന് ലണ്ടനിൽ പോയിട്ടാണ് മാസ്റ്റേഴ്സ് ചെയ്തത്. അതിനുശേഷമവർ ജോലിയിൽ കയറിയെങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് അതുപേക്ഷിച്ച് അഭിനയത്തിലേക്ക് വരുന്നത്. അങ്ങനെ ദർശന സിനിമയിലേക്കും ഭാവന നാടകത്തിലേക്കും കയറി. സൺഡേ ഹോളിഡേ എന്ന സിനിമയിൽ എനിക്കൊരു കഥാപാത്രമുണ്ടായിരുന്നു. അതിന്റെ ഷൂട്ടിന് എന്നെ കൊണ്ടു വിടുന്ന സമയത്താണ് എന്റെ ഭർത്താവായ രാജേട്ടനോട് സംവിധായകൻ ജിസ് ജോയ് അഭിനയിക്കാൻ പറയുന്നത്. ആ സിനിമയിൽ എന്റെ ഭർത്താവായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. അതിനുശേഷം വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിലും എന്റെ ഭർത്താവായി തന്നെ അദ്ദേഹം അഭിനയിച്ചു. അതുപോലെ രണ്ടുമൂന്നു പരസ്യങ്ങൾ മ്യൂസിക് ആൽബങ്ങൾ എല്ലാത്തിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിലേക്ക് എത്തിപ്പെട്ടത്
എന്റെ ചെറുപ്പകാലത്തൊക്കെ അവസരങ്ങൾ വന്നാൽ പോലും അച്ഛൻ സമ്മതിക്കാറില്ലായിരുന്നു. പിന്നെ ജീവിതത്തിന്റെ നല്ലൊരു കാലയളവ് വരെ ഞങ്ങൾ കുടുംബസമേതം റിയാദിലായിരുന്നു. അവിടെ ഞാൻ ഡാൻസ് ടീച്ചറായിരുന്നു. പിന്നീട് 2002 കാലത്തു ഞാനും മക്കളും നാട്ടിലേക്ക് തിരിച്ചുവന്നു. സഹോദരൻ ശ്രീ ശരത് ചന്ദ്രൻ ഡോക്യുമെന്ററി ഡയറക്ടർ ആയിരുന്നു. ചേട്ടന്റെ മരണം വളരെ പെട്ടെന്നായിരുന്നു. അതുകൊണ്ടുതന്നെ ഈ ഒരു ഫീൽഡിലേക്കെത്താനുള്ള കൃത്യമായ വഴികൾ ഒന്നും നമുക്കില്ലായിരുന്നു. അതിനിടയിൽ ഹരി എന്നൊരു സുഹൃത്ത് വഴി ഞാൻ പൊന്നമ്പിളി എന്ന സീരിയലിൽ അഭിനയിച്ചു. പിന്നീട് വേറെ സീരിയലുകളൊന്നും ചെയ്തിട്ടില്ല. ഒരുപാട് ദിവസം സീരിയലിനു വേണ്ടി മാറ്റിവയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ്. സ്ഥിരമായി ജോലിക്ക് പോകുന്ന ഫീലാണ് അപ്പോഴുണ്ടാകുക. അങ്ങനെ ഒരുപാട് വർഷം അഭിനയത്തിൽ നിന്നും മാറിനിന്നു. ഒടുവിൽ 2016 വർഷത്തിലാണ് തൃശിവ പേരൂർ ക്ലിപ്തം എന്ന സിനിമയിൽ ആസിഫ് അലിയുടെ അമ്മയായിട്ടുള്ള ഓഡിഷന് വേണ്ടി പോകുന്നത്. പക്ഷെ ഓഡിഷൻ ഒന്നും വേണ്ടി വന്നില്ല. സംവിധായകൻ രതീഷെന്നെ കണ്ടപ്പോഴേ പറഞ്ഞു സെലക്ടഡാണെന്ന്. അതായിരുന്നു ആദ്യം ചെയ്ത പടം. പക്ഷെ ആദ്യം പുറത്തുവന്നത് രക്ഷാധികാരി ബൈജു എന്ന സിനിമയാണ്.
കലാ പാരമ്പര്യമുള്ള കുടുംബം
അച്ഛൻ ഡോ. ചന്ദ്രശേഖരൻ നായർ സാഹിത്യകാരനും പത്മശ്രീ ജേതാവുമാണ്. ഹിന്ദി പ്രൊഫസറായിരുന്ന അച്ഛന് എന്നെയും അതേ പാതയിലേക്ക് കൊണ്ടുവരാനായിരുന്നു താല്പര്യം. പക്ഷേ എന്റെ താൽപര്യം വേറെയായിരുന്നു. അച്ഛന്റെ ആ ആഗ്രഹം നിറവേറ്റിയത് അനിയത്തിയാണ്. അതുപോലെ മുത്തച്ഛൻ എംപി മന്മദൻ, ‘യാചകൻ’ എന്ന സിനിമയിൽ മിസ് കുമാരിയുടെ നായകൻ ആയിരുന്നു. പക്ഷെ മുത്തച്ഛൻ ഒരു സ്വാതന്ത്ര്യ സമരസേനാനി ഒക്കെയായത് കാരണം സിനിമയിലെ കൾച്ചറും മുത്തച്ഛന്റെ ആദർശവും തമ്മിൽ ഒത്തുചേരില്ല എന്ന അവസ്ഥ വന്നു. അങ്ങനെ അദ്ദേഹം സിനിമ ഇൻഡസ്ട്രി തന്നെ വേണ്ടെന്ന് വെച്ചു. ഇങ്ങനെയുള്ള കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഞങ്ങൾ മക്കളെ എല്ലാതരത്തിലുള്ള കലകൾ അഭ്യസിപ്പിക്കാൻ വിടുമെങ്കിലും അതൊന്നും പൊതുവേദിയിൽ പെർഫോം ചെയ്യുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു. പക്ഷേ പിന്നീട് ഞങ്ങൾ അഭിനയമൊക്കെ തുടങ്ങിക്കഴിഞ്ഞപ്പോൾ അച്ഛന് നല്ല താല്പര്യമായി തുടങ്ങി അതെല്ലാം. അതിന് ശേഷം അച്ഛനേം കൊണ്ട് ഞാനഭിനയിച്ച സിനിമകളൊക്കെ കാണാൻ പോയിട്ടുണ്ട്.
മികച്ച കഥാപാത്രവുമായി ആഭ്യന്തര കുറ്റവാളി
കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത തുടങ്ങിയ ആർട്ടിസ്റ്റുകൾ ചെയ്തതുപോലെയുള്ള അമ്മ കഥാപാത്രങ്ങളൊന്നും ഇപ്പോഴത്തെ സിനിമകളിൽ കാണാൻ പറ്റില്ല. പുതിയതായി ഇറങ്ങുന്ന സിനിമകളിളെല്ലാം ചെറിയ ചെറിയ അമ്മ വേഷങ്ങളാണ് ഞങ്ങളെപ്പോലുള്ള എല്ലാ ആർട്ടിസ്റ്റുകൾക്കും ലഭിക്കുന്നത്. പക്ഷേ റിലീസാവാൻ നിൽക്കുന്ന ആഭ്യന്തര കുറ്റവാളി എന്ന സിനിമയിൽ അത്യാവശ്യം പ്രാധാന്യമുള്ള അമ്മ കഥാപാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.
പ്രതീക്ഷകളുടെ 2025
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ അമ്മയായിട്ട് അഭിനയിച്ചിട്ടുണ്ട്. അഭിലാഷം എന്ന സിനിമയിലൊരു കഥാപാത്രവും, ചെയ്തിട്ടുണ്ട്. ഇത് രണ്ടും റിലീസ് ആവാൻ നിൽക്കുന്ന സിനിമകളാണ്. പിന്നെ മുൻപേ ചെയ്തു വെച്ച കുറെ സിനിമകൾ റിലീസാവാൻ കിടപ്പുണ്ട്. അതൊക്കെ എപ്പോൾ വേണമെങ്കിലും വരാം. ലിജിൻ ജോസ് സംവിധാനം ചെയ്ത ചേര സിനിമ രണ്ടു കൊല്ലം മുൻപ് ചെയ്തതാണ്. അത് ഈ അടുത്ത് റിലീസ് ചെയ്യുമെന്ന് തോന്നുന്നു. അതുപോലെ ആഭ്യന്തര കുറ്റവാളി എന്ന സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. ആസിഫ് അലിയുടെ അമ്മയായി മുഴുനീളം വരുന്ന ഒരു കഥാപാത്രമാണത്. അതൊക്കെയാണ് പുതിയ സിനിമ വിശേഷങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.