വിവാദങ്ങൾ സിനിമയെ സഹായിക്കുമോ എന്നറിയില്ല; പ്രണയക്കൊലകൾ നേരിടണം -സ്വാസിക
text_fieldsപഴയകാല സിനിമാ മോഹികളെ പോലെ ചെന്നൈയിലേക്ക് സിനിമാ സ്വപ്നങ്ങളുമായി വണ്ടി കയറിയ നടിയാണ് സ്വാസിക. ആദ്യസിനിമ 'വൈഗൈ'യിൽ നായികയായി അഭിനയിക്കാനായിരുന്നു അത്. പിന്നീട് രണ്ടു മൂന്നു തമിഴ് സിനിമകളിൽ അഭിനയിച്ചെങ്കിലും തമിഴിൽ കാലുറപ്പിക്കാനാകാതെ തിരികെ മലയാളത്തിലേക്ക് തന്നെ മടങ്ങി; പൂജ എന്ന പേര് സ്വാസിക എന്നായത് മാത്രം ബാക്കിയാക്കി.
മലയാളത്തിലും കാര്യമായ റോളുകൾ ലഭിക്കാതെ കടുത്ത നിരാശയിൽ ടെലിവിഷൻ പരിപാടികളും നൃത്തവും മോഡലിങ്ങുമൊക്കെയായി കഴിയവേ ദത്തുപുത്രി എന്ന സീരിയലില്‍ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികക്ക് സീരിയല്‍ ആശ്വാസമായി മാറുകയായിരുന്നു. പിന്നീട് ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയെ ശ്രദ്ധേയയാക്കിയത്. സീതയിലെ പ്രകടനം സിനിമയില്‍ മികച്ച വേഷങ്ങള്‍ കിട്ടാൻ കാരണമായി. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ നീതു എന്ന 'തേപ്പുകാരി' കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സ്വഭാവനടിക്കുള്ള കേരള സ്‌റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചതോടെ അംഗീകരിക്കപ്പെട്ടു. ഇപ്പോൾ അഭിനയത്തെ കുറിച്ചും മറ്റും സ്വാസിക 'മാധ്യമം' ഓൺലൈനോട് സംസാരിക്കുന്നു.
ആദ്യ സിനിമ
സിനിമ മോഹങ്ങളുമായി നടന്ന കാലത്താണ് ആദ്യസിനിമയായ വൈഗൈ എന്ന തമിഴ് ചിത്രത്തിലേക്ക് നായികയായി ക്ഷണം ലഭിക്കുന്നത്. ചെന്നൈയിൽ പോയി അഭിനയിച്ചു. പിന്നീട് രണ്ടു തമിഴ് പടങ്ങൾ കൂടി ലഭിച്ചു. അതിനുശേഷം കാര്യമായ റോളുകളൊന്നും ലഭിച്ചില്ല. അങ്ങനെ കേരളത്തിലേക്ക് തന്നെ മടങ്ങി. പിന്നീട് കടുത്ത നിരാശയായിരുന്നെങ്കിലും ശ്രമം തുടർന്നുകൊണ്ടേയിരുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ ഇവിടെയെത്തി നിൽക്കുന്നത്.
സ്വാസിക എന്ന പേര്
ആദ്യം ചെയ്ത തമിഴ് സിനിമയിലാണ് പൂജയെ സ്വാസിക ആക്കി മാറ്റിയത്. അത് പിന്നെ ഒരു വ്യത്യസ്ത പേര് എന്നുള്ള രീതിയിൽ തുടരുകയായിരുന്നു.
വാസന്തി
വാസന്തിയിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ചതായിരുന്നു. അതോടെ കരിയർ ജീവിതത്തിൽ പ്രതീക്ഷകൾ വർധിച്ചു. പിന്നീട് ധാരാളം നല്ല കഥാപാത്രങ്ങൾ തേടിയെത്തി.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
എം. മുകുന്ദൻ സാറിൻ്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ വായിക്കുമ്പോൾ തന്നെ മനസ്സിൽ നിൽക്കുന്ന ഒരു കഥാപാത്രമാണ് ലില്ലി ടീച്ചറുടേത്. അതുകൊണ്ടാണ് കഥാപാത്രം സ്വീകരിച്ചത്. പിന്നെ വർഷങ്ങൾക്കു മുമ്പ് ഹരികുമാർ സാറിന്റെ കാറ്റും മഴയും എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് ഡയറക്ടർ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തിലേക്ക് ക്ഷണിക്കുമ്പോൾ പോകാതിരിക്കാനാകില്ല. ലില്ലി ടീച്ചർ എന്നത് ഒരു പ്രതിസന്ധി വരുമ്പോൾ പരസ്പരം എങ്ങനെ അതിനെ മറികടക്കും എന്നൊക്കെ ചിന്തിച്ച് സഹായിക്കുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ്. മറ്റൊന്ന് മുകുന്ദൻ സാർ ആദ്യമായി തിരക്കഥയെഴുതുന്ന സിനിമ എന്ന രീതിയിലും പിന്നെ സുരാജ്, ആൻ അഗസ്റ്റിൻ, കൈലാഷ് തുടങ്ങിയ താരനിരകൾ അഭിനയിക്കുന്ന സിനിമ എന്ന രീതിയിലും അതിൽ ഭാഗമാവാൻ എനിക്ക് താല്പര്യമായിരുന്നു. അതിലെ കഥാപാത്രം ഒരു ഫ്രഞ്ച് ടീച്ചറാണ്. ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രമാണ്. അവർക്ക് ആവശ്യമുള്ള കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കുന്ന കൂട്ടത്തിലാണ്. ആൻ അഗസ്റ്റിൻ ചെയ്യുന്ന കഥാപാത്രമായ രാധികക്ക് സപ്പോർട്ട് നൽകുന്ന ഒരു മോട്ടിവേഷണൽ കഥാപാത്രമാണ് എന്റേത്. ഈ കഥാപാത്രം സ്ത്രീപക്ഷ സൗഹൃദമാണ്. മോശം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയും എന്ന് കാണിച്ചാണ് രാധികയെ സപ്പോർട്ട് ചെയ്യുന്ന ലില്ലി ടീച്ചർ ശ്രദ്ധേയമാകുന്നത്. രാധികക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും അതിനനുസൃതമായ ജോലി കിട്ടാത്ത സാഹചര്യങ്ങൾ ഉണ്ട്. അപ്പോൾ നമ്മൾ തോറ്റു കൊടുക്കരുത് എന്ന് ഒരു സന്ദേശം പെൺകുട്ടികൾക്ക് എല്ലാകാലത്തും ആവശ്യമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ടെലിവിഷനും സിനിമയും
ടെലിവിഷൻ ചെറിയ ഫ്രെയിമാണ്. അഭിനയ രീതികൾ ഒക്കെ വളരെ ഒതുങ്ങിയ രീതിയിലായിരിക്കും. ബോഡി ലാംഗ്വേജിന് ഒന്നും പ്രസക്തിയില്ല. ക്ലോസായിട്ട് നമ്മുടെ മുഖത്തിന്റെ എക്സ്പ്രഷന് മാത്രം കൂടുതൽ പ്രാധാന്യം കൊടുത്താൽ മതിയാകും. എന്നാൽ സിനിമയിലേക്ക് എത്തുമ്പോൾ നമുക്ക് ഒരിടത്ത് നിന്ന് മാത്രം അഭിനയിക്കാൻ പറ്റില്ല. അതിലൊരു റിഥം വേണം. ഒരു ആക്ടിവിറ്റി ചെയ്തുകൊണ്ട് വലിയ വലിയ ഡയലോഗുകൾ പറയേണ്ടിവരും. അതാണ് അവ തമ്മിലുള്ള വലിയ വ്യത്യാസമായി എനിക്ക് തോന്നുന്നത്. മറ്റൊന്ന് സമയക്കുറവാണ്. ടെലിവിഷനിൽ ഒരു സ്ക്രിപ്റ്റ് തന്നു അത് നന്നായി വായിച്ചുനോക്കി അതിന്റെ ആന്തരിക അർഥത്തിലേക്കൊക്കെ പോയി നമുക്ക് എക്സ്പ്രഷൻ പ്രകടിപ്പിക്കാൻ കഴിയില്ല. അവിടെ ഒരു ദിവസം 20 എപ്പിസോഡ് എങ്കിലും എടുത്തിരിക്കണം. എന്നാൽ സിനിമയിൽ സ്ക്രിപ്റ്റ് നേരത്തെ കിട്ടും അത് വായിച്ച് മനസ്സിലാക്കി കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കാൻ കഴിയും. അപ്പോൾ ടെലിവിഷനിൽ അഭിനയിക്കുന്നവർ മോശക്കാരാണ് എന്നല്ല. സമയക്കുറവ് കാരണം അതിന്റേതായ പരിമിതികൾ അനുഭവപ്പെടുന്നു എന്ന് മാത്രം. സിനിമയിലാവുമ്പോൾ കുറച്ചുകൂടി മുൻകൂട്ടി പ്ലാൻ ചെയ്ത് അഭിനയത്തെ നന്നാക്കി എടുക്കാൻ കഴിയും.
ചെയ്യാൻ തോന്നിയ കഥാപാത്രങ്ങൾ
ചില കഥാപാത്രങ്ങളെ കുറിച്ച് അങ്ങനെ തോന്നാറുണ്ട്. നന്നായിട്ട് ചെയ്യുമായിരുന്നു എന്നല്ല കഥാപാത്രത്തെ എനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്നൊരു തോന്നൽ ഉണ്ടാകാറുണ്ട്. മണിച്ചിത്രത്താഴിലെ ശോഭന ചെയ്ത കഥാപാത്രം, പിന്നെ തൂവാനത്തുമ്പിയിലെ ക്ലാര. പിന്നെ പുതിയ കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഞാൻ മറ്റൊരു കഥാപാത്രമായി അഭിനയിച്ച പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ മറിയം എന്ന കഥാപാത്രം തുടങ്ങിയവ ലഭിച്ചിരുന്നെങ്കിൽ... അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്.
സിനിമയെ മോട്ടിവേഷൻ ആക്കരുത്
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സിനിമ, ടിവി, മറ്റു വിനോദോപാധികൾ കണ്ടിട്ട് പ്രചോദനം ഉൾക്കൊള്ളരുത്. അതിൽ നല്ലതു കാണിച്ചാലും പൊട്ടത്തരങ്ങൾ കാണിച്ചാലും അനുകരിക്കുക എന്ന രീതി ശരിയല്ല. സിനിമ ആത്യന്തികമായി ഒരു വിനോദോപാധിയാണ്. അപ്പോൾ അതിന്റെ വിജയത്തിനായി ചില കാര്യങ്ങളെ വളച്ചൊടിക്കാനും ചിലതിനെ പെരുപ്പിച്ചു കാണിക്കാനും ഒക്കെ ഉള്ള സ്വാതന്ത്ര്യമുണ്ട്. ഒരു എന്റർടൈൻമെന്റ് മേഖലയിൽ നിൽക്കുമ്പോൾ നമ്മൾക്ക് എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയാനായില്ല. നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ശരിയായ രീതിയിൽ ചിത്രീകരിക്കാൻ കഴിയില്ല. പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത പല കാര്യങ്ങളും കാണിക്കുന്ന സിനിമകളും കാണിക്കാത്ത സിനിമകളും ഉണ്ട്. എല്ലാത്തിനും സിനിമകളെ മാത്രം ഡിപ്പൻഡ് ചെയ്യാതിരിക്കുക. സിനിമയിൽ സ്ത്രീകഥാപാത്രങ്ങളിൽ ചിലത് നല്ല കഥാപാത്രങ്ങൾ വന്നിട്ടുണ്ട്. അല്ലാത്തതും ഉണ്ടായിട്ടുണ്ട്. അതാണ് ആത്യന്തിക ശരിയെന്നൊന്നും വിചാരിക്കാതിരിക്കുക. അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കാതിരിക്കുകയും ചെയ്യുക. എന്നാൽ മോട്ടിവായിട്ട് എടുക്കേണ്ട എന്നല്ല മോട്ടിവേഷൻ സിനിമ മാത്രമാകരുത് എന്നേയുള്ളൂ. എന്റെ അനിയൻ കീർത്തിചക്ര സിനിമ കണ്ട കാലത്ത് അതിൽ പ്രചോദിതനായി ഞാനൊരു ആർമി ഓഫിസർ ആകാൻ പോകുകയാണ് എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ പിന്നീട് കുറേ കഴിഞ്ഞപ്പോൾ ആ ചിന്തകളൊക്കെ മാറി മറ്റു കാര്യങ്ങൾ പഠിക്കാനും മറ്റും അവൻ പോയി. എന്നാൽ വായനയിലൂടെയോ ഏതെങ്കിലും ആർമി ഓഫിസറുടെ ജീവിതകഥ വായിച്ചും നേരിട്ട് അനുഭവിച്ചും അവൻ അങ്ങനെ ഒരു തീരുമാനത്തിലെത്തിയിരുന്നതെങ്കിൽ അതിൽ ഉറച്ചു നിന്നേനെ. അതു കൊണ്ട് സിനിമയിലൂടെയല്ല വായനയിലൂടെയും പഠനങ്ങളിലൂടെയും ആണ് നമ്മുടെ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തേണ്ടത്.
പ്രണയക്കൊലകളെ പ്രതിരോധിക്കണം
ഇന്ന് സ്ത്രീകൾക്ക് ഒരുപാട് നിയമങ്ങൾ ഉണ്ട്. പിന്നെ എവിടെ ചെന്നാലും സ്ത്രീകൾക്ക് ഒരു പരിഗണന ഒക്കെയുണ്ട്. എന്നിരുന്നാലും ഒരുപാട് പ്രശ്നങ്ങളെ അവൾ നേരിടുന്നുണ്ട്. ഇപ്പോൾ ഒരു സ്ത്രീ ചെറുപ്പം മുതൽ അവളുടെ ഉള്ളിന്റെ ഉള്ളിൽ ബിൽഡ് ചെയ്തു എടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അതായത് നമുക്ക് നോ പറയേണ്ടിടത്ത് പറയുക നമുക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ആണെങ്കിൽ അച്ഛന്‍റേയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങിയാണെങ്കിലും അത് ചെയ്യാതിരിക്കുക. നമ്മൾ ദുർബലരാണ് എന്നുള്ള തോന്നൽ മറ്റുള്ളവരിൽ ഉണ്ടാകാതിരിക്കുക. അങ്ങനെ തോന്നുമ്പോഴാണ് അവർ നമ്മുടെ മേലിൽ ആധിപത്യം സ്ഥാപിക്കാനും അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നത്. പിന്നെ സ്ത്രീകൾക്ക് വിദ്യാഭ്യസം നൽകണം. അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്ന ഒരു ജോലി വേണം. ഒരു പുരുഷനെ ആശ്രയിക്കാതെ ജീവിക്കാനുളള കരുത്തുണ്ടാകണം. പിന്നെ പ്രതിരോധ ശക്തി നമ്മൾ ചെറുപ്പം മുതലെ പരിശീലിപ്പിച്ചെടുക്കണം. എങ്കിലെ ഇപ്പോൾ നടക്കുന്ന പ്രണയക്കൊല പോലുള്ള കാര്യങ്ങളെ ഒരു പരിധിവരെ നേരിടാൻ ആവൂ. വിദ്യാഭ്യാസം കൊണ്ടും സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കൊണ്ടും സ്ത്രീധനം പോലുള്ള അനാചാരങ്ങളെ അല്ലെങ്കിൽ അത്തരം പ്രശ്നങ്ങൾ വരുമ്പോൾ അതിനെ നേരിടാൻ ആകാതെ ചെയ്യുന്ന ആത്മഹത്യകളെ ഒക്കെ പ്രതിരോധിക്കാൻ വേണ്ട കരുത്ത് ആർജിക്കാൻ സ്ത്രീകൾക്ക് കഴിയും.
വിവാഹപ്രായം
അതുപോലെ വിവാഹപ്രായം 21 വയസ്സ് ആക്കിയത് നല്ലതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 21 വയസ്സ് നിർണയിച്ചിട്ടുണ്ട് എങ്കിലും ചാടിപ്പിടിച്ച് 21 വയസ്സിൽ തന്നെ വിവാഹം കഴിക്കണമെന്നില്ല. ആ പ്രായത്തിൽ വിദ്യാഭ്യാസം കഴിഞ്ഞ് നിൽക്കുന്ന സമയം ആയിരിക്കും. അതിനാൽ ആ പ്രായത്തിൽ തന്നെ വിവാഹം ചെയ്യണം എന്നില്ല. പഠനം കഴിഞ്ഞ് ജോലിയൊക്കെ ലഭിച്ച് ഒരു എക്സ്പീരിയൻസ് കിട്ടാനുണ്ട്. പലപ്പോഴും ജോലി ലഭിക്കുന്നത് വീടിന്റെ അടുത്ത് തന്നെയാകണമെന്നില്ലല്ലോ. അകലെ ഒരു ജോലി ലഭിച്ചു പുതിയ സാഹചര്യത്തിൽ പോയി താമസിച്ച് ദൂരെ യാത്ര ചെയ്ത് ചിലപ്പോൾ നൈറ്റ് ഷിഫ്റ്റ് ഉള്ള ജോലിയായിരിക്കാം. അപ്പോൾ അതിൻറെ ഒരു എക്സ്പീരിയൻസ് ലഭിച്ച് ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് വീട്ടുകാരെ നോക്കി സമ്പാദിക്കാൻ പറ്റുമെങ്കിൽ കുറച്ച് സമ്പാദിച്ച് അതിനുശേഷം ഒരു 28 വയസ്സ് ഒക്കെ ആകുമ്പോൾ വിവാഹം മതി എന്നാണ് എന്റെ അഭിപ്രായം. എന്തായാലും ഒരു 25 വയസ്സിനുശേഷം വിവാഹം കഴിക്കുന്നതാണ് ഉചിതം എന്നാണ് തോന്നിയിട്ടുള്ളത്. ഇല്ലെങ്കിൽ നമുക്ക് മിസ്സ് ചെയ്യുന്ന പല കാര്യങ്ങളും വരും. അതൊന്നും ആസ്വദിക്കാൻ പറ്റാതെ വരും. കാരണം 21 വയസ്സ് വരെ നമ്മൾ മാതാപിതാക്കളുടെ ലാളനയിൽ ആയിരിക്കും. ഒരു ജോലി ലഭിക്കുമ്പോൾ ആയിരിക്കും നമ്മൾ വേറൊരു വർക്ക് പ്ലേസിൽ എത്തിപ്പെടുകയും പുതിയ അനുഭവങ്ങൾ ഉണ്ടാവുകയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കരുത്താർജിക്കുകയും ഒക്കെ ചെയ്യുക. അങ്ങനെ കിട്ടുന്ന അനുഭവങ്ങളിൽ നമ്മൾ വിവാഹിതരായി മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കുറെ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. പക്വതയുണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചില പെൺകുട്ടികൾ വീട്ടുകാരെ പേടിച്ച് ആയിരിക്കും കല്യാണത്തിന് സമ്മതിക്കുന്നത്. അപ്പോൾ നമുക്ക് ഇഷ്ടമല്ലെങ്കിൽ മാതാപിതാക്കളുടെ അടുത്ത് നോ പറയാൻ കഴിയണം. ചില മാതാപിതാക്കൾ പറയുന്നത് കേട്ടിട്ടുണ്ട് വയസ്സ് കൂടി കഴിഞ്ഞാൽ പിന്നെ വിവാഹം നടക്കില്ല. ചെക്കനെ കിട്ടില്ല എന്നൊക്കെ. അതൊക്കെ വെറുതെയാണ്. ഇന്നത്തെ കാലത്ത് വരനെ കിട്ടാത്ത പ്രശ്നമൊന്നുമില്ല. എനിക്ക് തോന്നുന്നില്ല 21 വയസ്സിൽ ഒരു പെൺകുട്ടിക്ക് പക്വത വരും എന്ന്.
അമ്മ പറഞ്ഞത്
എന്റെ അമ്മ 21 വയസ്സിൽ വിവാഹിതയായതാണ്. അമ്മ പറയാറുണ്ട് പെട്ടെന്ന് ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് കയറി ചെന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ. അതെങ്ങനെ നേരിടുമെന്ന് പകച്ചുനിന്നു പോയി. അവരെന്തെങ്കിലും പറയുമ്പോൾ വിഷമം ആവും. നമ്മൾ തിരിച്ചു പറയാൻ പറ്റാതെയും വിഷമിക്കും. പിന്നെ അമ്മക്ക് ഒരു അഡ്വക്കേറ്റ് ആയി ജോലി ചെയ്യണമെന്നുണ്ടായിരുന്നു. അതൊന്നും നടന്നില്ല. ആ കാലഘട്ടത്തിന്റെയും ഒരു പ്രശ്നമുണ്ട്. എന്നാൽ ഇന്ന് അങ്ങനെയല്ല. പഠിക്കാനുള്ള സാഹചര്യങ്ങൾ ഏറെയുണ്ട്. എന്നിട്ടും ആ സൗഭാഗ്യമൊന്നും വേണ്ട എന്നുവച്ചാണ് 21 വയസ്സിൽ വിവാഹത്തിന് ഓക്കെ പറയുന്നത്.
പ്രീ മാരിറ്റൽ കോഴ്സുകൾ വേണം
വിവാഹത്തിന് മുമ്പ് പ്രീ മാരിറ്റൽ കോഴ്സുകളും കൗൺസിലിങ്ങും ആവശ്യമാണ്. ഇപ്പോൾ ക്രിസ്ത്യൻസിന്റെ ഇടയിൽ അങ്ങനെയൊക്കെ ഉണ്ട്. മറ്റ് മതസ്ഥരുടെ ഇടയിൽ ഇല്ലെന്നാണ് എന്റെ അറിവ്. എന്നാൽ അത്തരം പാഠങ്ങൾ സ്കൂൾ പഠനത്തിന്റെ ഭാഗം തന്നെ ആക്കണം. പിന്നെ ആൺ പെൺ വേർതിരിവ് നമുക്കിടയിൽ വല്ലാതെ ഉണ്ട്. അതായത് എൽ.കെ.ജി, യു.കെ.ജി കാലഘട്ടത്തിൽ തന്നെ വേർതിരിവ് ഉണ്ടാക്കിയെടുക്കുന്നു. പിന്നീട് കോളജിലും മറ്റും എത്തുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. അപ്പോൾ അതുവരെ അതിർവരമ്പിട്ടിരുന്ന കാര്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പലപ്പോഴും അത് ദുരുപയോഗം ചെയ്യാനുള്ള പ്രവണത ഉണ്ടാകുന്നു. അതുണ്ടാകരുത്. ചെറുപ്പം മുതൽ ഇക്വാലിറ്റിയെ കുറിച്ച് പഠിപ്പിക്കണം. ഒരു പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ആകുന്നതോടെ പ്രീമാരിറ്റൽ കോഴ്സുകൾ സിലബസിൽ ഉൾപ്പെടുത്തണം.
വായന
കുറച്ച് വായനാശീലമുണ്ട്. ഒരു പുസ്തകപുഴു പോലെ അത്ര വലിയ വായനക്കാരി ഒന്നുമല്ല. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ കഥ വായിച്ചിരുന്നു. പിന്നെ മാധവിക്കുട്ടിയുടെ കഥകൾ വായിക്കാറുണ്ട്. നല്ല നോവലുകൾ ആരെങ്കിലും ശ്രദ്ധയിൽപ്പെടുത്തിയാൽ അത് വായിക്കും. പുതിയതിൽ ബെന്യാമിനെ ഇഷ്ടമാണ്. ആട്ജീവിതം, മനുഷ്യന് ഒരാമുഖം ഒക്കെ വായിച്ചിട്ടുണ്ട്. മീരയുടെ ആരാച്ചാർ ഇഷ്ടമാണ്.
യാത്രകൾ
യാത്രകൾ ഇഷ്ടമാണ്. പക്ഷേ ഞാൻ അങ്ങനെ യാത്ര ചെയ്യുക എന്നുള്ള രീതിയിൽ ഒരു സോളോ ട്രിപ്പ് ആയിട്ടോ മറ്റോ പോയിട്ടില്ല. വർക്കിന്റെ ഭാഗമായിട്ട് ചെയ്ത യാത്രകളെ ഉള്ളൂ. എന്നാൽ യാത്രകൾ ഇഷ്ടമാണ്. ഓരോ സ്ഥലത്ത് പോകാനും അവിടുത്തെ കൾച്ചർ മനസ്സിലാക്കാനും ഭക്ഷണങ്ങൾ രുചിക്കാനും ആളുകളുമായി ഇൻട്രാക്ട് ചെയ്യാനും ഒക്കെ ഇഷ്ടം തന്നെയാണ്.
സംഗീതം
ഞാൻ ക്ലാസിക്കൽ സോങ് പഠിച്ചിരുന്നു അക്കാലത്ത് പാടുമായിരുന്നു. പിന്നീട് സാന്ദർഭികമായി ഒക്കെ പാടാറുണ്ട്. തുടർച്ചയായി പാടിയിട്ടില്ല ഡാൻസ് പോലെ തന്നെ അവസരങ്ങൾ കിട്ടിയാൽ പാടും. പട്ടാസ്വദിക്കാറുണ്ട്
പുതിയ ചിത്രങ്ങൾ
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ കൂടാതെ ചതുരം, കുടുക്ക്, കുമാരി തുടങ്ങിയവയാണ്. ചതുരം വിവാദമായിരുന്നു. വിവാദങ്ങൾ സിനിമയെ സഹായിക്കുമോ എന്നറിഞ്ഞുകൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.