'അംബേദ്കറും പെരിയാറുമാണ് എന്‍റെ ഹീറോസ്, സിനിമയാണ് രാഷ്ട്രീയം'
text_fieldsതിരുവനന്തപുരം: വിസാരണൈ, പരിയേറും പെരുമാള്‍, അസുരന്‍, കര്‍ണന്‍ തുടങ്ങിയ രാഷ്ട്രീയ സിനിമകള്‍ സമ്മാനിച്ച തമിഴ് സിനിമാലോകത്തുനിന്ന് കാഴ്ചക്കാരനെ തിയറ്ററിനുള്ളിൽ ചുട്ടുപൊള്ളിച്ച കൂഴങ്കലിന് (പെബിൾസ്) കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണതിളക്കം. ഓസ്കറിന്‍റെ പടിവാതിലിലെത്തി ഒടുവിൽ തലയെടുപ്പോടെ മടങ്ങിയ ചിത്രത്തിന് ഏഷ്യയിലെ മികച്ച സിനിമക്കുള്ള നെറ്റ് പാക് അടക്കം മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചത്.
ഭർതൃഗൃഹത്തിൽനിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് സ്വന്തം കൂടപ്പിറപ്പിന് അനുഭവിക്കേണ്ട വന്ന വേദനയും സ്വന്തം ജീവിതത്തിൽ അനുഭവിച്ച യാതനകളുമാണ് പൂക്കടക്കാരനിൽനിന്ന് രാജ്യമറിയുന്ന സംവിധായകനിലേക്ക് പി.എസ്. വിനോദ് രാജിനെ വളർത്തിയത്. 57 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം പ്രശസ്തമായ റോട്ടർഡാം മേളയിൽ മികച്ച സിനിമക്കുള്ള ടൈഗർ അവാർഡും നേടിയിരുന്നു. പുരസ്കാരനിറവിൽ സിനിമയെക്കുറിച്ചും സംവിധാനവഴികളെക്കുറിച്ചും വിനോദ് രാജ് സംസാരിക്കുന്നു.
സ്വന്തം ജീവിതമാണോ കൂഴങ്കൽ?
തീർച്ചയായും. ദലിതനായ ഞാൻ വളർന്ന ചുറ്റുപാടും കണ്ട കാഴ്ചകളുമാണ് ചിത്രത്തിലെ ഓരോ സീനിലുമുള്ളത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. മൂന്ന് സഹോദരിമാരടങ്ങുന്ന കുടുംബത്തെ പോറ്റാൻ നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് മധുരയിലെ പൂക്കടയിൽ ജോലിക്ക് കയറി. അക്കാലത്താണ് ആദ്യമായി നടൻ വിജയ്കാന്തിന്‍റെ ഷൂട്ടിങ് കാണുന്നത്. അതോടെ എങ്ങനെയെങ്കിലും സിനിമയെക്കുറിച്ച് പഠിക്കണമെന്നായി. പക്ഷേ പ്രാരബ്ധങ്ങൾ സമ്മതിച്ചില്ല.
പിന്നീട് തിരുപ്പൂരിലെ തുണിമില്ലിൽ തുന്നൽക്കാരനായി. ആ ജീവിതം സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയതോടെ വീണ്ടും പഠിക്കണമെന്ന് തോന്നി. അങ്ങനെ 17ാം വയസ്സിൽ സ്വകാര്യ ട്യൂട്ടോറിയലിൽ ചേർന്നു. എട്ടുമുതൽ 10 വരെ പ്രൈവറ്റായി പഠിച്ച് പരീക്ഷയെഴുതി. അപ്പോഴേക്കും സിനിമയോടുള്ള ആഗ്രഹം ഭ്രാന്തമായി. സിനിമക്കാരിലേക്ക് എത്താനായി മധുരയിൽ ഡി.വി.ഡി കടയിൽ ജോലിക്ക് കയറി. ഇതിനിടയിൽ കാമറ പഠിക്കാനും പോയി. ഡി.വി.ഡി കടയിൽനിന്നുള്ള ബന്ധങ്ങൾ ചില സംവിധായകരിലേക്ക് എത്തിച്ചു. അവരുടെ അസിസ്റ്റന്‍റായി. ഒമ്പതോളം ഷോർട്ട് ഫിലിമുകൾക്ക് സഹസംവിധായകനായി. ഇതിൽ നിന്നുള്ള അനുഭവസമ്പത്താണ് സ്വന്തം ജീവിതം തന്നെ സിനിമയാക്കാനുള്ള ധൈര്യം തന്നത്.
ഒരു ഷോർട്ട് ഫിലിം പോലും ചെയ്ത് പരിചയമില്ലാത്ത ഒരാളുടെ ചിത്രത്തിനായി വിഘ്നേഷ് ശിവനും നയൻതാരയും ആദ്യമായി നിർമാണരംഗത്തേക്ക് എത്തുന്നു. എന്തായിരുന്നു ആ മാജിക്?
സുഹൃത്തുകളുടെ സഹായത്തോടെ കൂഴങ്കലിന്‍റെ കുറച്ച് ഭാഗം ചിത്രീകരിച്ചിരുന്നു. പക്ഷേ പണം പ്രശ്നമായതോടെ ഷൂട്ടിങ് നിലച്ചു. സിനിമ പൂർത്തിയാക്കാൻ നാഷനൽ ഫിലിം ഡെവലപ്മെന്‍റ് കോർപറേഷന്‍റെ സഹായം തേടി. അതുവരെ ഷൂട്ട് ചെയ്ത രംഗങ്ങൾ കണ്ട് അമ്പരന്ന സംവിധായകൻ റാമാണ് വിഘ്നേഷിന്‍റെയും നയൻതാരയുടെയും അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇരുവരും ഒരുമിച്ചിരുന്നു ഷൂട്ട് ചെയ്ത ഭാഗങ്ങൾ കണ്ടു. തിരക്കഥ മുഴുവൻ വായിച്ചപ്പോൾ നയൻതാരക്ക് ഏറെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് 40 ലക്ഷം രൂപക്ക് റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ആദ്യമായി നയന്‍താരയും വിഘ്‌നേഷ് ശിവനും ചേർന്ന് ചിത്രം നിർമിക്കാൻ തീരുമാനിച്ചത്.
തമിഴിൽനിന്ന് ജാതിരാഷ്ട്രീയത്തിലൂന്നി പൊള്ളിക്കുന്ന സിനിമകൾ അടുത്തകാലത്തായി ഏറെയുണ്ടാകുന്നു. എത്രത്തോളം സംഘർഷഭരിതമാണ് തമിഴ്നാട്ടിലെ ദലിത് ജീവിതം?
തമിഴ്നാടിന്‍റെ ശ്വാസം തന്നെ ജാതിയാണ്. ദാഹിച്ച് വലഞ്ഞ് വരുന്നവന് വെള്ളം കൊടുക്കുന്നത് പോലും അവന്‍റെ നിറം നോക്കിയാണ്. ദലിതർ താമസിക്കുന്നതിന്‍റെ പേരിൽ ബസ് സർവിസുകൾപോലും നിഷേധിക്കപ്പെട്ട ഗ്രാമങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നീരുറവ വറ്റിയ ഇത്തരം ഗ്രാമങ്ങളെ 'നികൃഷ്ടമായ ഇടങ്ങൾ' എന്നാണ് സവർണർ വിളിക്കുന്നത്. പാചകം ചെയ്യാൻ ചളിവെള്ളമെങ്കിലും കിട്ടുന്നതിന് രാവിലെ കുടവുമായി കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നവർ, ദാഹം തോന്നാതിരിക്കാൻ ഉരുളൻ കല്ല് വായിലിട്ട് സ്കൂളിൽ പോകേണ്ടിവരുന്ന കുട്ടികൾ, ചെരിപ്പ് ധരിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്തവർ, മീൻ വാങ്ങാൻ കാശില്ലാത്തതിനാൽ എലിയെ ചുട്ട് ഭക്ഷണത്തിനൊപ്പം കഴിക്കുന്നവർ. പ്രാകൃതയുഗത്തെക്കുറിച്ചാണോ ഞാൻ പറയുന്നതെന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ അല്ല. തമിഴ്നാട്ടിലെ ദലിത് ഗ്രാമങ്ങളെക്കുറിച്ച് തന്നെയാണ്. ഭൂരിപക്ഷത്തെ പേടിച്ച് വരണ്ട ഭൂമിയിൽ ജീവിതം ബലികഴിക്കാൻ വിധിക്കപ്പെട്ടവർ. ഇത്തരം ലക്ഷക്കണക്കിന് വരുന്നവർക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവർ സിനിമയിലൂടെ സംസാരിക്കാൻ ശ്രമിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് പറയുന്നവർ തന്നെയാണ് ഇത്തരം ഗ്രാമങ്ങളെ സൃഷ്ടിച്ചത്. ദലിതന്‍റെ അതിജീവനവും പുരോഗമനവും ഭരണകൂടം ആഗ്രഹിക്കുന്നേയില്ല.
ഒരോ സിനിമക്കും രാഷ്ട്രീയമുണ്ട്, എന്താണ് താങ്കളുടെ രാഷ്ട്രീയം?
സിനിമയൊരുക്കുക എന്നതാണ് എന്‍റെ രാഷ്ട്രീയം. അതൊരു രാഷ്ട്രീയപ്രവർത്തനമായി ഞാൻ കാണുന്നു. വെട്രിമാരനും പാ രഞ്ജിത്തും ടി.ജെ. ജ്ഞാനവേലും മാരി സെൽവരാജുമൊക്ക സിനിമയിലൂടെ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതായാണ് ഞാൻ വിശ്വസിക്കുന്നത്. കീഴ്ജാതിക്കാർക്കായി അവരുടെ അവകാശങ്ങൾക്കായി സവർണരോട് വിരൽചൂണ്ടിയ അംബേദ്കറും പെരിയാറുമാണ് എന്‍റെ ഹീറോസ്. സിനിമ എന്നത് താരത്തെ ആഘോഷിക്കാനുള്ളതല്ല. ജീവിതങ്ങളുടെ യാഥാർഥ്യങ്ങളിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുക എന്നതാണ്.
ശക്തമായ സ്ത്രീ രാഷ്ട്രീയം പറയാനാണോ കൂഴങ്കൽ ശ്രമിച്ചത്?
കൂഴങ്കൽ ഒരു സ്ത്രീ പാത്ര സൃഷ്ടിയല്ല. ഒരു സ്ത്രീയെ സ്ക്രീനിൽ കാട്ടിയാൽ അത് അവരുടെ മാത്രം കഥയാകും. ഏത് സ്ത്രീകൾക്കും ഇതേ അവസ്ഥ വരാം. ഞാൻ റുമേനിയയിൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ വയസ്സായ ഒരു സ്ത്രീ സിനിമ കണ്ടിട്ട് 'ഇത് എന്റെ കഥയാണ് നീ എങ്ങനെ അത് മനസ്സിലാക്കി ?' എന്നാണ് ചോദിച്ചത്.
ഐ.എഫ്.എഫ്.കെയെക്കുറിച്ച്?
കഴിഞ്ഞ ആറ് വർഷമായി ഐ.എഫ്.എഫ്.കെയുടെ സ്ഥിരം ഡെലിഗേറ്റാണ് ഞാൻ. കൈരളി തിയറ്ററിന് സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് എതിർവശത്തുള്ള ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചും ഏഴ് ദിവസം തിരുവനന്തപുരത്ത് ഞാൻ ഉണ്ടാകാറുണ്ട്. മണിക്കൂറുകൾ ക്യൂ നിന്നും ഇടികൊണ്ടും തറയിലിരുന്നുമൊക്കെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള എന്‍റെ സിനിമ ഐ.എഫ്.എഫ്.കെയിൽ വരുമ്പോൾ വീട്ടുകാരുടെ മുന്നിൽ സിനിമ പ്രദർശിപ്പിച്ചതിന്‍റെ ത്രില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.