''ഈ സങ്കടകാലത്ത് തിയേറ്ററിലെത്തുന്നവരെ തൃപ്തിപ്പെടുത്തും''; യുവം തീയേറ്ററുകളിലെത്തുേമ്പാൾ നായകന് പറയാനുള്ളത്
text_fieldsവാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം അമിത് ചക്കാലക്കൽ വീണ്ടും നായകനായെത്തുകയാണ്. നവാഗതനായ പിങ്കു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന 'യുവം' ഫെബ്രുവരി 12 മുതൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ട്രൈലർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിന്‍റെ വിശേഷങ്ങൾ അമിത് ചക്കാലക്കൽ മാധ്യമം ഓൺലൈനുമായി പങ്കുവെക്കുന്നു.
യുവം ഒരു എന്‍റർടൈനർ
ഒരു എന്‍റർടൈനർ സിനിമക്ക് വേണ്ട എല്ലാ ചേരുവകളുമുണ്ട് യുവത്തിന്. ഈ സങ്കടകാലത്ത് തിയേറ്ററിലെത്തുന്നവരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതാണ് സിനിമ. ത്രില്ലർ, കോമഡി, എൻർടൈനർ എലമെന്‍റുകളുള്ള ചിത്രത്തിൽ ഒരു വ്യക്തമായ സന്ദേശം കൂടിയുണ്ട്്.
വാരിക്കുഴിയിലെ കൊലപാതകത്തിൽ ഗൗരവമുള്ള കഥാപാത്രമായിരുന്നെങ്കിൽ ഇത് ഒരു സാധാരണ യുവാവിന്‍റെ വേഷമാണ്.യഥാർഥ സംഭവത്തിൽ നിന്നും പ്രചോദനമുൾകൊണ്ടുള്ളതാണ് ഈ കഥ. പ്രേക്ഷകർ സിനിമ സ്വീകരിക്കും എന്നുതന്നെയാണ് എന്‍റെ പ്രതീക്ഷ.
ട്രൈലർ പ്രതീക്ഷ തരുന്നു
3 മില്യണിലേറെപ്പേർ ചിത്രത്തിന്‍റെ ട്രൈലർ യൂട്യൂബിലൂടെ കണ്ടത് പ്രതീക്ഷയുള്ള കാര്യമാണ്.മുന്നണിയിലും പിന്നണിയിലും യുവതാരങ്ങൾക്കൊപ്പം സീനിയർ താരങ്ങളുമുണ്ട്. സായ്കുമാർ, ഇന്ദ്രൻസ്, ഷാജോൺ, ജാഫർ ഇടുക്കി എന്നിവരെല്ലാം ശ്രദ്ധേയ വേഷങ്ങളിെലത്തിയിട്ടുണ്ട്. ലോക്ഡൗണിന് മുേമ്പ ചിത്രീകരിച്ച സിനിമയാണെങ്കിലും കോവിഡ് മൂലം റിലീസ് വൈകുകയായിരുന്നു. പൂർണമായും കേരളീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളെല്ലാം ലൊക്കേഷനുകളായി. ഗോപിസുന്ദറാണ് സംഗീതം.
വൈറലായ പ്രസംഗത്തിന് പിന്നിൽ
അന്ന് കോളജിൽ സംസാരിച്ചത് എന്‍റെ ജീവിതത്തിലുണ്ടായ അവസ്ഥകളാണ്. പൂർണമായും ഉള്ളിൽനിന്നും വന്ന വാക്കുകളാണ്. ഒരുവട്ടംകൂടി ആവർത്തിക്കാൻ പറഞ്ഞാൽ അതിന് സാധിക്കണമെന്നില്ല. സിനിമയിലെന്നല്ല, ഏതൊരുമേഖലയിലായാലും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട ഒരു ഘട്ടമുണ്ട്്. ഞാനും അത് തരണം ചെയ്ത് വന്നവനാണ്. പണമില്ലാതെ ഒരുപാട് ബുദ്ധിയിട്ടുണ്ട്. എന്നെ ഇട്ടിട്ടുപോയ ഗേൾഫ്രണ്ട് തന്നെ 'വാരിക്കുഴിയിലെ കൊലപാതകം' കണ്ട്വിളിച്ചു എന്ന് പ്രസംഗത്തിൽ പറഞ്ഞത് മറ്റുള്ളവർക്ക് പ്രചോദനമാകാൻ വേണ്ടിയാണ്.
ഞാൻ വന്ന വഴികൾ
ഞാൻ പഠനത്തിൽ ഒട്ടും മിടുക്കനായിരുന്നില്ല. മെക്കാനിക്കൽ എൻജീനിയറായി ബിരുദമെടുത്തെങ്കിലും മനസ്സിൽ നിറയെ സിനിമയായിരുന്നു. അഭിനയമോഹം മനസ്സിൽ കയറിയ കാലത്ത് ഒരു ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. അവസാന റൗണ്ടിൽ പുറത്താക്കപ്പെടാനായിരുന്നു വിധി. എ.ബി.സി.ഡി, കാശ് എന്നിവയിൽ ചെറിയ വേഷം ചെയ്തു.
അതിനുശേഷം അവസരങ്ങൾ തേടി അലഞ്ഞെങ്കിലും ഒടുവിൽ കൊള്ളാവുന്ന ഒരു വേഷമെത്തിയത് ഹണി ബീയിലാണ്. ആ വേഷം ശ്രദ്ധിക്കപ്പെട്ടത് അനുഗൃഹമായി.
ലാൽ ബഹാദുർ ശാസ്ത്രി, കായംകുളം കൊച്ചുണ്ണി, പ്രേതം 2 എന്നിവയെല്ലാം കഴിഞ്ഞാണ് വാരിക്കുഴിയിൽ എത്തിയത്. അതിന് പ്രേക്ഷകരുടെ പ്രതികരണവും സോഷ്യൽ മീഡിയ പ്രതികരണങ്ങളുമെല്ലാം കണ്ടപ്പോഴാണ് ഒരു നടനെന്ന നിലയിലുള്ള നിർവൃതി തോന്നുന്നത്.
ലാൽ ബഹദൂർ ശാസ്ത്രിയിലെ പരിചയമാണ് വാരിക്കുഴിയിൽ നായകനായി രജിഷ് മിഥില എന്നെ സെലക്ട് ചെയ്യാൻ കാരണം. ഒരുപാട് നിർമാതാക്കൾ പുതുമുഖ നടൻ നായകനായുള്ള സിനിമ പ്രൊഡ്യൂസ് ചെയ്യില്ലെന്ന് വെച്ചിട്ടും എന്നെവെച്ച് സിനിമ ചെയ്ത രജീഷേട്ടനുള്ളതായിരുന്നു വാരിക്കുഴിയിലെ കഥാപാത്രത്തിന് ലഭിച്ച കൈയ്യടികൾ. 'യുവം' കരിയറിൽ ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.