ശബ്ദ സംവിധായകൻ
text_fieldsലോക സിനിമയുടെ നെറുകയിൽ ഇന്ത്യയുടെ ശബ്ദമായ പ്രതിഭ. അന്നോളം അധികമാരും ശ്രദ്ധിക്കാതിരുന്ന ശബ്ദമിശ്രണത്തിന്‍റെ അനന്തസാധ്യതകളിലേക്ക് അദ്ദേഹം കാതോർത്തപ്പോൾ പിറന്നത് ചരിത്രമായിരുന്നു. ഓസ്കർ വേദിയിൽ മലയാളിയുടെ അഭിമാനം ഉയർത്തിപ്പിടിച്ച റസൂൽ പൂക്കുട്ടിക്ക് സിനിമയെന്നാൽ അടങ്ങാത്ത അഭിനിവേശമാണ്. കഴിഞ്ഞ പത്തുവർഷക്കാലം ഇന്ത്യൻ സിനിമാ ലോകത്തെ കൂടുതൽ ഉയരത്തിൽ സ്വപ്നം കാണാൻ പഠിപ്പിച്ച അദ്ദേഹം സംവിധായകന്റെ കുപ്പായമണിയുകയാണ്. അധികമാരും കടന്നുചെല്ലാത്ത ഒറ്റപ്പെട്ട വഴിയിലൂടെ സഞ്ചരിച്ച് നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയ അദ്ദേഹത്തിന്‍റെ സിനിമയും ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കുമെന്ന് ഇതിനോടകം പുറത്തുവന്ന വിവരങ്ങൾ സൂചന നൽകുന്നു. റസൂൽ പൂക്കുട്ടി പറയുന്നു, സിനിമയിലെയും ജീവിതത്തിലെയും വർത്തമാനങ്ങൾ.
ഇന്ത്യൻ സിനിമ ഓസ്കറിന് മുമ്പും ശേഷവും
ഓസ്കർ ലഭിച്ച സമയത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റഹ്മാൻ ഒരു കാര്യം പറഞ്ഞിരുന്നു. അടുത്ത പത്തുവർഷം ഇന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടമായിരിക്കുമെന്നതായിരുന്നു അത്. അത് അങ്ങനെത്തന്നെ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ പത്തുവർഷം ഇന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടമായിരുന്നുവെന്നത് എന്റെയും റഹ്മാന്റെയും ഓസ്കറിന്‍റെ വിജയമായി കാണുന്നു. തമിഴ്, അസമീസ്, ഗുജറാത്തി സിനിമകളിലൊക്കെ ഇക്കാലത്തുണ്ടായ മാറ്റങ്ങൾ ശ്രദ്ധേയമാണ്. പുതിയ തലമുറയിലെ ഒരുപാട് ആളുകൾഈ രംഗത്തേക്ക് വളരെ ധൈര്യപൂർവം കടന്നുവന്നു.
മലയാള സിനിമയിലെ മറക്കാത്ത ശബ്ദങ്ങൾ
എലിപ്പത്തായം സിനിമയിൽ കരമന ജനാർദനൻ നായർ ചോറ് വാരിത്തിന്നുന്ന ഒരു രംഗമുണ്ട്. കഴിക്കുന്നതിനിടെ അദ്ദേഹം ചോറിൽ കല്ല് കടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തറവാട്ടിലെ കാരണവർ ചോറ് തിന്നുമ്പോൾ കല്ലുകടിക്കുന്നത് ശബ്ദത്തിലൂടെ അവതരിപ്പിച്ചപ്പോൾ ഒറ്റ സെക്കൻഡുകൊണ്ട് എത്ര വലിയ കഥയാണ് അവിടെ പറയാൻ കഴിഞ്ഞത്!.
സ്കൂളിൽ പഠിക്കുന്ന കാലത്ത് റേഷൻകടയിൽ നിന്ന് ഞാൻ അരി വാങ്ങിവരുമ്പോൾ ഉമ്മ അതിലെ കല്ല് പെറുക്കിക്കളയുന്നത് ഓർക്കുന്നുണ്ട്. എന്നാലും ചില കല്ലുകൾ ചോറ് കഴിക്കുമ്പോൾ നമ്മൾ കടിക്കും. ഞാൻ അനുഭവിച്ചിട്ടുള്ള ഒരു കാര്യമാണ് അവിടെ സിനിമയിലൂടെ കണ്ടത്.
അങ്ങനെയാണ് ദേവദാസ്, കൃഷ്ണനുണ്ണി എന്നീ പേരുകൾ ശ്രദ്ധയിൽപെടുന്നത്. ഈ രണ്ട് പേരുകളാണ് മലയാളത്തിൽ നിന്ന് ആദ്യമായി ശ്രദ്ധിക്കുന്നത്. കേരളം വിട്ടതിനുശേഷമാണ് കൂടുതൽ ആളുകളെ അറിഞ്ഞത്.
പടയോട്ടം സിനിമയിൽ നസീർ പായ്ക്കപ്പലിൽ വരുമ്പോഴുണ്ടാകുന്ന ശബ്ദമാണ് മറക്കാനാകാത്ത മറ്റൊന്ന്. ഈ ശബ്ദം പഴശ്ശിരാജക്കുവേണ്ടി ഞാൻ തിരഞ്ഞു കണ്ടെത്തി. മനോജ് കെ.ജയൻ വള്ളിയിൽ ചാടിക്കയറി പോകുമ്പോഴുള്ള ശബ്ദത്തിന് വേണ്ടിയാണ് ഈ ശബ്ദം അന്വേഷിച്ചത്. അങ്ങനെ കൃഷ്ണനുണ്ണി സാറിനെ വിളിച്ച് പടയോട്ടത്തിലെ ഈ ശബ്ദത്തെക്കുറിച്ച് ചോദിച്ചു. തമിഴ്നാട്ടിലെ നാഗർകോവിലിൽ ഒരു സ്ഥലത്ത് ചക്ക് ആട്ടുന്ന ശബ്ദമാണിതെന്ന് അദ്ദേഹം പറഞ്ഞുതന്നു. ഈ ശബ്ദമാണ് യുദ്ധരംഗത്ത് വള്ളിയിലൂടെ മനോജ് കെ. ജയൻ ചാടിപ്പോകുമ്പോഴുണ്ടാകുന്ന ശബ്ദമായി മാറിയത്. അങ്ങനെ ഒരുപാട് മറക്കാനാകാത്ത ശബ്ദങ്ങൾ മലയാള സിനിമയിലുണ്ട്.
ആധുനിക ശബ്ദമിശ്രണവും തിയറ്ററുകളും
പഴശ്ശിരാജ റിലീസ് ചെയ്ത സമയവും ഇന്നത്തെ കാലവും തമ്മിൽ താരതമ്യം ചെയ്താൽ, തീർച്ചയായും തിയറ്ററുകളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ശബ്ദ സംവിധാനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ മേഖലകളിലെ തിയറ്ററുകളിൽ ടിക്കറ്റിന്‍റെ വ്യതിയാനം മനസ്സിലാക്കണം. ഒരു കോർപറേഷൻ പരിധിയിലെ മൾട്ടിപ്ലക്സ് തിയറ്ററിൽ വെക്കുന്ന ശബ്ദ ഉപകരണങ്ങൾ അത്രയും ചെലവ് മുടക്കി പഞ്ചായത്തിൽ സ്ഥാപിക്കാനാകില്ല. ഈ തുക തിരിച്ചുപിടിക്കാനാകില്ലെന്നതാണ് കാരണം. ഇതിന് പരിഹാരം സ്റ്റാൻഡേഡൈസേഷൻ കൊണ്ടുവരുകയെന്നതാണ്. സിനിമ എപ്പോഴൊക്കെ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടോ അപ്പോഴൊക്കെ ശബ്ദമാണ് രക്ഷപ്പെടുത്തിയത്.
'ഒറ്റ' എന്ന സിനിമയുടെ 'സംവിധായകൻ'
പുെണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകുന്ന എല്ലാവരുടെയും സ്വപ്നമാണ് സിനിമാ സംവിധാനം. അങ്ങനെയൊരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്ത് ഞാൻ സുഹൃത്തുക്കളോട് പറയുമായിരുന്നു, 'ഞാൻ ഒരു സിനിമയെടുക്കും, ആ സിനിമ ഓസ്കർ നേടും'എന്ന്. എന്നാൽ, ഒരു ടെക്നിക്കൽ കാറ്റഗറിയിൽ ഓസ്കർ ലഭിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബോളിവുഡിൽനിന്നും ഇംഗ്ലീഷ് സിനിമകളിൽനിന്നുമടക്കം ഒരുപാട് ഓഫറുകൾ വന്നിട്ടുണ്ട്. എന്നാൽ, വളരെ യാദൃച്ഛികമായാണ് ഹരിഹരൻ എന്നൊരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഒരുപാട് കഥകൾ അദ്ദേഹത്തിന്‍റെ ജീവിതത്തിൽ കാണാനായി. അദ്ദേഹമെഴുതിയ പുസ്തകം എന്നെ ഏറെ ആകർഷിച്ചു. പ്രത്യേകിച്ച് ഒരു കാരണമില്ലാതെ എല്ലാ സൗകര്യങ്ങളുമുള്ള വീട്ടിൽനിന്ന് മൂന്നുതവണ ഒളിച്ചോടിയ ഒരാളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. ഒളിച്ചോട്ടങ്ങളെക്കുറിച്ച് വളരെ കാതലായ ഒരു കാരണമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് -അത് സ്വാതന്ത്ര്യം തേടിയെന്നതായിരുന്നു. അച്ഛനമ്മമാർ കുട്ടികൾക്ക് നൽകേണ്ട സ്വാതന്ത്ര്യം ഏതുതരത്തിലായിരിക്കണമെന്നും എത്രത്തോളമായിരിക്കണമെന്നുമാണ് അതിലൂടെ ഉരുത്തിരിഞ്ഞ ചോദ്യം. ഈ കാര്യം എന്‍റെ മനസ്സിൽ നിറഞ്ഞുനിന്നു.
ആഹാരം പോലും കഴിക്കാതെ ചെന്നൈയിലുള്ള ഒരു ചായക്കടയിൽ ഹരി ജോലി ചെയ്തു. രാജു എന്ന വ്യക്തിയുമായി അദ്ദേഹം പരിചയപ്പെട്ടത് വലിയ വഴിത്തിരിവായി മാറി. പിൽക്കാലത്ത് വലിയ സംരംഭകനായി ഹരി മാറി. പിന്നീട് നാടുവിട്ട്പോകുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്ന സന്നദ്ധ സംഘടനക്ക് തുടക്കമിട്ടു. ഇദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് സിനിമക്കുള്ള കഥ ഞാൻ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്ന് ചിന്തിക്കുന്നതാണ് 'ഒറ്റ' എന്ന സിനിമ.
ഞാൻ പഠിച്ചതും സംസാരിച്ചതുമൊക്കെ എന്റെ ഭാഷയായ മലയാളത്തിലാണ്. ഒരു സർക്കാർ മലയാളം മീഡിയം സ്കൂളിൽ പഠിച്ചുവളർന്ന സാധാരണക്കാരനാണ് ഞാൻ. പ്രീഡിഗ്രി എത്തിയപ്പോഴാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് വരുന്നത്. പിന്നീട് കേരളം വിട്ട് പുണെയിലേക്ക് പോയപ്പോൾ ഭാഷ വലിയൊരു പ്രശ്നമായി അനുഭവപ്പെട്ടു. ഭാഷയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ വ്യക്തിയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമെത്തിയ പല ഭാഷക്കാരോട് സംസാരിക്കാൻ കഴിയാതെ വന്നപ്പോൾ അതുവരെ പഠിച്ച വിദ്യാഭ്യാസത്തിന് ഒരു വിലയുമില്ലെന്ന് തോന്നിയിട്ടുണ്ട്.
സിനിമയെടുക്കാൻ ആലോചിച്ചപ്പോൾ എന്റെ മുന്നിലുണ്ടായിരുന്നത് മൂന്നു ചോയ്സുകളാണ്. ഒരു ഇംഗ്ലീഷ് ചിത്രം, ഒരു ഹിന്ദി ചിത്രം, ഒരു മലയാളം ചിത്രം എന്നിവയായിരുന്നു അത്. അവിടെവെച്ച് ഞാൻ എന്റെ ഭാഷയായ മലയാളം തിരഞ്ഞെടുത്തു. മമ്മൂക്കയെ നായകനാക്കിയുള്ള സിനിമ ഇപ്പോഴും മനസ്സിലുണ്ട്. അദ്ദേഹവുമായും ഇക്കാര്യം സംസാരിച്ചിരുന്നു. അത് വളരെ സങ്കീർണമായൊരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ്. 'ഒറ്റ'ക്ക് ശേഷം ഒരുപക്ഷേ ആ സിനിമ ചെയ്തേക്കാം.
ശബ്ദ സംവിധായകൻ
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകണം, സിനിമ പഠിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ ഉള്ളിൽ ശക്തമായത് തൊണ്ണൂറുകളിലാണ്. ഫിസിക്സ് ബിരുദം പൂർത്തിയാക്കിയ എനിക്ക് ശബ്ദ മിശ്രണം കൂടുതൽ നന്നായി വഴങ്ങുമെന്ന് ചിന്തിച്ചിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയപ്പോൾ സിനിമയെ കണ്ടെത്തുകയായിരുന്നു. അങ്ങനെ തൊണ്ണൂറുകളിൽ ശബ്ദം എന്നത് വലിയ സാധ്യതകളുള്ള ഒരു കലയാണെന്ന് തിരിച്ചറിഞ്ഞു. ശബ്ദത്തിന് ഒരാളെ ഒരുപാട് സ്വാധീനിക്കാൻ കഴിയും. നമ്മൾ കാണാത്ത മാനങ്ങൾ സൃഷ്ടിക്കാൻ ശബ്ദത്തിനാകും. ശബ്ദസംവിധായകൻ എന്നത് ഒരു പവർഫുൾ വ്യക്തിയാണെന്ന് അങ്ങനെ തിരിച്ചറിയുകയായിരുന്നു.
വ്യാജസിനിമ പതിപ്പുകൾ
സിനിമ മേഖലയിൽനിന്ന് 40 ശതമാനം വിനോദ നികുതി ഈടാക്കപ്പെടുന്നുണ്ട്. ഇത് വാങ്ങി പോക്കറ്റിലിട്ടിട്ട് സർക്കാർ ഇവിടത്തെ സിനിമ വ്യവസായത്തിനുവേണ്ടി എന്താണ് ചെയ്യുന്നത്?. ഒരു ഫെസ്റ്റിവൽ, ഫിലിം സ്കൂളുകൾ എന്നിവയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്. ഇവിടത്തെ വ്യാജന്മാരെ നിയന്ത്രിക്കാൻ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പരിഹാരം കാണാൻ കഴിയുന്നുണ്ടോ?. പരാതിപ്പെട്ടാൽ പരിഹാരം കാണാൻ ശക്തമായ നിയമങ്ങൾ എന്തുകൊണ്ടില്ല?
ഓസ്കറും ഇന്ത്യൻ സിനിമയും
● നോമിനേഷനുകളുണ്ടാകുന്നുണ്ടെങ്കിലും അവസാന നിമിഷം ഇന്ത്യൻ സിനിമകൾ തള്ളിപ്പോകുന്നത് എന്തുകൊണ്ടായിരിക്കാം...
അന്താരാഷ്ട്രതലത്തിലുള്ള സിനിമകളുണ്ടാകുന്നില്ലെന്നതാണ് ഓസ്കർ നോമിനേഷനുകളുണ്ടാകുന്നുണ്ടെങ്കിലും അവസാന നിമിഷം ഇന്ത്യൻ സിനിമകൾ തള്ളിപ്പോകുന്നതിന് കാരണം. വേറെയുമുണ്ട് കാര്യങ്ങൾ. തിരക്കഥ ഒരു പ്രധാന ഘടകമാണ്. ശബ്ദമിശ്രണം അന്താരാഷ്ട്ര തലത്തിലേക്ക് എത്തുന്നില്ല. നല്ല സിനിമകൾ ഇവിടെയുണ്ടാകുന്നുണ്ടെന്നത് വാസ്തവമാണ്. എങ്കിലും ഗൗരവമായി സിനിമകൾ ചെയ്യേണ്ടതുണ്ട്.
പുതുതായി വരുന്നവർക്ക് വലിയ മെസേജൊന്നും എന്റെ പക്കലില്ല. പൂർണമായി ഡെഡിക്കേറ്റഡാകുക. വിജയം നമ്മുടെ ഒപ്പം വരും. സിനിമയോട് നൂറ് ശതമാനം കളങ്കരഹിതമായി ഇടപെടുക. സിനിമയോട് പാഷനുണ്ടാകുക, കൂടുതൽ മനസ്സിലാക്കുക, പഠിച്ച് മുന്നോട്ടുപോകുക എന്നിവയൊക്കെയാണ് ആവശ്യം. നമ്മുടെ ഏറ്റവും ചുറ്റുവട്ടത്തുള്ള വിഷയങ്ങളെ സിനിമയിലൂടെ പറയാൻ ശ്രമിച്ചാൽ മികച്ച സൃഷ്ടികളുണ്ടാകും. ഏറ്റവും സിംപിൾ കാര്യങ്ങൾ പറയുന്ന സിനിമകളാണ് പലപ്പോഴും യൂനിവേഴ്സൽ സിനിമകളായി മാറിയിട്ടുള്ളത്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.