Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightവിമർശനങ്ങൾ...

വിമർശനങ്ങൾ നേരിടാനാകില്ലെങ്കിൽ സിനിമ ചെയ്യാതിരിക്കുക; ആരെയും നേർവഴിക്ക് നയിക്കാൻ ഉദ്ദേശമില്ല -അശ്വന്ത് കോക്ക്

text_fields
bookmark_border
Aswanth Kok About review bombing- latest interview
cancel

നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട, സിനിമ റിവ്യൂവർ അശ്വന്ത്‌ കോക്ക് മാധ്യമവുമായി സംസാരിക്കുന്നു.

ഔദ്യോഗിക രേഖകളൊന്നും കൈപറ്റിയിട്ടില്ല

നിലവിൽ റിവ്യൂ ചെയ്യാൻ പാടില്ല എന്ന് കോടതി പറഞ്ഞിട്ടില്ല. നിരൂപണത്തിന്റെ പേരിൽ ആരെയും ബ്ലാക്ക്മെയിൽ ചെയ്യാൻ പാടില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. അതായത് സിനിമയെ കുറിച്ച് മോശമായി പ്രചരിപ്പിച്ച് പണം തട്ടുന്നതിനെതിരെയാണ് കോടതി സംസാരിച്ചിട്ടുള്ളത്. പിന്നെ എന്റെ അറിവിൽ ആരും ബ്ലാക്ക് മെയിൽ ചെയ്തു പൈസ വാങ്ങി റിവ്യൂ ചെയ്യുന്നില്ല. റാഹേൽ മകൻ കോര സിനിമയുടെ സംവിധായകൻ ഉബൈനിയാണ് ഏറ്റവും പുതിയ കേസ് നൽകിയിരിക്കുന്നത്. അതിൽ തന്നെ എനിക്കെതിരെയുള്ള കേസ് എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പരാജയപ്പെട്ട ഒരു സിനിമയുടെ സംവിധായകൻ അറ്റൻഷൻ സീക്കിങ്ങിന് വേണ്ടി മാത്രം നൽകിയ കേസാണിത്. ഇങ്ങനെയൊരു സിനിമ സംവിധായകൻ മലയാള സിനിമയിലുണ്ടെന്ന് നാലു പേരെയറിയിക്കാനുള്ള ഒരു ശ്രമം മാത്രമാണത്.അല്ലാതെ അതിനപ്പുറം ഉദ്ദേശങ്ങളൊന്നും അതിനു പുറകിലില്ല. കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളൊന്നും ഇതുവരെ എന്റെ കൈയിലെത്തിയിട്ടില്ല. വാർത്തയിൽ വന്ന വിവരങ്ങൾ അറിയുന്നു എന്നല്ലാതെ അതിനപ്പുറം മറ്റു കാര്യങ്ങളൊന്നുമറിയില്ല. കേസിൽ ഒന്നാംപ്രതിയായ സ്‌നേക് പ്ലാന്റ് എൽ.എൽ. പി ഉടമയും റാഹേൽ മകൻ കോര സിനിമയുടെ പിആർഒ യുമായ ഹെയ്ൻസിനെ അറിയാമെന്നല്ലാതെ പ്രതിപട്ടികയിൽ ഉൾപ്പെട്ട അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് തുടങ്ങിയ ആരെയും എനിക്കറിയില്ല. നിലവിൽ ഹെയ്ൻസ് അദ്ദേഹത്തിന്റെ അഡ്വക്കേറ്റുമായി സംസാരിച്ച് കേസിന്റെ കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നുണ്ട്.

വർധിക്കുന്ന സംഘർഷത്തിനിടയിൽ നിരൂപകരും സൃഷ്ടാക്കളും

ഞാൻ ചെയ്യുന്ന റിവ്യൂസിന് പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുന്നു എന്ന തിരിച്ചറിവ് സിനിമ പ്രവർത്തകർക്ക് വന്നത് മുതലാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഗുണനിലവാരമില്ലാത്ത സിനിമകൾ മോശമാണെന്ന് തുറന്നു പറയുമ്പോൾ അതിനെ അംഗീകരിക്കുന്നതിന് പകരം അതൊരു സ്ട്രാറ്റജിയായെടുത്തുകൊണ്ട് ഞാൻ നെഗറ്റീവ് റിവ്യൂ പറഞ്ഞതുകൊണ്ടാണ് ആ സിനിമയൊക്കെ പരാജയപ്പെട്ടതെന്ന് തങ്ങളുടെ പ്രൊഡ്യൂസർമാരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണിവർ ചെയ്യുന്നത്. ഒരു സിനിമ ചെയ്തു വിജയിപ്പിക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മയെ മറച്ചുവെക്കുവാനായി അവർ ചെയുന്ന തന്ത്രപൂർവ്വമായിട്ടുള്ള ഒരു പ്രതിരോധമാണത്. ഒരു വിജയത്തിന്റെ മാനദണ്ഡമെന്നു പറയുന്നത് ഒരിക്കലും റിവ്യൂ അല്ല. നല്ല കോളിറ്റിയുള്ള സിനിമകളാണെങ്കിൽ അത് സ്വാഭാവികമായും വിജയിക്കും. സൗദി വെള്ളക്ക, പൊന്നിയൻ സെൽവൻ 2, ഭീഷ്മപർവ്വ തുടങ്ങിയ സിനിമകൾക്ക് ഞാൻ വളരെ മോശമായ റിവ്യൂവാണ് കൊടുത്തിരിക്കുന്നത്. പക്ഷേ പ്രേക്ഷകരിൽ ഭൂരിപക്ഷവും ഗംഭീരമെന്ന് പറഞ്ഞ സിനിമയായിരുന്നു അതൊക്കെ. അതുപോലെ മഹാവീര്യർ എന്ന സിനിമക്ക് ഞാൻ നല്ല റിവ്യൂ ആയിരുന്നു കൊടുത്തിരുന്നത്. പക്ഷേ അധികം ആളുകൾക്കും അത് കണക്ട് ചെയ്യാൻ പറ്റുന്ന സിനിമയായിരുന്നില്ല. കൂടുതൽ നെഗറ്റീവ് റിവ്യൂ വന്ന സിനിമയായിരുന്നു അത്. അതുപോലെതന്നെയായിരുന്നു പട സിനിമയുടെ കാര്യവും. അതുകൊണ്ടുതന്നെ സിനിമയുടെ വിജയവും പരാജയവും റിവ്യൂസും തമ്മിൽ ബന്ധമില്ല എന്ന് മനസിലാക്കണം. സിനിമകൾ പരാജയപ്പെടുന്നത് അവ മോശമായത് കൊണ്ട് തന്നെയാണ്. വാസ്തവത്തിൽ ഇവിടെ സിനിമാനിരൂപകരോട് സിനിമകാർക്കാണ് വൈരാഗ്യം വരുന്നത്. നിരൂപകർക്ക് സിനിമ പ്രവർത്തകരോടല്ല.

ചോദ്യം ചെയ്യപ്പെടുന്നത് നിരൂപകരുടെ യോഗ്യത

നിരൂപകർക്കങ്ങനെ പ്രത്യേകിച്ച് യോഗ്യതയുടെയൊന്നും ആവശ്യമില്ല. സിനിമ കണ്ട് ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടു എന്ന് പറയുക, ഇല്ലെങ്കിൽ ഇല്ല എന്ന് പറയുക. അതായത് സംസാരിക്കുന്ന വിഷയത്തിൽ ക്ലാരിറ്റി വേണം. ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റാനായി നയതന്ത്രപരമായി സംസാരിക്കരുത്. സിനിമ മോശമാണെങ്കിൽ അത് തന്നെ പറയണം. പിന്നെ സിനിമയെക്കുറിച്ചുള്ള ആധികാരികമായ പഠനമാണ് ചോദ്യം ചെയ്യുന്നതെങ്കിൽ ഞാൻ സിനിമയെ കുറിച്ച് ആധികാരികമായി പഠിച്ചിട്ടുണ്ട്. ഫിലിം സ്റ്റഡീസ് പഠിച്ചിട്ടുണ്ട്. അതുപോലെ ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമയുണ്ട്. എഡിറ്റിങ്ങും അറിയാം. പക്ഷേ സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ ഒരാൾക്ക് ഇതിന്റെയൊന്നും അറിവാവശ്യമില്ല എന്നുള്ളതാണ് സത്യം. പക്ഷേ ചോദിക്കുന്നവർക്ക് മുൻപിൽ പറയാൻ ഇത്തരത്തിലുള്ള ടെക്നിക്കൽ പശ്ചാത്തലം എനിക്കുണ്ട്. സിനിമയിലെ യൂണിറ്റിൽ പ്രവർത്തിക്കുന്ന ഓരോ ജീവനക്കാരും പ്രതിഫലം വാങ്ങിയാണ് തൊഴിൽ ചെയ്യുന്നത്. അവർക്ക് അനുവദിച്ചിരിക്കുന്ന തൊഴിൽസമയം കഴിഞ്ഞു വീണ്ടുമവർക്ക് വർക്ക് ചെയ്യണമെങ്കിൽ ഡബിൾ ചാർജായാണവർ പ്രതിഫലം വാങ്ങുന്നത്. അത്തരത്തിൽ സിനിമയുടെ സംവിധായകൻ, ഛായാഗ്രാഹകൻ, എഡിറ്റർ തുടങ്ങിയ എല്ലാവരും ചെയ്യുന്ന തൊഴിലിന് പ്രതിഫലം വാങ്ങുന്നുണ്ട്. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന സിനിമ എന്നൊരു പ്രൊഡക്റ്റ് തിയറ്ററിനകത്തേക്ക് കൊണ്ടുവരുന്നത് വിൽക്കാൻ വേണ്ടി തന്നെയാണ്. ഒരു സാധാരണക്കാരൻ അത് 150 രൂപ കൊടുത്തു കാണുന്ന സമയത്ത് ആ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും. അതിനെ പ്രേക്ഷകരുടെ അഭിപ്രായമായിട്ടെടുത്താൽ പോരെ. അല്ലാതെ അതിന്റെ പേരിൽ എന്തിനാണിത്ര അസഹിഷ്ണുത. പിന്നെ വളരെ ക്ഷമയോടെ സിനിമയെക്കുറിച്ച് കാവ്യാത്മകമായും ഭൗതികമായും അഭിപ്രായം പറയുന്ന കാലഘട്ടമെല്ലാം മാറിയിട്ടുണ്ട്. ഇപ്പോഴെല്ലാം തൽക്കഷണം കൊടുക്കുകയാണ് പതിവ്. മാറുന്ന കാലത്തിനനുസരിച്ച് അതിന്റേതായ മാറ്റങ്ങളുമുണ്ടാകും.

പരിധി നിശ്ചയിക്കേണ്ടത് ഭരണഘടന

നമ്മൾ നൽകുന്ന റിവ്യൂവിന് ഏതെങ്കിലും വിധത്തിലുള്ള പരിധികൾ നിശ്ചയിക്കണമെങ്കിൽ അത് ചെയ്യേണ്ടത് നമ്മുടെ ഭരണഘടനയാണ്. നമ്മുടെ നാട്ടിലിരുന്നുകൊണ്ട് നമുക്ക് എന്തെല്ലാം സംസാരിക്കാം എന്നുള്ളതിന് പരിധി നിശ്ചയിക്കുന്നത് നമ്മുടെ ഭരണഘടനഘടനയും നിയമങ്ങളുമാണ്. മറ്റൊരു രാജ്യത്തിരുന്നാണ് സംസാരിക്കുന്നതെങ്കിൽ ആ രാജ്യത്തിന്റെ നിയമങ്ങളെ നമ്മൾ മാനിക്കണം. നമ്മുടെ രാജ്യത്ത് സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നു പറയുന്നത് വളരെ മനോഹരമായ ഒന്നാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തെ എല്ലാവരും ജനാധിപത്യ രാജ്യമായി കാണുന്നതും. ഇവിടെ സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഞാൻ സംസാരിക്കും, റിവ്യൂ പറയും. എന്റെ സംസാരത്തിന്റെയോ/ അഭിപ്രായത്തിന്റെയോ പരിധി ഏതെങ്കിലും വിധത്തിൽ ലംഘിക്കപ്പെട്ടാൽ അത്തരത്തിൽ അതിരു കടക്കുന്ന സമയത്ത് തന്നെ എനിക്കെതിരായി മറ്റുള്ളവർക്ക് നിയമ നടപടികൾ സ്വീകരിക്കാമല്ലോ. ഞാൻ അസഭ്യമായ ഒന്നും പറയുന്നില്ല എന്നുള്ള കാര്യത്തിൽ എനിക്ക് കൃത്യമായ ബോധമുണ്ട്. നിലവിൽ ആ ബോധ്യത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്.

ആരെയും നേർവഴിക്ക് നയിക്കാൻ ഉദ്ദേശമില്ല

ഒരു നിരൂപണം പറയുന്ന സമയത്ത് ആ സിനിമയുടെ ക്രിയേറ്ററെ നേർവഴിക്ക് നയിക്കണമെന്ന ഒരു ഉദ്ദേശവുമൊന്നും എനിക്കില്ല. സിനിമകളെ കുറിച്ച് അഭിപ്രായം പറയുന്നത് എന്റെ ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാണ്. പിന്നെ ഒരാളെ എല്ലാവരും പേടിക്കുന്നുണ്ടെങ്കിൽ അതിനർഥം അയാൾ പറയുന്ന കാര്യങ്ങളിൽ ശരിയുണ്ടെന്നാണ്. ചില ആളുകൾ തങ്ങളുടെ സിനിമ ഒന്ന് കാണാമോ എന്ന് ചോദിക്കാറുണ്ട്.അതിപ്പോൾ ആ സിനിമ കണ്ട് ഞാൻ നെഗറ്റീവ് അഭിപ്രായം പറഞ്ഞാലും അവർക്ക് കുഴപ്പമില്ല. ഞാൻ റിവ്യൂ പറഞ്ഞെങ്കിലും ഇങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് മറ്റുള്ളവർ അറിയണമെന്നുള്ളതാണ് അവരുടെ ആവശ്യം. പക്ഷേ അങ്ങനെയുള്ള ഒരു അവസരമോ സാഹചര്യം ഞാനാർക്കും കൊടുക്കാറില്ല. ഇവിടെ ഒരാഴ്ചയിൽ തന്നെ തിയറ്ററുകളിൽ നാലും അഞ്ചും സിനിമകകളിറങ്ങുന്നുണ്ട്. പക്ഷേ പ്രേക്ഷകർക്ക് അത്തരം സിനിമകൾ കാണാൻ പോകുമ്പോൾ കാശും സമയവും നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ആളുകൾ വളരെ സൂക്ഷിച്ചാണ് കാണേണ്ട സിനിമകൾ തെരഞ്ഞെടുക്കുന്നത്. അതിനുവേണ്ടി അവർ റിവ്യൂ, സിനിമ കണ്ടവർ വഴിയുള്ള മറ്റു അഭിപ്രായങ്ങൾ എല്ലാം അന്വേഷിച്ചു കണ്ടെത്തും. അതിനുശേഷം അവർക്ക് ഓക്കെയാണെങ്കിൽ മാത്രമേ സിനിമ കാണാൻ പോവുകയുള്ളൂ. പിന്നെ സിനിമകാർക്കിടയിൽ തന്നെയാണ് പി.ആർ.ഒ വഴി സിനിമകൾ പ്രമോട്ട് ചെയ്യുന്ന ശീലവും മറ്റൊരു സിനിമയെ ഡീഗ്രെയ്ഡ് ചെയ്യുന്ന ശീലവുമെല്ലാമുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം നിരൂപണം ചെയ്യുക എന്ന് പറഞ്ഞാൽ അത് സിനിമയോടുള്ള വിയോജിപ്പുമല്ല കുറ്റപ്പെടുത്തലുമല്ല. ഞാൻ കണ്ട സിനിമ ആസ്വാദനത്തെ പ്രേക്ഷകരുമായി പങ്കുവയ്ക്കുക മാത്രമാണത്.

വിമർശനങ്ങൾ നേരിടാനാകില്ലെങ്കിൽ സിനിമ ചെയ്യാതിരിക്കുക

ചെയ്യുന്ന തൊഴിലിന് അഭിനന്ദനങ്ങൾ കിട്ടുന്നത് പോലെ തന്നെ വിമർശനങ്ങളും ലഭിച്ചേക്കാം. അത് അംഗീകരിക്കാൻ തയാറായി കൊണ്ട് മാത്രമേ തന്റെ പ്രൊഡക്ടുമായി ഒരാൾ പബ്ലിക്കിന് മുമ്പിലേക്ക് വന്നു നിൽക്കാവൂ. ഉദാഹരണത്തിന്, ദിവസവും എനിക്ക് ഒരുപാട് വിമർശനങ്ങൾ കേൾക്കാറുണ്ട്. അത്തരത്തിൽ കേൾക്കേണ്ട എന്നുണ്ടെങ്കിൽ റിവ്യൂ ചെയ്യാതിരിക്കുക എന്നത് മാത്രമേ എനിക്ക് ചെയ്യാനൊള്ളൂ. അല്ലാതെ വേറെ വഴികളൊന്നും മുമ്പിലില്ല. സിനിമ എന്നു പറയുന്നത് ഒരു മാസ് മീഡിയയാണ്. അതിനകത്ത് ആരാധകരുമുണ്ടായിരിക്കും വിമർശകരുമുണ്ടായിരിക്കും. അതിൽ വിമർശകരെ അംഗീകരിക്കാനുള്ള സഹിഷ്ണുത ഇല്ലായെങ്കിൽ ഇതിലേക്ക് വരാതിരിക്കുക. സത്യത്തിൽ സിനിമ പ്രവർത്തകരുടെ പ്രശ്നം ഇത്തരം വിമർശനങ്ങളൊന്നുമല്ല. പഴയതുപോലെ ആളുകളെ പറ്റിച്ചു സിനിമകൾ തിയറ്ററിൽ ഓടിക്കാൻ അവർക്ക് കഴിയുന്നില്ല എന്നതാണ്. അപ്പോൾ പിന്നെ റിവ്യൂവേഴ്സ് നെഗറ്റീവ് റിവ്യൂ പറയുന്നു, പുച്ഛിക്കുന്നു എന്നൊക്കെ പറഞ്ഞു ജനങ്ങളുടെ സഹതാപം നേടുകയാണ് അടുത്ത വഴി. പിന്നെ റിവ്യൂ കാണുന്ന പ്രേക്ഷക സംബന്ധിച്ചിടത്തോളം അവരെ എന്റർടൈൻ ചെയ്യിക്കുന്ന എന്തെങ്കിലും ഒന്ന് അതിൽ വേണം. വെറുതെയിരുന്ന് റിവ്യൂ പറഞ്ഞാൽ അവർക്ക് കാണാൻ താല്പര്യമുണ്ടാകില്ല. അവർക്ക് കാണുന്ന പ്രോഗ്രാം മടുക്കും. അതുകൊണ്ടുതന്നെ റിവ്യൂ ഇൻട്രസ്റ്റിങ് ആക്കാനുള്ള ഘടകങ്ങൾ ബോധപൂർവം ഞാൻ ഉൾപ്പെടുത്താറുണ്ട്. പക്ഷേ ഇതെല്ലാം സിനിമ പ്രവർത്തകരെ ബാധിക്കുന്നത് അവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് കാണുമ്പോഴാണ്. അല്ലായിരുന്നുവെങ്കിൽ ഇതൊന്നും അവരെ ബാധിക്കുകയേ ഇല്ല.

റിവ്യൂ ചെയ്യുന്ന ശൈലി മാറ്റാൻ ഉദ്ദേശമില്ല

മനഃപൂർവം മുൻകൂട്ടി ആലോചിച്ചു പ്ലാൻ ചെയ്തൊന്നുമല്ല ഞാൻ റിവ്യൂ പറയാനിരിക്കുന്നത്. പെട്ടെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുകയാണ് പതിവ്. ബോസ്&കോ സിനിമ കണ്ട സമയത്ത് വിനയ് ഫോർട്ടിന്റെ രൂപത്തിൽ കയ്യിൽ ഒരു ഫ്ലൂട്ടുമായി വന്ന വിഡിയോയെല്ലാം അത്തരത്തിൽ പെട്ടെന്ന് തോന്നിയതിന്റെ ഭാഗമായി ചെയ്തതാണ്. അതുപോലെതന്നെ ഹൃദയം സിനിമ ഇറങ്ങിയ സമയത്ത് വിനീത് ശ്രീനിവാസൻ വിവരിക്കുന്ന ദർശന എന്ന കഥാപാത്രത്തെ ഞാൻ ഡാകിനി അമ്മൂമ്മയുമായി താരതമ്യം ചെയ്തു എന്നത് വിവാദമായി. സിനിമയിൽ വിവരിക്കുന്ന വിവരണങ്ങളൊന്നും ആ കഥാപാത്രത്തിന് ചേരാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ വിളിച്ചത്. ദർശന എന്ന വ്യക്തിയെയല്ല ദർശന എന്ന കഥാപാത്രത്തെയാണ് ഞാൻ വിമർശിച്ചത്. അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കും അഭിമാനത്തിലേക്കും കടന്നു ചെല്ലുന്നുണ്ടോ എന്നത് പോലുള്ള നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങൾ നടക്കുന്നുവെന്ന് മറ്റുള്ളവർക്ക് തോന്നുകയാണെങ്കിൽ അതിനെതിരെ നടപടിയെടുക്കാം. അതും തയാറായി കൊണ്ട് തന്നെയാണ് ഇത്തരം വിഡിയോകൾ ചെയ്യുന്നതും. ഒരു സിനിമ കാണാൻ ഇറങ്ങുക എന്ന് പറഞ്ഞാൽ എന്റെ ഒരു ദിവസത്തെ മെനക്കെടുതന്നെയാണ്. രണ്ടുമൂന്നു മണിക്കൂർ സമയം ചെലവഴിച്ചു സിനിമ കണ്ട് തിരിച്ചു വീട്ടിലേക്ക് വന്ന ശേഷമാണ് റിവ്യൂ വിഡിയോസ് ചെയ്യുന്നതും അത് എഡിറ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്യുന്നതും. ശരിക്കും പറഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിനിടയിൽ ഞാൻ അസഭ്യമായി ഒന്നും പറയുന്നില്ല. അത്തരത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് നിയമം വഴി തെളിയിക്കപ്പെട്ടാൽ എനിക്ക് ബോധ്യപ്പെടും. അല്ലാത്തപക്ഷം അതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നേയില്ല.

കൂടുതൽ റിവ്യൂവേഴ്സ് വരട്ടെ

ഇവിടെ എല്ലാവരും വളരെ സേഫ് ആയി റിവ്യൂ പറയുന്നവരാണ്. മറ്റുള്ളവരെ പ്രീതിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ അതിലുണ്ട്. ഞാൻ പറയുന്നത് പോലെ വളരെ തുറന്ന രീതിയിൽ അഭിപ്രായം പറയുന്ന നിരൂപകർ കൂടുതൽ വേണം. ഇതിപ്പോൾ നിലവിൽ ഇതുപോലെ അഭിപ്രായങ്ങൾ തുറന്നു പറയാനായി ഒരാൾ മാത്രമുള്ളതുകൊണ്ടാണ് കൂടുതൽ അറ്റാക്ക് എനിക്കെതിരെ വരുന്നത്. തമിഴ് ഇൻഡസ്ട്രിയിലൊക്കെ ബ്ലൂ സട്ടെ മാരൻ പോലുള്ള ആളുകളൊക്കെയുണ്ട് ഇത്തരത്തിൽ നിരൂപണം പറയാനായി. അവിടുത്തെ ഇൻഡസ്ട്രിയിലുള്ളവർക്ക് അവരുടെ നിരൂപണങ്ങളൊന്നും അസഹിഷ്ണുതയുണ്ടാക്കുന്നില്ല. മലയാളത്തിൽ മാത്രമാണ് അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാമുള്ളത്. അവർ അസ്വസ്ഥരാവുകയാണ് ചെയ്യുന്നത്. പക്ഷേ പക്ഷവാദം പിടിക്കാൻ തയാറാവാത്ത വിധത്തിലുള്ള നിരൂപകർ കൂടുതലായി ഇവിടെ വരേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsAswanth Kok
News Summary - Aswanth Kok About review bombing- latest interview
Next Story