Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightനോളനിസം അഥവാ...

നോളനിസം അഥവാ പ്രതിഭയുടെ ദൃശ്യവിരുന്ന്

text_fields
bookmark_border
നോളനിസം അഥവാ പ്രതിഭയുടെ ദൃശ്യവിരുന്ന്
cancel

2023ൽ പുറത്തിറങ്ങിയ ‘ഓപ്പൺ ഹൈമർ’ മികച്ച നടനുള്ള ഓസ്കർ അവാർഡ് ഐറിഷ് നടനായ കിലിയൻ മർഫിക്ക് നേടിക്കൊടുത്തു. മികച്ച ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം, എഡിറ്റിങ്, സഹനടൻ വിഭാഗങ്ങളിലും സിനിമ പുരസ്കാരങ്ങൾ നേടി. ക്രിസ്റ്റഫർ നോളന്റെ 10 സിനിമകളിലൂടെയുള്ള സഞ്ചാരം തുടങ്ങുന്നു

ധുനിക സിനിമ ചരിത്രത്തിലെ തുല്യതയില്ലാത്ത സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്ര സം‌വിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ് അദ്ദേഹം. ഗ്രാഫിക്സും ശബ്ദ പ്രളയവും സൃഷ്ടിച്ച് കാണികൾക്ക് വിരുന്നൂട്ടുന്ന പതിവു ഹോളിവുഡ് സംവിധായകരുടെ പട്ടികയിൽ അദ്ദേഹത്തെ നമുക്ക് കാണാനാകില്ല. ശാസ്ത്രവും വർത്തമാന ജീവിതത്തിന്റെ പ്രതിസന്ധികളുമെല്ലാം കൂട്ടിച്ചേർത്തുള്ള അപൂർവമായ ദൃശ്യവിരുന്നാണ് നോളൻ സിനിമകൾ.

സയൻസ് ഫിക്ഷനും മാന്ത്രികതയും യുദ്ധവും പ്രണയവും നിരാസവും രതിയുമെല്ലാം അത്രമേൽ ചടുലമായാണ് നോളൻ കൈകാര്യം ചെയ്യുക. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാവർക്കും പെട്ടെന്ന് സംവദിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. മറ്റാരും പരീക്ഷിക്കാത്ത ദൃശ്യഭാഷയിലൂടെ ഒരു സിനിമയുടെ ഉള്ളടക്കത്തെ കാലാതിവർത്തിയാക്കുന്ന നോളൻ മാജിക്ക് അനുഭവിച്ചു തന്നെ അറിയണം.

തന്റെ ഓരോ സിനിമയും പരീക്ഷണങ്ങളാക്കി മാറ്റുന്ന അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ എല്ലാം വ്യത്യസ്ത രുചിക്കൂട്ടുകളാണ്. ചടുലമായ കഥ പറച്ചിൽ രീതിക്കും ആവിഷ്കാരത്തിലെ തനതു ശൈലിക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻകൂടിയാണ് നോളൻ.

മനുഷ്യാവസ്ഥയുടെ വൈകാരിക സംഘർഷങ്ങളെ തന്മയത്വത്തോടെ അഭ്ര പാളികളിലെത്തിക്കുന്ന അദ്ദേഹത്തി​ന്റെ സിനിമകൾക്ക് എന്നും ആരാധകരുണ്ട്. നോളന്റെ കഥാപാത്രങ്ങളെ തിയറ്ററിൽ ഒറ്റക്കു വിട്ടിട്ടു തനിയെ തിരികെ പോരാൻ പ്രേക്ഷകനു കഴിയില്ല. അവർ നിങ്ങളോടൊപ്പമുണ്ടാകും കുറച്ചു കാലത്തേക്കെങ്കിലും.

രണ്ടു പതിറ്റാണ്ടു പിന്നിട്ട സിനിമ ജീവിതത്തിൽ പരാജയം അറിയാത്ത സംവിധായകനാണ് അദ്ദേഹം. 1998ൽ പുറത്തിറങ്ങിയ സ്വതന്ത്ര സംവിധാന സംരംഭമായ ‘ഫോളോയിങ്ങി’ലൂടെയാണ് നോളൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് 2000ത്തിൽ പുറത്തിറങ്ങിയ നിയോ നോയർ ചലച്ചിത്രമായ ‘മെമന്റോ’യിലൂടെ ലോക പ്രശസ്തി നേടി.

‘ഓപ്പൺ ഹൈമർ’

ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ജെ. ഓപ്പൺ ഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയ ‘ഓപ്പൺ ഹൈമർ’ ആണ് അദ്ദേഹത്തി​ന്റെ പ്രസിദ്ധങ്ങളായ ചിത്രങ്ങളിൽ ഒന്ന്. ആണവായുധങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയ കെയ് ബേർഡ്, മാർട്ടിൻ ജെ. ഷെർവിൻ എന്നിവർ ചേർന്ന് രചിച്ച ‘അമേരിക്കൻ പ്രോമിത്യൂസ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ക്രിസ്റ്റഫർ നോളൻ ഈ ചിത്രം അണിയിച്ചൊരുക്കിയത്.

2023ൽ പുറത്തിറങ്ങിയ ഈ ബയോപിക് ചിത്രം ഏറ്റവും മികച്ച നടനുള്ള ഓസ്കർ അവാർഡ് ഐറിഷ് നടനായ കിലിയൻ മർഫിക്ക് നേടിക്കൊടുത്തു. കൂടാതെ മികച്ച ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം, എഡിറ്റിങ്, സഹനടൻ എന്നീ വിഭാഗങ്ങളിലും ഒന്നാമതായി സിനിമ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.

13 ഓസ്കർ അവാർഡുകൾക്ക് ഈ സിനിമയെ നാമനിർദേശം ചെയ്തിരുന്നു. സയൻസ് പശ്ചാത്തലം ധാരാളമുണ്ടായിട്ടും വൈകാരിക നിമിഷങ്ങളെ ഒപ്പിയെടുക്കുന്നതിൽ പൂർണമായും വിജയിച്ച ചി​ത്രമായിരുന്നു ‘ഓപ്പൺ ഹൈമർ’. ആറ്റംബോംബി​ന്റെ നിർമാണവുമായി ബന്ധപ്പെട്ട ഓരോ നിമിഷങ്ങളിലും അയാൾ അനുഭവിച്ച വൈകാരിക സംഘട്ടനങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കാൻ സിനിമക്കു കഴിഞ്ഞു.


ഓപ്പൺ ഹൈമർ എന്ന ശാസ്ത്രജ്ഞനേക്കാളും ഓപ്പൺ ഹൈമർ എന്ന മനുഷ്യനെയും അയാളുടെ മാനസിക സംഘർഷങ്ങളെയും സിനിമ വരച്ചുകാണിക്കുന്നു. രണ്ടാം ലോക യുദ്ധസമയത്ത് മാൻഹാട്ടൻ പ്രോജക്ടിന്റെയും അണുബോംബിന്റെ വികാസത്തിന്റെയും മേൽനോട്ടം വഹിച്ച പ്രതിഭാശാലിയായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞ​ന്റെ സങ്കീർണമായ മാനസിക വ്യവഹാരങ്ങളെ അഭ്രപാളികളിലെത്തിക്കാൻ കിലിയൻ മർഫിക്കു കഴിഞ്ഞു.

ലോകത്തെ മാറ്റിമറിച്ച ഒരു കണ്ടുപിടിത്തത്തിന്റെ പിതാവായി ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന കടുത്ത ആത്മവിശ്വാസം പ്രകടമാക്കുമ്പോഴും കമ്യൂണിസ്റ്റ് ആശയഗതിയുടെ സഹയാത്രികനാവു​മ്പോഴും സന്ദേഹവാദിയായ പ്രതിഭാശാലിയായിരുന്നു ഓപ്പൺ ഹൈമർ. അണുബോംബ് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴും സർക്കാർ ഉപദേഷ്ടാവായും അദ്ദേഹം ത​ന്റെ ജോലി ഭംഗിയാക്കി.

ഒടുവിൽ എല്ലാ പദവികളിൽനിന്നും നിഷ്‍കാസിതനായി വരണ്ട മന്ദഹാസത്തോടെ വിചാരണ നേരിടുന്ന ഓപ്പൺ ഹൈമറിന്റെ മുഖം അത്ര പെട്ടെന്നൊന്നും പ്രേക്ഷകൻ മറക്കില്ല. വിശ്രമമില്ലാതെ തന്റെ മുഴുവൻ പ്രതിഭയും അദ്ദേഹം ഉപയോഗിച്ചത് മാനവരാശിയുടെ നിത്യദുഃഖത്തിനു കാരണമായി എന്നത് മറ്റൊരു വിരോധാഭാസമായിത്തീർന്നു.

ബാറ്റ്മാൻ ട്രിലോജി, ഡൺകിർക്ക്, ഇൻസെപ്ഷൻ എന്നിവയുൾപ്പെടെ അഞ്ച് നോളൻ ചിത്രങ്ങളിൽ കിലിയൻ മർഫി ഇതിനകം അഭിനയിച്ചിരുന്നു. എന്നാൽ, ‘ഓപ്പൺ ഹൈമറി’ലാണ് ആദ്യമായി നായകനാവുന്നത്. ഒരു ത്രില്ലർ സിനിമക്ക് സമാനമായ അനുഭവമാണ് ‘ഓപ്പൺ ഹൈമർ’ സമ്മാനിക്കുന്നത്. ബയോഗ്രഫിക്കൽ ഡ്രാമ ഇനത്തിൽപെട്ട ഈ ചിത്രം നോളന്റെ കരിയർബെസ്റ്റ് ആണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു.

ആറ്റമിക് ബോംബിനെക്കുറിച്ചും അതിന്റെ ആശയഗതി ഉത്ഭവിക്കുന്നതും ഹിരോഷിമയെയും നാഗസാക്കിയെയും കത്തിച്ചാമ്പലാക്കുന്നതുവരെയുള്ള നാൾവഴികളെക്കുറിച്ചുമുള്ള പഠനമായി ഈ സിനിമയെ വിശേഷിപ്പിക്കാം. എമ്മ തോമസ്, ചാൾസ് റോവൻ, ക്രിസ്റ്റഫർ നോളൻ എന്നിവരാണ് നിർമാതാക്കൾ.

കിലിയൻ മർഫിയെ കൂടാതെ എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ് തുടങ്ങിയവർ അഭിനയിക്കുന്നു. സ്വീഡിഷ് സംഗീത സംവിധായകനായ ലുഡ്രിഗ് ഗോറാൻസൺ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ആമസോൺ പ്രൈം വിഡിയോസിൽ സിനിമ കാണാം.


ക്രിസ്റ്റഫർ നോളൻ


അടുത്ത ലക്കം: മെമന്റോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christopher NolanEntertainment NewsOppen Heimer
News Summary - Cinemas by Christopher Nolan-Oppen Heimer
Next Story