‘2018’ൽ ചെവിയിലെ ഇൻഫെക്ഷൻ കാര്യമാക്കാതെ അണ്ടർ വാട്ടർ സീനിനായി ടൊവി വന്നു -അഖിൽ ജോർജ്
text_fields‘2018’ എന്ന സിനിമയിലെ ചായഗ്രഹണത്തിലൂടെ ചർച്ച ചെയ്യപ്പെടുന്ന ഛായാഗ്രാഹകൻ അഖിൽ ജോർജ് മാധ്യമം ഓൺലൈനുമായി സംസാരിക്കുന്നു. കോടതിസമക്ഷം ബാലന്‍ വക്കീല്‍, ഫൊറന്‍സിക്, ഇബ്ലീസ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അഖിൽ ജോർജ് തന്‍റെ അനുഭവങ്ങളെക്കുറിച്ചും ‘2018’നെക്കുറിച്ചുമെല്ലാം വിവരിക്കുന്നു....
മികവിന്റ ‘2018’
മികച്ച അഭിപ്രായമാണ് ‘2018’ന് ലഭിക്കുന്നത്. ഒരു വർക്ക് കഴിയുമ്പോഴുള്ള സംതൃപ്തി വളരെയധികം അനുഭവിച്ചറിഞ്ഞ ചിത്രമാണിത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും എന്ന് മുൻപേ അറിയാമായിരുന്നു. പോസ്റ്റ് പ്രൊഡക്ഷനൊക്കെ കഴിഞ്ഞശേഷം ഈ സിനിമയെ ടെക്നീഷ്യൻ എന്ന നിലക്കല്ലാതെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ മാറിനിന്ന് നോക്കിയപ്പോൾ കൊള്ളാമെന്നു തോന്നി. നല്ലൊരു ടീം വർക്ക് കൂടി ഉണ്ടായ സിനിമയാണ് ‘2018’. അതിന്റെ ക്രെഡിറ്റ് ജൂഡ് ചേട്ടന്റെ അസോസിയേറ്റ് അസിസ്റ്റൻസ് തുടങ്ങി പ്രൊഡക്ഷനിൽ ഉള്ളവർക്ക് വരെയുണ്ട്. അത്രയും പെർഫെക്ട് ആയി ക്രൌഡ് മാനേജ്മെന്റ് നടത്തിയിട്ടുണ്ട് സിനിമയിൽ.
‘കുറെ പേർ ഇട്ടിട്ട് പോയ വർക്കാണിത്. ചെയ്യാൻ പറ്റുമോ’ -ജൂഡ് ചോദിച്ചു
‘കുറെ പേർ ഇട്ടിട്ട് പോയ വർക്കാണിത്. നിങ്ങൾക്ക് വർക്ക് ചെയ്യാൻ പറ്റുമോ’ എന്ന് ചോദിച്ചാണ് സംവിധായകൻ ജൂഡ് ചേട്ടൻ ആദ്യമായി വിളിക്കുന്നത്. അദ്ദേഹം നല്ല സംവിധായകനാണ്. എനിക്കാണെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടവുമാണ്. അതുകൊണ്ട് തന്നെ വളരെ സന്തോഷത്തോടെ ആ വർക്ക് ഏറ്റെടുത്തു. പ്രളയകാലത്തെ ഒറിജിനൽ ഫൂട്ടേജസ് നമ്മുടെ മീഡിയാസിൽ നിന്നൊക്കെ ഒത്തിരി ലഭിക്കും. അത്തരത്തിലുള്ള കുറെ ഫൂട്ടേജസ് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സിനിമയിലുപയോഗിച്ചിരിക്കുന്ന ഹെലിക്യാം ഷോട്ടിൽ പലതും ഇത്തരത്തിലുള്ള ഒറിജിനൽ ഫൂട്ടേജസാണ്. പിന്നെ വാർത്തകളിൽ കണ്ടിട്ടുള്ള പലതിന്റെയും റീക്രിയേഷനാണ് നമ്മൾ സിനിമയിൽ ചെയ്തിട്ടുള്ളതും.
ഓം ശാന്തി ഓശാനയൊക്കെ എടുത്ത ജൂഡ് ഇങ്ങനെയൊരു സിനിമ എടുത്തത് വിശ്വസിക്കൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. എന്റെ അഭിപ്രായത്തിൽ ഒരു സംവിധായകനെടുക്കുന്ന സിനിമയുടെ ജോണർ നോക്കിയല്ല അയാളെ അളക്കേണ്ടത്. കഴിവുള്ള വ്യക്തിക്ക് ഏത് ജോണറും ഹാൻഡിൽ ചെയ്യാൻ പറ്റുമെന്നതാണ് സത്യം. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അതത് ജോണറുകളിൽ മികച്ചതായിരുന്നു. ജൂഡ് ചേട്ടൻ ഭയങ്കര ഹാർഡ് വർക്കറാണ്. തനിക്ക് എന്താണ് ആവശ്യമെന്ന കാര്യത്തിൽ അദ്ദേഹത്തിന് പക്കാ ധാരണയുണ്ട്. അതിനോടൊപ്പം നിൽക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. അതുതന്നെയാണ് ‘2018’ എന്ന സിനിമയിൽ സംഭവിച്ചതും. ‘2018’ലെ കടൽ സീനുകളെല്ലാം സ്റ്റോറി ബോർഡ് ചെയ്തതാണ്. ഓക്കെ ആവുന്നത് വരെ പലപല സ്റ്റോറിബോർഡ് ആർട്ടിസ്റ്റുകൾ മാറിമാറി സ്റ്റോറി ബോർഡ് ചെയ്തിട്ടുണ്ട്. കാരണം അത്രയേറെ പെർഫെക്ഷനും പ്ലാനിങ്ങും ജൂഡ് ചേട്ടന് ആവശ്യമായിരുന്നു. 102 ദിവസത്തെ ഷൂട്ടാണ് സിനിമക്ക് വേണ്ടി വന്നത്. പിന്നെ സിനിമയിൽ സുധീഷേട്ടന്റെ പ്രളയത്തിൽ മുങ്ങുന്ന ഭാഗങ്ങളുണ്ട്. ഒരു വീട് സെറ്റിട്ട് അതിനകത്താണ് നമ്മളാ ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. ആ വീടിനകത്ത് വെള്ളം കയറുന്നതിന്റെ പല ഘട്ടങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു ടാങ്കിനകത്ത് വെള്ളം നിറച്ചുവെച്ചു ഓരോ സീനനുസരിച്ച് വെള്ളം കയറ്റുന്നതിന്റെ അളവ് കൂട്ടിയെടുക്കുകയായിരുന്നു അപ്പോൾ. പിന്നെ തീർച്ചയായും ആ സീനിലെല്ലാം എഫർട്ട് കൂടുതലെടുത്തത് ആർട്ടിസ്റ്റ്സ് ആണ്. ടെക്നീഷ്യൻസല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബാക്കി ഷൂട്ടിനെക്കാളുമെല്ലാം എളുപ്പമായിരുന്നത്. കാരണം പുറത്ത് ഷൂട്ട് ചെയ്യുന്നതുപോലെ മഴയൊന്നും കൊള്ളേണ്ട ആവശ്യം വരുന്നില്ല.
പ്രളയകാലത്തെ അനുഭവങ്ങൾ ലൊക്കേഷനിൽ വീണ്ടും...
മൊത്തം വെള്ളത്തിൽ തന്നെയായിരുന്നു ഷൂട്ടെല്ലാം. എന്നെ സംബന്ധിച്ചിടത്തോളം പ്രളയത്തിന്റെതായ ഒരുപാടനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ വീട് പറവൂർ ഭാഗത്താണ്. പ്രളയം നടക്കുന്ന സമയത്ത് ഞാൻ താമസിക്കുന്നത് കളമശ്ശേരിയിലും. പറവൂർ ഭാഗത്ത് വെള്ളം കയറി തുടങ്ങിയപ്പോൾ എന്റെ ഫാമിലിയിലുള്ളവരോട് കളമശ്ശേരിയിലേക്ക് വരാൻ പറഞ്ഞു. അവരെ കൊണ്ട് വരാൻ പലവഴി പോയെങ്കിലും എല്ലായിടത്തും വെള്ളം കയറിയിരുന്നു. ഒടുവിൽ നെഞ്ചോളം വെള്ളത്തിൽ ഇറങ്ങിയാണ് ഞാനെന്റെ വീട്ടുകാരെ സേയ്ഫാക്കി കൊണ്ടുവന്നത്. ഏതാണ്ട് അതുപോലെയൊക്കെയുള്ള പരിപാടിയായിരുന്നു ഇവിടെ ലൊക്കേഷനിലും. വെള്ളത്തിൽ ഇറങ്ങി തന്നെ പണിയെടുക്കേണ്ടി വന്നു. ക്യാമറയും തൂക്കി നല്ല ആഴത്തിലുള്ള വെള്ളത്തിൽ തന്നെ ഇറങ്ങി നിൽക്കേണ്ടി വന്നു. പക്ഷെ ആ വർക്കിനെയൊന്നും ബുദ്ധിമുട്ടായി കണ്ടിട്ടില്ല. എനിക്ക് വർക്ക് ചെയ്യാനിഷ്ടമായത് കൊണ്ട് നന്നായി ആസ്വദിച്ചു തന്നെയാണ് വർക്ക് ചെയ്തത്. പിന്നെ ഇത്തരത്തിലുള്ള കുറെ സിനിമകളൊക്കെ കണ്ട് അവരെങ്ങനെയാണ് അതിനെ എക്സിക്യൂട്ട് ചെയ്തത് എന്നൊക്കെ നോക്കി മനസിലാക്കാൻ ശ്രമിച്ചിരുന്നു. അത്തരം ചില ഹോംവർക്കുകളൊക്കെ സിനിമയ്ക്ക് മുൻപേ ചെയ്തിരുന്നു.
രോഹിത് വി.എസ് - അഖിൽ ജോർജ് കൂട്ടുകെട്ടിലൂടെ സിനിമയിലേക്ക്
ഞാനും അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ സിനിമയുടെ സംവിധായകൻ രോഹിത്തും എൻജിനീയറിങ് കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ആ കാലത്ത് ഞങ്ങൾ കുറച്ചു ഷോർട് ഫിലിംസ് ചെയ്തിരുന്നു. അന്ന് രോഹിത് ചെയ്ത ഷോർട് ഫിലിം കണ്ടിട്ട് സൈജു കുറുപ്പ് ചേട്ടൻ രോഹിതിനെ വിളിച്ചു. അങ്ങനെ ചേട്ടനാണ് ആസിഫ് അലിയെ കണ്ട് സംസാരിക്കാനുള്ള അവസരം തരുന്നത്. അതുവഴിയാണ് അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ സിനിമയുടെ കഥ ആസിഫ് അലിയോട് പറയുന്നതും ആ വർക്ക് നടക്കുന്നതും. പക്ഷെ സിനിമ തീർക്കാൻ മൂന്ന് കൊല്ലമെടുത്തുവെന്നത് വേറെ കാര്യം. ആ സിനിമയിലുള്ള എല്ലാവരും ഞങ്ങളുടെ ഫ്രണ്ട്സായിരുന്നു. ഞങ്ങൾക്കിടയിലെ പരസ്പരമുള്ള വിശ്വാസത്തിന്റെ പുറത്താണ് ആദ്യ സിനിമ നടക്കുന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ സിനിമകളെ കുറിച്ച് ഒരുപാട് സംസാരിക്കുമായിരുന്നു. അങ്ങനെ അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്, കള ഒക്കെ ഞങ്ങളുടെ കൂട്ടായ്മയിൽ സംഭവിച്ചു. രോഹിത്തിന്റെ കൈയിൽ ഇനിയും ഒരുപാട് കഥകളുണ്ട്. പിന്നെ വെറുതെയിരിക്കാൻ പറ്റില്ല എന്നൊരു പ്രശ്നം എനിക്കുണ്ട്. അതുകൊണ്ടാണ് കോവിഡ് കാലത്ത് ഒരു വർക്ക് ചെയ്യാമെന്നൊക്ക പറഞ്ഞു രോഹിതിനെ വിളിക്കുന്നത്. അവന്റെ കൈയിൽനിന്ന് ഒരു കഥ കേട്ടപ്പോൾ അതു നേരെ പോയി ടൊവിനോയോട് പറഞ്ഞു. ടൊവി ഓക്കെ പറഞ്ഞപ്പോൾ നേരെ നിർമ്മാണം കൂടി പ്ലാൻ ചെയ്തു പെട്ടെന്ന് തന്നെ സിനിമ സെറ്റ് ആക്കി. അങ്ങനെയാണ് ഞങ്ങളുടെ മൂന്നാമത്തെ സിനിമയായ കളയുടെ നിർമ്മാതാവായി ഞാൻ മാറുന്നതും.
ചെവിയിലെ ഇൻഫെക്ഷൻ കാര്യമാക്കാതെ ടൊവീനോ വന്നു...
ഫോറൻസിക്, കള, 2018 സിനിമകൾക്കൊക്കെ മുമ്പ് തന്നെ ടൊവിനോയെ എനിക്കറിയാം. പണ്ടുമുതലേ ഞങ്ങൾ തമ്മിൽ പരിചയമുണ്ട്. ഞാൻ സംവിധാനവും ക്യാമറയും ചെയ്ത ഷോട്ട് ഫിലിമിൽ ടൊവിനോ അഭിനയിച്ചിട്ടുണ്ട്. അത് ടൊവിനോയുടെ രണ്ടാമത്തെ ഷോട്ട് ഫിലിമായിരുന്നു. അക്കാലത്തു ടൊവിനോ ഐ.ടി മേഖലയിൽ വർക്ക് ചെയ്യുകയായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന തീവ്രമായ ആഗ്രഹവുമായി നടക്കുന്ന കാലവും. കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും ജോലി രാജി വെച്ച് സിനിമയിലേക്ക് പൂർണമായുമിറങ്ങി. ലൈഫിൽ ഗ്രാഫുള്ള ഒരു മനുഷ്യനായാണ് ഞാൻ ടൊവിനോയെ കാണുന്നത്. ഉയർച്ചയിലേക്കുള്ള ഗ്രാഫാണത്. ചെയ്യുന്ന സിനിമകളെല്ലാം എടുത്തു നോക്കിയാലറിയാം കായിക പരമായുള്ള എഫെർട്ടുകളെല്ലാം ഒരു മടിയും കൂടാതെയാണ് ടൊവിനോ എടുക്കുന്നതെന്ന്. മറ്റു നടൻമാർ അതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന സാഹചര്യങ്ങളിൽ പോലും പിന്നെയെന്താ ചെയ്യാലോ എന്ന മൂഡിലുള്ള ആളാണ് ടൊവിനോ.
2018 സിനിമ നടക്കുന്ന സമയത്ത് അണ്ടർ വാട്ടർ സീൻ ഷൂട്ട് ചെയ്യുമ്പോൾ ടൊവിയുടെ ചെവിയിൽ ഒരു ഇൻഫെക്ഷൻ വന്നു. ആ സമയത്ത് ഡോക്ടർ പറഞ്ഞത് മൂന്നു ദിവസത്തേക്ക് വെള്ളം കൊള്ളരുത് എന്നാണ്. പക്ഷെ ഷൂട്ട് വൈകാൻ പാടില്ല എന്ന മനസ്സ് കാരണം ടൊവിനോ ഷൂട്ടിനായി വന്നു. വേണമെങ്കിൽ മൂന്നു ദിവസം റസ്റ്റ് എടുക്കാമായിരുന്നു. പക്ഷേ സിനിമ നീട്ടി വയ്ക്കരുത് എന്ന് ആഗ്രഹിച്ചു. സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ ഓടി വന്നു. അതാണ് ഡെഡിക്കേഷൻ.
സേതുരാമയ്യർ അഞ്ചാം ഭാഗത്തിൽ
ഡയറക്ടറുടെ വിഷനാണ് ഓരോ സിനിമയും. സംവിധായകന്റെ കൂടെ നിൽക്കുക എന്ന ജോലിയാണ് ഞാൻ ചെയ്തത്. സേതുരാമയ്യരുടെ നാല് ഭാഗവും എടുത്ത ആളാണ് മധു സാർ. അദ്ദേഹത്തിന് അഞ്ചാം ഭാഗം എളുപ്പത്തിൽ എടുക്കാനുമറിയാം. അദ്ദേഹത്തിന്റെ കൂടെ നിൽക്കുക എന്നത് മാത്രമാണ് ഞാൻ ചെയ്യേണ്ടത്. ആ ജോലി ഞാൻ പരമാവധി നന്നായി ചെയ്തു. പിന്നെ മമ്മുക്കയുടെ കൂടെ ദി പ്രീസ്റ്റ് സിനിമയിൽ വർക്ക് ചെയ്തു.
നിലവിൽ സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. പുതിയ വർക്കുകൾ ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം.
എൻജിനീയറിങ് പഠിച്ച് സിനിമയിലേക്ക് വഴിമാറി
എഞ്ചിനീയറിങ്ങിന് പഠിച്ചത് ഇലക്ട്രോണിക്സ് ആൻഡ് മീഡിയ ടെക്നോളജി എന്ന കോഴ്സായിരുന്നു. സൗത്ത് ഇന്ത്യയിൽ തന്നെ വീഡിയോ ടെക്നോളജിയുള്ള ഏക ബിടെക് കോഴ്സാണിത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാനായിരുന്ന ആഗ്രഹം. പക്ഷേ വീട്ടുകാരുടെ താൽപര്യപ്രകാരം ഈ കോഴ്സിനു ചേർന്നു. എന്നാലും മീഡിയ ടെക്നോളജി പഠിക്കാൻ പറ്റി. പക്ഷേ പ്രാക്ടിക്കൽ വശങ്ങളൊന്നും പഠിക്കാൻ പറ്റിയില്ലെങ്കിലും ടെക്നിക്കലി എല്ലാത്തിനെക്കുറിച്ചും നമ്മളെയവർ പഠിപ്പിക്കും.
അക്കാലത്ത് സൗണ്ടിലായിരുന്നു എനിക്ക് കൂടുതൽ താല്പര്യം. സൗണ്ട് എൻജിനീയറാവണം എന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ പിന്നീടതൊക്കെ വഴിമാറി വഴി മാറി ചായഗ്രഹണത്തിലേക്ക് വന്നു. ആരെയും അസിസ്റ്റ് ചെയ്യാൻ ഒന്നും സാധിച്ചിട്ടില്ല. നേരിട്ട് സിനിമയിലേക്ക് വരികയായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുണ്ട് പ്രഗൽഭരായ ചായഗ്രഹകരെ അസിസ്റ്റ് ചെയ്യണമെന്ന്. ടെക്നിക്കലി ഇനിയും ഒരുപാട് പഠിക്കണമെന്ന്....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.