ഡാവിഞ്ചി എന്ന നടൻ
text_fields‘പല്ലൊട്ടി 90 കിഡ്സ്’ എന്ന സിനിമയിലെ കണ്ണൻ ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡാവിഞ്ചി മികച്ച ബാലനടനുള്ള പുരസ്കാരം നേടിയത്. പല്ലൊട്ടി 15 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമായപ്പോഴും ബാലനടനുള്ള ലോഹിതദാസ് സ്മാരക പുരസ്കാരം ലഭിച്ചിരുന്നു
ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കരുപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൈക്കിലൂടെ ഹെഡ്മാസ്റ്ററുടെ ശബ്ദത്തിൽ ഒരു അനൗൺസ്മെന്റ് മുഴങ്ങി. ‘‘ഈ വർഷത്തെ ഏറ്റവും മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നമ്മുടെ സ്കൂളിന്റെ അഭിമാനമായ ഒമ്പതാം ക്ലാസ് വിദ്യാർഥി ഡാവിഞ്ചിക്ക് ലഭിച്ചിരിക്കുന്നു...’’
ഇത് ഒരു ഞെട്ടലോടെ കേട്ടത് ഡാവിഞ്ചിയാണെങ്കിലും അവന്റെ കൂട്ടുകാർ ഞെട്ടിയില്ല. കാരണം ഡാവിഞ്ചിയിലെ പ്രതിഭയിൽ അവർക്ക് നല്ല വിശ്വാസമായിരുന്നു. അന്നു വൈകീട്ട് സ്കൂൾ വിട്ടപ്പോൾ സഹപാഠികൾ ആഹ്ലാദാരവങ്ങളോടെ ഡാവിഞ്ചിയെ തോളിലേറ്റിക്കൊണ്ടാണ് റോഡിലൂടെ പോയത്. വെള്ളാങ്ങല്ലൂർ ഗ്രാമത്തിൽ അങ്ങനെ ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തി.
‘പല്ലൊട്ടി 90 കിഡ്സ്’ എന്ന സിനിമയിലെ കണ്ണൻ ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡാവിഞ്ചി മികച്ച ബാലനടനുള്ള പുരസ്കാരം നേടിയത്. പല്ലൊട്ടിക്കുതന്നെ മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച ബാലനടൻ, മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗായകൻ (കപിൽ കപിലൻ). ജിതിൻ രാജാണ് സംവിധായകൻ.
ഒരു സാധാരണ കുടുംബത്തിലാണ് ഡാവിഞ്ചിയുടെ ജനനം. ഡാവിഞ്ചിയുടെ അച്ചാച്ചൻ കളത്തിങ്കൽ സുബ്രഹ്മണ്യന്റെയും പിതാവ് സതീഷ് കുന്നത്തിന്റെയും നാടകവഴികളിലൂടെയായിരുന്നു ഡാവിഞ്ചിയുടെ അഭിനയജീവിതത്തിന്റെ ആദ്യക്ഷരങ്ങൾ ആരംഭിച്ചത്. ഫാൻസി ഡ്രസ് മത്സരത്തിനായി വേഷമിട്ട് ഊഴം കാത്തുനിന്ന ഒരു അംഗൻവാടി വിദ്യാർഥി ഒടുവിൽ സ്റ്റേജിന് സൈഡിലൂടെ നോക്കിയപ്പോൾ ആൾക്കൂട്ടം കണ്ട് ചിണുങ്ങിക്കരഞ്ഞ് വീട്ടിലേക്ക് ഭയന്നോടി. എന്നാൽ, അവിടെനിന്നുള്ള ആ ഓട്ടം ഇപ്പോൾ ചെന്നെത്തിയത് മികച്ച ബാലനടനിലേക്കായിരുന്നു.
വേനൽത് തുമ്പി കലാജാഥയിലൂടെയും ഗ്രാമീണ നാടകങ്ങളിലൂടെയുമാണ് ഡാവിഞ്ചി അഭിനയസപര്യയുടെ രസതന്ത്രം പഠിച്ചത്. കാമറക്കു മുന്നിൽ ആദ്യമെത്തിയത് അൻസാരി കരുപ്പടന്ന സംവിധാനം ചെയ്ത ‘ജീൻവാൽ ജീനി’ലൂടെയായിരുന്നു. പല്ലൊട്ടി ആദ്യം 15 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമായിട്ടാണ് പുറത്തിറങ്ങിയത്. അന്ന് ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച ബാലനടനുള്ള ലോഹിതദാസ് സ്മാരക പുരസ്കാരം ഡാവിഞ്ചിക്ക് ലഭിച്ചിരുന്നു. അതേ വേഷത്തിനാണ് ബിഗ് സിനിമയായപ്പോൾ സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചതെന്നത് ഇരട്ടിമധുരമായി.
ഇതിനോടകം ഒരു ഡസനിലധികം ഷോർട്ട് ഫിലിമുകളിലും അത്രതന്നെ സിനിമയിലും ഡാവിഞ്ചി വേഷമിട്ടു. സമക്ഷം, മധുരമീ ജീവിതം, തൊട്ടപ്പൻ, ലോനപ്പന്റെ മാമോദിസ, സ്റ്റേഷൻ 5, പന്ത്രണ്ട്, പട, കുഞ്ഞെൽദോ, ഭീഷ്മപർവം, വരയൻ എന്നീ സിനിമകളിൽ അഭിനയിച്ചു. ലോനപ്പന്റെ മാമോദിസ, തൊട്ടപ്പൻ, വരയൻ എന്നീ സിനിമകളിൽ മുഴുനീള കഥാപാത്രമായി അഭിനയിക്കാനും കഴിഞ്ഞു. കഴിഞ്ഞ വർഷം കാടകലം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിട്ടു.
ഈ ചിത്രം സംസ്ഥാന സർക്കാറിന്റെ കുട്ടികളുടെ ചിത്രം, മികച്ച ഗാനരചന എന്നീ അവാർഡുകൾ കരസ്ഥമാക്കി. കാടകലത്തിൽ ഡാവിഞ്ചിയുടെ അപ്പനായി അഭിനയിച്ചത് പിതാവ് സതീഷ് കുന്നത്തായിരുന്നു. ‘കാടകലത്തിലെ അഭിനയത്തിന് അന്ന് അവാർഡ് പ്രതീക്ഷിച്ചിരുന്നു. കിട്ടിയില്ല ഇപ്പോൾ കിട്ടിയപ്പോൾ സന്തോഷമായി’ -ഡാവിഞ്ചി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.