പലർക്കും കിട്ടാത്ത ഒരു അവസരം ആദ്യ സിനിമയിൽ കിട്ടി -ദേവകി രാജേന്ദ്രൻ അഭിമുഖം
text_fieldsനൃത്തം,സംഗീതം,അഭിനയം,നാടകം, ഡാൻസ് കൊറിയോഗ്രാഫി എന്നിങ്ങനെ സകല മേഖലകളിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ദേവകി രാജേന്ദ്രൻ അഭിനയിച്ചു റിലീസ് ഏറ്റവും പുതിയ സിനിമകളാണ് പെൻഡുലവും ക്രൈം ഫയൽസും. പുതിയ ചിത്രത്തിന്റെയും തന്റെയും വിശേഷങ്ങൾ മാധ്യമവുമായി പങ്കുവെക്കുകയാണ് ദേവകി രാജേന്ദ്രൻ.
• പെൻഡുലം , കേരള ക്രൈം ഫയൽസ്
ലൂസിഡ് ഡ്രീമിങ്ങും റിയാലിറ്റിയും നിറഞ്ഞ കഥയാണ് ഈയടുത്തായി റിലീസ് ചെയ്ത പെൻഡുലം സിനിമ പറയുന്നത്. അതിൽ വിജയ് ബാബു ചെയ്യുന്ന മഹേഷെന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് ഞാനഭിനയിച്ചിരിക്കുന്നത്. ലൂസിഡ് ഡ്രീംസ് എന്ന് പറയുന്നത് ഒരു എക്സ്പീരിയൻസാണ്. അത് അനുഭവിച്ചറിഞ്ഞവർക്കതിനെ അംഗീകരിക്കുവാനും അല്ലാത്തവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടും തോന്നുന്ന ഒന്നാണത്. ഈ സിനിമയിൽ അഭിനയിക്കുന്നതിനും മുൻപ് തന്നെ ഇത്തരം വിഷയങ്ങളോട് താല്പര്യമുള്ളയാളായിരുന്നു ഞാൻ. പണ്ട് എനിക്കറിയാവുന്ന ചില സീനിയേഴ്സുമായിട്ടൊക്കെ ഈ വിഷയത്തെക്കുറിച്ച് ഞാൻ കുറെ സംസാരിച്ചിട്ടുണ്ട്. അതുപോലെതന്നെ പരമാവധി വായിച്ചറിയുവാനും ശ്രമിച്ചിട്ടുണ്ട്. എന്നുവച്ച് ഇതെന്റെ പഠന വിഷയമാണെന്നൊന്നും കരുതരുത്. ഒരു താല്പര്യത്തിന്റെ പുറത്തു നടത്തിയ സ്റ്റഡീസ് മാത്രമാണതൊക്കെ. പെൻഡുലം സിനിമക്ക് ശേഷം ഡിസ്നി ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത കേരള ക്രൈം ഫയൽസ് എന്ന വെബ്സീരീസിലും ഞാനൊരു കഥാപാത്രം ചെയ്തിട്ടുണ്ട് .അതുപോലെ ധ്യാൻ ശ്രീനിവാസൻ, അനീഷ് ഗോപാലൻ തുടങ്ങിയവർ അഭിനയിച്ച പാർട്ണേഴ്സ് എന്നൊരു സിനിമ വരാനിരിക്കുന്നുണ്ട്.എപ്പോൾ റിലീസ് ചെയ്യും എന്നുള്ള കാര്യം അറിയില്ല.
• ആദ്യ സിനിമയിലെ ആദ്യ ഷോട്ട് ജഗതി ശ്രീകുമാറിനൊപ്പം
നൃത്തം കാരണമാണ് ഞാൻ സിനിമയിലെത്തുന്നത്.വിജി തമ്പിസർ സംവിധാനം ചെയ്ത കെമിസ്ട്രിയാണ് എന്റെ ആദ്യത്തെ സിനിമ. 2009ലാണ് ആ സിനിമ പുറത്തിറങ്ങുന്നത്. എന്റെ ഡാൻസ് ടീച്ചറുടെ സഹോദരൻ വിനു കിരിയത്ത് ആ സിനിമയിൽ അഭിനയിക്കാൻ പറ്റുമോ എന്ന് വിളിച്ചു ചോദിച്ചപ്പോൾ ശ്രമിക്കാം എന്ന് മറുപടി പറയുകയായിരുന്നു.വാസ്തവത്തിൽ,ഒന്നു ശ്രമിച്ചു നോക്കാമെന്നുള്ള ചിന്തയിൽ തന്നെയാണ് ഞാനാ സിനിമയിലേക്കെത്തുന്നത്.ഞാൻ വളരെ ചെറുപ്പമാണ് ആ സമയത്ത്.ഏതാണ്ട് പ്ലസ് വണ്ണിൽ പഠിക്കുന്ന സമയം. അതിനുമുൻപൊരിക്കലും സിനിമയെക്കുറിച്ച് ചിന്തിക്കുകയോ സിനിമ ഷൂട്ടിങ് കാണുകയോ ചെയ്തിട്ടുമില്ല. അതുകൊണ്ടുതന്നെ യാദൃശ്ചികമായി തന്നെയാണ് സിനിമയിലെത്തിയതെന്ന് പറയാം.അന്ന് ഞാൻ എനിക്ക് പറ്റുന്ന പോലൊക്കെ അതിലഭിനയിച്ചു.എങ്കിലും ചെയ്ത് പെർഫോമൻസിന് നല്ല അഭിപ്രായങ്ങളൊക്കെ അന്ന് കിട്ടിയിരുന്നു. അതിനുശേഷം 5, 6 വർഷത്തേക്ക് അഭിനയിച്ചിട്ടില്ല. പഠനവും മറ്റു കാര്യങ്ങളുമായി അക്കാലങ്ങളിൽ ഞാൻ നല്ല തിരക്കിലായിരുന്നു. വലിയൊരു ഭാഗ്യം എന്താണെന്ന് വെച്ചാൽ ആദ്യ സിനിമയിലെ ആദ്യ ഷോട്ടിൽ തന്നെ ജഗതി ശ്രീകുമാർ എന്ന് പറയുന്ന നടനോടൊപ്പം അഭിനയിക്കാൻ പറ്റിയെന്നുള്ളതാണ്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, പലർക്കും കിട്ടാത്ത ഒരു അവസരമാണ് അന്നെനിക്ക് കിട്ടിയതെന്നും അതിന്റെ മൂല്യം എത്രയേറെ വിലപ്പെട്ടതാണെന്നും എനിക്കിപ്പോൾ നന്നായി അറിയാം. അതുപോലെ സിദ്ധിക്ക് സർ, മുകേഷേട്ടൻ പോലുള്ള സീനിയേഴ്സിന്റെ കൂടെയും അഭിനയിക്കാൻ പറ്റി. അതൊക്കെ ഒരു എക്സ്പീരിയൻസ് തന്നെയാണ്
• സിനിമയിൽ നിന്നും 9 വർഷത്തെ ഇടവേള
എനിക്കറിയാവുന്ന ഒരാൾ അവർ ചെയ്യുന്ന പ്രോജക്ടിൽ എന്നെ വിളിച്ചപ്പോൾ ആ നിലക്ക് മാത്രം സിനിമയിലെത്തിയ ആളാണ് ഞാൻ. അല്ലാതെ ഇനി തുടർച്ചയായി സിനിമകലഭിനയിക്കാമെന്നുള്ള ലക്ഷ്യം വെച്ച് സിനിമയിലേക്ക് വന്ന ആളൊന്നുമല്ല. ആ സിനിമക്ക് ശേഷം ഞാൻ ശ്രദ്ധ കൊടുത്തതധികവും പഠനത്തിൽ തന്നെയായിരുന്നു. പക്ഷെ അപ്പോഴും നാടകം, ഡാൻസ്, പാട്ട് എല്ലാം ഞാൻ ചെയുന്നുണ്ട്. ഡാൻസാണെങ്കിലും നാടകമാണെങ്കിലും അതിലെല്ലാം അഭിനയമുണ്ടല്ലോ. എനിക്കാണെങ്കിൽ പെർഫോം ചെയ്തു വരുംതോറും അഭിനയമെന്ന പ്രോസസിനോട് വല്ലാത്ത ഇഷ്ടം കൂടിക്കൂടി വന്നു. ആ ഇഷ്ടത്തിൽ നിന്നാണ് ഞാനൊരു നാടകം ചെയ്യുന്നത്. അതു കഴിഞ്ഞപ്പോൾ വീണ്ടും അടുത്ത നാടകം ചെയ്തു. അതിനുശേഷം ഷോർട്ട് ഫിലിം ചെയ്തു. വർക്ക് ഷോപ്പുകൾ ചെയ്തു . മാത്രമല്ല ചെയ്യുന്ന പെർഫോമൻസുകൾക്കെല്ലാം നല്ല അഭിപ്രായങ്ങൾ കിട്ടിതുടങ്ങി. അങ്ങനെ പതുക്കെ പതുക്കെ വീണ്ടും സിനിമയിലേക്ക് കയറി വരികയായിരുന്നു. ഈ ഗ്യാപ്പിനിടയിൽ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നെയൊള്ളൂ. പക്ഷേ അഭിനയത്തിൽ ഞാൻ അപ്പോഴും എന്റേതായ രീതിയിൽ ആക്ടീവ് ആയിരുന്നു . എനിക്ക് തോന്നുന്നു ഏതാണ്ട് 9 വർഷത്തെ ഗ്യാപ്പിന് ശേഷമാണ് രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറിവെളിച്ചം എന്ന സിനിമചെയുന്നത്.
• നൃത്തം സംഗീതം നാടകം
നൃത്തം ചെറുപ്പം മുതൽക്ക് പഠിക്കുന്നുണ്ട്. കുറെ വർഷങ്ങളായി നിരന്തരം പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും പെർഫോം ചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു ആർട്ട്ഫോമാണ് എന്നെ സംബന്ധിച്ചിടത്തോളം നൃത്തം . പക്ഷേ ഞാൻ അക്കാദമിക്കലി പഠിച്ചത് സംഗീതമാണ്. അതിന്റെ കൂടെ ഡാൻസ് തുടർന്നുപോരുകയായിരുന്നു. ഒരു ഘട്ടം എത്തിയപ്പോൾ ജീവിതത്തിൽ നൃത്തമെനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നായി മാറി. ഇപ്പോൾ വർക്കില്ലാത്ത സമയങ്ങളിൽ പ്രധാനമായും സമയം ചെലവഴിക്കുന്നത് ഡാൻസിനു വേണ്ടിയാണ്. ഡാൻസെന്നു പറയുന്നത് അഭ്യസിക്കുമ്പോൾ മാത്രമല്ല അതിനെക്കുറിച്ച് വായിക്കുകയും പഠനങ്ങൾ നടത്തുകയും, പാട്ടുകൾ ശ്രദ്ധിക്കുകയും ഒക്കെ ചെയ്യുമ്പോൾ കൂടിയാണ് അത് പൂർണ്ണതയിലെത്തുന്നതെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഇനി സംഗീതത്തെക്കുറിച്ച് പറയുകയാണെങ്കിൽ നൃത്തത്തിന് വളരെ പ്രധാനപ്പെട്ടതായി ഒപ്പമുണ്ടായിരിക്കേണ്ട ഒന്നാണ് സംഗീതം. അങ്ങനെയാണ് ഞാൻ സംഗീതം പഠിച്ചു തുടങ്ങുന്നത്. പിന്നെ സൗത്ത് ഇന്ത്യയിലെ മിക്ക വീടുകളിലും കുട്ടികളെ ചെറുപ്പം മുതലേ പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഒരു സമ്പ്രദായം തുടർന്നു വരുന്നുണ്ട്. അതുപോലെ തന്നെയാണ് ഞാനും പഠിച്ചുവന്നത്. സംഗീതം ഐശ്ചിക വിഷയമായെടുത്ത് തിരുവനന്തപുരം മഹാരാജാസ് വിമൻസ് കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എന്റെ സുഹൃത്തിന്റെ മ്യൂസിക് വിഡിയോയ്ക്ക് വേണ്ടി ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അതുപോലെ ഞാനും ഉമ എന്നൊരു ചേച്ചിയും ചേർന്ന് ഓൺസ്റ്റേജ് ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അതൊക്കെ ഒരു വശത്തുകൂടി നടന്നു പോകുന്ന കാര്യങ്ങളാണ്.കൂടെ നാടകങ്ങൾ ചെയ്യുന്നുണ്ട്. ഇവയെല്ലാം ഒരുമിച്ചു കൊണ്ടുപോകാൻ നമ്മൾ കണ്ടെത്തേണ്ടത് സമയം മാത്രമാണ്.ആ സമയം കണ്ടെത്തുന്നതിൽ പൊതുവേ മടിയുള്ള ആളാണ് ഞാൻ. പക്ഷേ അവയെ ഒന്നിച്ച് മാനേജ് ചെയ്യാൻ ഞാനിപ്പോൾ പരമാവധി ശ്രമിക്കുന്നുമുണ്ട്.
• എക്സ്ട്രാ സ്നേഹമുള്ള Sleeplessly yours
എന്നെസംബന്ധിച്ചിടത്തോളം Sleeplessly yours എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സിനിമയാണ്. ആ സിനിമയുടെ പേര് പറയുമ്പോൾ പോലും അതിനോടുള്ള ഒരു എക്സ്ട്രാ സ്നേഹമെപ്പോഴുമെന്റെയുള്ളിൽ കിടപ്പുണ്ട്.എന്റെ സുഹൃത്തുക്കളാണ് ആ സിനിമ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പ്ലാൻ നടക്കുന്ന തുടക്കകാലങ്ങൾ തൊട്ട് ഞാനും അതിന്റെ കൂടെയുണ്ട്. വളരെ എൻജോയ് ചെയ്താണ് ആ സിനിമയുടെ ഓരോ പ്രോസസിലും ഞാൻ പങ്കാളിയായിട്ടുള്ളത്. ചർച്ചകൾ നടത്തുമ്പോൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ കൂടെ അഭിനയിക്കേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കുമ്പോൾ തുടങ്ങി എല്ലാത്തിലും ഞാൻ കൂടെയുണ്ടായിരുന്നു. ഒരുപാട് നടന്മാരുടെ ഓപ്ഷൻസ് നോക്കിയിട്ടും അതൊന്നും വർക്കാവില്ല എന്ന ഉറപ്പിൽ നിന്നാണ് അല്പം വൈകിയാണെങ്കിലും സുദേവ് നായർ എന്ന നടനെ അതിലേക്ക് തിരഞ്ഞെടുക്കുന്നത്. മാത്രമല്ല അതിലെയാ 2 കഥാപാത്രങ്ങളും വളരെ രസകരമായിരുന്നു. ഞാനാണെങ്കിൽ ലൈഫിൽ ഇതുവരെ ഒരു സിനിമയിലും ത്രൂഔട്ട് അഭിനയിച്ചിട്ടില്ല. ഈ സിനിമയിൽ മാത്രമാണ് ഒരു കഥാപാത്രത്തിന്റെ കംപ്ലീറ്റ് ജേർണി ഞാൻ ചെയ്തിട്ടുള്ളത്. അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങൾ അതിനു മുൻപും ശേഷവും കിട്ടിയിട്ടുണ്ടെങ്കിലും ഒരു കഥാപാത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള ജേർണി എനിക്ക് ചെയ്യാൻ പറ്റിയിട്ടുള്ളത് ഈ സിനിമയിലൂടെ മാത്രമാണ്.
• സ്വീകാര്യത നേടിയയത് പുരുഷപ്രേതത്തിലൂടെ
പ്രേക്ഷകർക്കിടയിൽ കുറെക്കൂടി സ്വീകാര്യത കിട്ടിയത് പുരുഷപ്രേതമെന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് .അതിനു മുൻപ് ചെയ്ത മാലിക്കിലെ കഥാപാത്രം കണ്ടിട്ടുപോലും പുരുഷപ്രതം സിനിമയിലെ ലൊക്കേഷനിലേക്ക് ചെന്നപ്പോൾ അവിടെ പലർക്കും എന്നെ മനസ്സിലായില്ല എന്നുള്ളതാണ് രസകരമായ കാര്യം. ചിലപ്പോൾ മാലിക്കിലെ പ്രായം, മേക്കപ്പ് അതൊക്കെ കാരണമായിരിക്കാം നേരിട്ട് കണ്ടപ്പോൾ മനസ്സിലാകാതിരുന്നത്. പുരുഷപ്രേതം സിനിമയെ കുറിച്ചു ഒരുപാട് പഠനങ്ങൾ നടത്തിയിട്ടാണ് സംവിധായകൻ കൃഷാന്ദ് ആ സിനിമ തുടങ്ങിവയ്ക്കുന്നത്തന്നെ. അത്രയും തയ്യാറെടുപ്പോടെ തുടങ്ങിയ ആ വർക്കിൽ അഭിനേതാക്കൾക്ക് കഥാപാത്രത്തെ ഇമ്പ്രവൈസ് ചെയ്യാനുള്ള അവസരം കൂടി സംവിധായകൻ തന്നിട്ടുണ്ടായിരുന്നു. ആ സിനിമയ്ക്ക് വേണ്ടി സമീപിക്കുമ്പോൾ സംവിധായകൻ ഒരിക്കലും ഫുൾ സ്റ്റോറി പറഞ്ഞു തന്നിട്ടില്ല. ഞാൻ ചെയ്യേണ്ട പോർഷൻ മാത്രമാണ് എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. അപ്പുറത്ത് ദർശന ചെയ്ത കഥാപാത്രത്തെക്കുറിച്ചും അവരുടെ സ്റ്റോറിയെ കുറിച്ചും എനിക്ക് പൂർണമായി അറിയില്ല. പക്ഷെ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ആസ്വദിച്ചിരുന്ന അതേ ആസ്വാദനം ആ സിനിമ കാണുമ്പോൾ പോലും എനിക്ക് കിട്ടിയിരുന്നു.
• അമ്മയാണെന്റെ പ്രചോദനം
എന്റെ അച്ഛന്റെ കൂടെ ട്രിവാൻഡ്രത്താണ് ഞാൻ താമസിക്കുന്നത്. അമ്മയിപ്പോൾ ജീവിച്ചിരിപ്പില്ല. ചേച്ചി ഡൽഹിയിൽ പി.എച്ച്.ഡി ചെയ്യുന്നു. ആളും നൃത്തം, ഡാൻസ് കോറിയോഗ്രാഫി ഈ നിലകളിലൊക്കെ ആക്ടീവ് ആണ്. ഇവിടെ അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ എല്ലാവരും കലയുമായി വളരെ അടുത്തു നിൽക്കുന്നവരാണ്. പ്രത്യേകിച്ചും അമ്മയുടെ കുടുംബത്തിൽ. അമ്മ ചെറുപ്പത്തിൽ ഡാൻസ്, നാടകം എല്ലാം ചെയ്തിട്ടുണ്ട്. ശരിക്കും അമ്മ തന്നെയാണ് എന്റെ പ്രചോദനം. പണ്ട് ഞാൻ നാടകത്തിലെ സംഭാഷണങ്ങൾ എങ്ങനെ പഠിക്കും എന്നൊക്കെ ആലോചിച്ചു ആശങ്ക പ്രകടിപ്പിക്കുമ്പോൾ അമ്മയാണ് പറയാറുള്ളത് നീ ശ്രമിക്ക് ,ഇഷ്ടപ്പെട്ടാൽ മുന്നോട്ട് കൊണ്ടുപോവൂ എന്നൊക്കെ.ഒരു കലാകാരി നിലക്ക് എന്നെയും എന്റെ ചേച്ചിയെയുമെല്ലാം ആ വാക്കുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത്പോലെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങളും വലിയ സപ്പോർട്ടാണ്. അത്തരം ഒരു ഫാമിലിയിൽ ജീവിക്കാൻ പറ്റി എന്നുള്ളത് തന്നെ വലിയ അനുഗ്രഹമാണ്. അതുകൊണ്ടുതന്നെയാണ് മുൻപോട്ടും കലയിൽ ഇത്രയേറെ സജീവമാകാൻ കഴിയുന്നതെന്നും വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.