ഡിറ്റക്ടിവ് എനോള ഹോംസ്
text_fields‘എനോള ഹോംസ്’, പേരിൽതന്നെയുണ്ട് കഥയുടെ ഒരു ചെറിയ ത്രെഡ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷെർലക് ഹോംസുമായി അടുത്തുനിൽക്കുന്ന പേര്. ഷെർലക് ഹോംസിനെ ഇഷ്ടമില്ലാത്ത സിനിമാസ്വാദകർ ഉണ്ടാകാനിടയില്ല. ഇന്നും പല സാഹിത്യ സൃഷ്ടികള്‍ക്കും സിനിമകൾക്കും മറ്റ് കലാരൂപങ്ങൾക്കും പ്രചോദനമാകുന്ന കഥാപാത്രമാണ് ഷെർലക്. അത്തരത്തിൽ മറ്റൊരു ഡിറ്റക്ടിവിനെക്കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് എനോള ഹോംസ്. ഷെര്‍ലക് ഹോംസിന്റെ ഇളയ സഹോദരിയായാണ് സിനിമയിൽ എനോളയെ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ എഴുത്തുകാരി നാന്‍സി സ്പിംഗര്‍ സൃഷ്ടിച്ചതാണ് എനോള എന്ന കഥാപാത്രത്തെ. ഇതിന്റെ സിനിമ ആവിഷ്കാരമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ തരംഗമാകുന്നത്. ഹാരി ബ്രാഡ്ബീറിന്റെ സംവിധാന മികവിലാണ് ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തിയിരിക്കുന്നത്.
ഷെര്‍ലക് ഹോംസിന്റെയും മക്രോഫ്റ്റിന്റെയും സഹോദരിയാണ് എനോള. ഒരു വലിയ വീട്ടില്‍ അമ്മക്കൊപ്പമാണ് എനോളയുടെ താമസം. പിന്നെയുള്ളത് ജോലിക്കാരി മാത്രം. വിദ്യാഭ്യാസവും മാർഷ്യൽ ആർട്സും എല്ലാം അമ്മയിൽനിന്നാണ് എനോള അഭ്യസിക്കുന്നത്. എനോളക്ക് 16 വയസ്സ് തികയുന്ന അന്ന് അമ്മയെ കാണാതാകുന്നു. അങ്ങനെ ഷെര്‍ലക്കും മക്രോഫ്റ്റും എനോളയുടെ അടുത്തേക്ക് മടങ്ങിയെത്തുന്നു. ഇവിടെനിന്നാണ് സിനിമ അതിന്റെ യഥാർഥ പ്ലോട്ടിലേക്ക് കടക്കുന്നത്.
പെണ്‍കുട്ടികൾ അടച്ചിട്ടുവളർത്തേണ്ടവരാണെന്നു കരുതുന്നയാളാണ് മക്രോഫ്റ്റ്. ഇയാളിൽനിന്ന് ഓടിരക്ഷപ്പെടുന്ന എനോള തന്റെ അമ്മയെ കണ്ടെത്താൻ നടത്തുന്ന അന്വേഷണമാണ് പിന്നീട് സിനിമ. ഒരു ഫെമിനിസ്റ്റ് തീമിലൂടെയാണ് സിനിമയുടെ സഞ്ചാരം. സ്ത്രീകള്‍ക്കായി നിർവചിച്ചിരിക്കുന്ന ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്നതാണ് ഈ സിനിമ. മില്ലി ബോബി ബ്രൗൺ ആണ് എനോളയായി എത്തുന്നത്.
ആക്ഷേപഹാസ്യങ്ങളും സിനിമയിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഒരു ഷെർലക് ഹോംസ് കഥ പ്രതീക്ഷിച്ച് എത്തുന്നവരെ സിനിമ നിരാശപ്പെടുത്തും. അതേസമയം, പുതിയ ഇതിവൃത്തത്തിൽ വളരെ ഗംഭീരമായി പകർത്തിയ, ഒന്നിലധികം തവണ കണ്ട് ആസ്വദിക്കാവുന്ന സിനിമയാണ് എനോള ഹോംസ്. അഡ്വഞ്ചർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ സിനിമയുടെ ദൈർഘ്യം രണ്ട് മണിക്കൂറാണ്. ഹെൻ റി കാവിലാണ് ഷെർലക് ഹോംസായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.