Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_right'ദി സീക്രട്ട്​ ഓഫ്​...

'ദി സീക്രട്ട്​ ഓഫ്​ വുമണി'ലുണ്ട്​ ചില 'സീക്രട്ടുകൾ'- പ്രജേഷ്​ സെൻ

text_fields
bookmark_border
ദി സീക്രട്ട്​ ഓഫ്​ വുമണിലുണ്ട്​ ചില സീക്രട്ടുകൾ- പ്രജേഷ്​ സെൻ
cancel

ഫുട്​ബാളർ വി.പി. സത്യന്‍റെ ജീവിതം പറഞ്ഞ 'ക്യാപ്​റ്റൻ', കണ്ണൂരുകാരനായ മുഴുക്കുടിയന്‍റെ കഥ പറയുന്ന 'വെള്ളം' എന്നീ സിനിമകൾക്ക്​ ശേഷം ജി. പ്രജേഷ്​ സെൻ സംവിധാനം ചെയ്​ത ചിത്രമായ 'ദി സീക്രട്ട്​ ഓഫ്​ വുമൺ' റിലീസിനൊരുങ്ങുകയാണ്​. പ്രജേഷ്​ സെൻ നിർമാണരംഗത്തേക്ക്​ കൂടി കടക്കുന്ന സിനിമയാണിത്​. നിരഞ്​ജന അനൂപ്​ നായികയാകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ ശ്രദ്ധേയമായിരുന്നു. ബാക്കി താരങ്ങളടക്കം നിരവധി സസ്​പെൻസ് ഈ ചിത്രത്തിൽ ഒളിപ്പിച്ച്​ വെച്ചിട്ടുണ്ടെന്ന്​​ പറയുന്നു പ്രജേഷ്​ സെൻ.​ കേരളം ഏറ്റെടുത്ത 'വെള്ളം' സിനിമയുടെയും പുതിയ സിനിമകളുടെയും വിശേഷങ്ങൾ പ്ര​േജഷ്​ സെൻ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു

വ്യത്യസ്തരായ രണ്ട് സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കുന്ന രണ്ട് കാര്യങ്ങൾ

വ്യത്യസ്തരായ രണ്ട് സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കുന്ന രണ്ട് കാര്യങ്ങളാണ് 'ദി സീക്രട്ട്​ ഓഫ്​ വുമൺ'. എന്‍റെ സുഹൃത്ത് ഒരു പ്രദീപ് കുമാർ ഉണ്ട്. ഞാൻ പത്രപ്രവർത്തകൻ ആയിരിക്കുന്ന കാലം മുതൽ എന്‍റെ സുഹൃത്ത് ആണ്. ഞങ്ങൾ ഒരുമിച്ച് ബാലു മഹേന്ദ്രയെ ഇന്‍റർവ്യൂ ചെയ്യാനായി ചെന്നൈയിൽ ഒരിക്കൽ പോയിരുന്നു. അന്ന്​ ഞങ്ങൾ അവിടെ ഇരുന്ന് പറഞ്ഞ കഥയാണ് ഈ സിനിമ. അത് സിനിമയാക്കാൻ പറ്റിയ കഥയാണ് എന്ന് അന്ന് തോന്നിയെങ്കിലും അതിനുള്ള ധൈര്യമോ അവസ്ഥയോ ഒന്നും അപ്പോൾ ഇല്ലായിരുന്നു. ഇപ്പോൾ ലോക്​ഡൗൺ വന്ന സമയത്ത് ഒരു സീരീസ് ആയി ചെയ്യാൻ പറ്റുമോ എന്ന് വർക്കൗട്ട് ചെയ്തു നോക്കി. നോക്കിയപ്പോ അതിനകത്ത് ഉള്ള രണ്ട് മാറ്റർ സിനിമക്ക് പറ്റിയതാണ് എന്ന് തോന്നി. അങ്ങിനെയാണ്​ സിനിമയാക്കുക എന്ന ആശയത്തിലേക്ക്​ എത്തിയത്​. നിരഞ്ജനയെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ, ബാക്കി താരങ്ങളെയൊക്കെ സസ്പെൻസ് ആക്കി വച്ചിരിക്കുകയാണ്.


പ്രജേഷ്​ സെൻ മൂവി ക്ലബ്ബിന്​ പിന്നിൽ

പ്രജേഷ് സെൻ മൂവി ക്ലബ്ബ് ആണ്​ 'ദി സീക്രട്ട്​ ഓഫ്​ വുമൺ' നിർമിച്ചിരിക്കുന്നത്​. ഈ പേരിൽ ഒരു കമ്പനി ഞാൻ നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. പരസ്യചിത്രങ്ങൾ ഒക്കെ ചെയ്യാനുള്ള ഒരു ചെറിയ പരിപാടി ആയാണ് തുടങ്ങിയത്. എന്‍റെയും സുഹൃത്തുക്കളുടെയും ഒരു കൂട്ടായ്മ ആണത്. അത്കൊണ്ട് തന്നെ മൂവി ക്ലബ്ബ് എന്നും പേരിട്ടു. അങ്ങനെയിരിക്കുമ്പോൾ ആണ് 'ദി സീക്രട്ട് ഓഫ്​ വുമൺ' സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. പുറത്തു നിന്ന് ഒരു നിർമ്മാതാവ് വരാൻ സാഹചര്യം ഇല്ലാത്തത് കൊണ്ട് നമ്മൾ തന്നെ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചു. കൂട്ടുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രജേഷ് സെൻ മൂവി ക്ലബ് ഈ സിനിമ ചെയ്യുന്നത്.

ലോക്ഡൗൺ കാലത്ത് വളരെ ചെറിയ സംഘം സിനിമ പ്രവർത്തകരെ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്ത സിനിമയാണിത്​. ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ്​ ചെയ്യാറായിട്ടില്ല. കുറച്ച്​ പണികൾ കൂടി ബാക്കിയുണ്ട്​. 'വെള്ളം' പേ​ാലെ ഇതും തീയറ്റർ റിലീസ്​ ചെയ്യണമെന്നാണ്​ ആഗ്രഹം.

അയാൾ പറഞ്ഞു-'വെള്ള'ത്തിലേതുപോലെ സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അച്​ഛൻ രക്ഷ​പ്പെടുമായിരുന്നു

'വെള്ളം' സിനിമ കണ്ട്​ ആൽക്കഹോളിക് ആയിട്ടുള്ള ഒരുപാട് പേർ വിളിച്ചിരുന്നു. മദ്യപാനികൾ, മദ്യപാനം നിർത്തിയവർ തുടങ്ങി കുറേപേർ വിളിച്ചു. അതിൽ ഒരാൾ പറഞ്ഞത് അയാളുടെ അച്ഛൻ മദ്യപാനി ആയത് കാരണം കുടിയന്‍റെ മോൻ എന്ന പേരിലാണ് അയാൾ നാട്ടിൽ അറിയപ്പെട്ടിരുന്നത്​ എന്നാണ്​. ആ പേര് കാരണം അയാൾ കൊച്ചിയിലേക്ക് ജോലി തേടി വന്നു അവിടെ താമസമാക്കി. ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആൾക്ക് അയാളുടെ ജീവിതത്തെ റിലേറ്റ് ചെയ്യാൻ പറ്റി എന്ന് പറഞ്ഞു. അതുപോലെ മറ്റൊരാൾ വിളിച്ചു പറഞ്ഞത്​ ഈ സിനിമയിൽ കാണിക്കുന്ന പോലെയുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അയാൾക്ക്​ അച്ഛനെ രക്ഷപ്പെടുത്താമായിരുന്നു എന്നാണ്​.

അതുപോലെ രണ്ടുപേർ വിളിച്ചു പറഞ്ഞു അവർ മദ്യപിച്ചിട്ടാണ് സിനിമ കാണാൻ കയറിയത്, കണ്ട് കഴിഞ്ഞപ്പോൾ കഴിക്കണ്ടായിരുന്നു എന്ന് തോന്നിയെന്ന്. മദ്യപാനം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നവും മാനസികമായ പ്രശ്നവും അവർക്ക് തിരിച്ചറിയാൻ പറ്റുന്നില്ല എന്ന യാഥാർഥ്യമാണ്​ 'വെള്ള'ത്തിലൂടെ അവതരിപ്പിച്ചത്​. മദ്യപാനത്തിന്‍റെ ഭാഗമായി കാണിക്കുന്ന പേക്കൂത്തുകൾ ആയിട്ടാണ്​ പലരും ഈ പ്രശ്​നങ്ങളെ കണക്കാക്കിയിരുന്നത്​. ഈ തെറ്റിദ്ധാരണ പലരിലും മാറ്റാൻ 'വെള്ള'ത്തിന്​ കഴിഞ്ഞു. വളരെ അഡിക്റ്റഡായ മദ്യപാനം എന്നത് ഒരു രോഗമാണ്. അത് തിരിച്ചറിഞാൽ ആ വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരാൻ പറ്റും.

ജയസൂര്യയും പ്രജേഷ്​ സെന്നും മുരളിക്കൊപ്പം

രണ്ടാമത്തെ ചിത്രമാണ്​​ പ്രതിഭയെ രേഖപ്പെടുത്തുക എന്ന ടെൻഷൻ​ തോന്നിയില്ല

രണ്ടാമത്തെ ചിത്രമാണ് പ്രതിഭയെ രേഖപ്പെടുത്തുക എന്നാണ്​ പൊതുവേ പറയുന്നത്​്. ആ നിലക്കുള്ള വെല്ലുവിളിയോ ടെൻഷനോ 'വെള്ളം' നൽകിയില്ല. രണ്ടാമത്തെ സിനിമ എന്നൊരു ടെൻഷൻ ഒന്നും ഞാൻ ഇവിടെ എടുത്തിട്ടില്ല. വാസ്തവത്തിൽ 'ക്യാപ്റ്റൻ' എന്ന സിനിമയുടെയും 'വെള്ള'ത്തിന്‍റെയും മൂഡ്​ വ്യത്യസ്​തമാണ്​. 'ക്യാപ്റ്റൻ' സിനിമയിൽ ഒരു സിനിമ ചെയ്‌ത എക്സ്പീരിയൻസ് മാത്രമാണ് കിട്ടിയത്. അല്ലാതെ ഈ പടം ചെയ്യാൻ ഉള്ള ഒന്നും അതിൽ നിന്ന് കിട്ടിയിട്ടില്ല. ഈ പടം ചെയ്യാൻ പുതിയ ഒരു പ്ലാനിങ് ആണ് ഉണ്ടായത്. പുതിയ ഒരു സിനിമ, പുതിയ ഒരു രീതിയിൽ, പുതിയൊരു പാറ്റേണിൽ എടുത്തു എന്നു പറയാം.

'ക്യാപ്​റ്റനെ' പോലെ ഇത് ഒരു ബയോപിക്​ അല്ല. ഒരു ട്രൂ സ്റ്റോറി മാത്രമാണ്. കണ്ണൂരിലുള്ള മുരളി എന്ന ഒരാളുടെ കഥ പശ്ചാത്തലമാക്കി ഒരുപാടുപേരുടെ കഥ പറയുകയാണ് ചെയ്​തത്​. ഈ മുരളിയെ നമ്മൾ ഒരുപാട്​ ഇടത്ത്​ കണ്ടിട്ടുള്ളതാണ്​. വീട്ടിലും നാട്ടുവഴിയിലും ബസ് സ്റ്റാൻഡിലും ചായക്കടയിലുമൊക്കെ ഈ മനുഷ്യനെ നിങ്ങൾക്ക് കാണാൻ പറ്റും. 'ക്യാപ്റ്റൻ' ചെയ്യുമ്പോൾ വി.പി. സത്യൻ ഒഴികെ ബാക്കി എല്ലാവരും ജീവിച്ചിരുപ്പുണ്ടായിരുന്നു. അദ്ദേഹത്തിന് ചുറ്റും ഉള്ളവരെല്ലാം ജീവിച്ചിരിക്കുന്നത് കൊണ്ട് തന്നെ അവർക്ക് പരിചയമുള്ള, വേണ്ടപ്പെട്ട ഒരാളെ അടയാളപ്പെടുത്തുക എന്നത് വലിയ ഒരു വെല്ലുവിളിയായിരുന്നു.

പക്ഷേ, 'വെള്ള'ത്തിൽ നമ്മൾ പറഞ്ഞത് സാധാരണക്കാരനായ ഒരാളുടെ കഥയാണ്. യഥാർഥത്തിൽ ജീവിച്ചിരിപ്പുള്ള ഒരാളുടെ ജീവിതത്തിലെ ഒരംശം മാത്രമാണ് നമ്മൾ ഇതിൽ എടുത്തിട്ടുള്ളത്. പക്ഷേ, കേരളത്തിലെ ലക്ഷക്കണക്കിന് മദ്യപാനികളുടെ ജീവിതവുമായി ബന്ധമുള്ള അല്ലെങ്കിൽ അവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഈ കഥ. ഇതൊരു മോട്ടിവേഷൻ സിനിമ കൂടിയാണ്. യഥാർഥ മുരളി മദ്യപാനം നിർത്തിയിട്ട് 10, 12 കൊല്ലമായി. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അനുകരിക്കാൻ ഇവിടെ സാധ്യമല്ല. പകരം മറ്റു പലരെയും നിരീക്ഷിച്ച്​ കൂടിയാണ്​ സിനിമയിലെ മുരളിയെ തയാറാക്കിയത്​.

അടുത്ത സിനിമയിലും ജയസൂര്യ

ജയസൂര്യയെ നായകനാക്കി മൂന്നാമതൊരു സിനിമയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്​. ഞങ്ങൾ നല്ല സുഹൃത്തുക്കൾ കൂടി ആയതിനാലാണ്​ ഈ കൂട്ടുകെട്ടിൽ വീണ്ടും സിനിമകൾ പിറക്കുന്നത്​. 'ഫുക്രി' എന്ന സിനിമയിൽ സിദ്ദിഖ് സാറിന്‍റെ കൂടെ വർക്ക് ചെയ്യുമ്പോഴാണ് ഞാൻ ജയസൂര്യയെ പരിചയപ്പെടുന്നത്. അതിനുശേഷം 'ക്യാപ്റ്റൻ' ചെയ്​തപ്പോൾ പരസ്പരം മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ സംഭവിച്ചു. അതുകൊണ്ടാണ് 'വെള്ളം' സിനിമയുടെ ത്രെഡ് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് അത് മനസിലാക്കാൻ പറ്റിയതും സ്ക്രിപ്റ്റ് പോലും വായിക്കാതെ ചെയ്യാം എന്നേറ്റതും. ആ നടനിൽ എനിക്ക് ഉള്ള വിശ്വാസവും വലുതാണ്. അതൊക്കെ തന്നെയാണ് ഈ കൂട്ടുകെട്ട്​ മൂന്നാമത്തെ സിനിമയിൽ വന്നു നിൽക്കുന്നതും.

ജയസൂര്യയെ കൊണ്ട്​ നമുക്ക്​ എന്തും ചെയ്യിക്കാൻ പറ്റും. ചാടാൻ പറഞ്ഞാൽ പറക്കുന്ന ആളാണ്​ ജയസൂര്യ എന്ന് ഞാനെപ്പോഴും പറയാറുണ്ട്​. അതിന്‍റെ നിരവധി അനുഭവങ്ങൾ 'വെള്ളം' ചിത്രീകരണത്തിനിടയിലും ഉണ്ടായി. അദ്ദേഹം കള്ളുംകുടിച്ച്​ വെളുപ്പിനെ വീട്ടിൽ വരുന്ന സീൻ ഉണ്ട്​. നല്ല വെള്ള വസ്​ത്രമാണ്​ കോസ്റ്റ്യൂമർ നൽകിയത്​. അത്​ മുഷിപ്പിക്കണ​മെന്ന്​ പറഞ്ഞപ്പോൾ തറയിൽ കിടന്നുരുണ്ട്​ ഷർട്ടിലും മുണ്ടിലും ചെളി പിടിപ്പിച്ചാണ്​ അദ്ദേഹം അഭിനയിച്ചത്​. ആശുപത്രി തറയിൽ നിന്ന്​ സ്​പിരിറ്റ്​ നക്കി കുടിക്കുന്ന സീനിലും സെറ്റ്​ വേണ്ടയെന്ന്​ പറഞ്ഞ്​ ശരിക്കുള്ള തറയിൽ നക്കാനും തയാറായി. അതാണ്​ ജയസൂര്യയുടെ ഡെഡിക്കേഷൻ. ​


സ്​ത്രീപക്ഷ സിനിമയെന്നും പറഞ്ഞവരേറെ

​'വെള്ളം' കണ്ട്​ നിരവധി പേർ പ​റഞ്ഞൊരു അഭിപ്രായം ഇതൊരു സ്​​ത്രീപക്ഷ സിനിമയാണെന്നാണ്​. കുടിയന്‍റെ ഭാര്യ ഇങ്ങിനെ ആയിരിക്കണം എന്ന സ്​ഥിരം സങ്കൽപത്തെ മാറ്റി മറിക്കുന്നതായിരുന്നു സംയുക്ത ചെയ്​ത കഥാപാത്രം. മദ്യപാനി വന്ന് ഭാര്യയെ തല്ലുന്നതിന് പകരം തിരിച്ചൊന്ന് കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ തന്നെ അത് വലിയൊരു മാറ്റമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor jayasuryaprajesh senVellam MovieThe Secret of Women movie
News Summary - Director Prajesh Sen about new film
Next Story