നാട് ചുറ്റുന്ന താമറിന്റെ സ്വപ്നം
text_fieldsനേരാണ്! ഈ നുണകൾ ഇപ്പോൾ ലോകം ചുറ്റുകയാണ്. താമർ എന്ന പ്രവാസി മലയാളിയുടെ കരങ്ങളാൽ പ്രവാസത്തിൽ പിറവിയെടുത്ത ആയിരത്തൊന്നു നുണകൾ എന്ന കുടുംബചിത്രം ലോകത്തിലെ അറിയപ്പെടുന്ന ഫിലിം ഫെസ്റ്റിവലിൽ ഒക്കെ നിറഞ്ഞാടി കൈയടി നേടിക്കൊണ്ടിരിക്കുകയാണ്. ആയിരത്തൊന്ന് നുണകളുടെ നേരുകൾ മാധ്യമം വായനക്കാരുമായി പങ്കുവയ്ക്കുകയാണ് നവാഗത സംവിധായകനായ താമർ കെവി.
പ്രത്യേകതകൾ ഏറെയുള്ള ഒരു മലയാള ചിത്രമാണ് ആയിരത്തൊന്നു നുണകൾ. സംവിധായകനും ഏതാണ്ട് എല്ലാ നടീനടന്മാരും അടക്കം ഒത്തിരി പുതുമുഖങ്ങൾ, പൂർണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമ, തിയേറ്റർ റിലീസ് ചെയ്യാത്ത ഒ.ടി.ടി സിനിമ, അങ്ങനെ പോകുന്നു ഈ ചിത്രത്തിന്റെ സവിശേഷതകൾ.
സോണി ലിവിലാണ് ഈ സിനിമ ഇപ്പോൾ സ്ട്രീമിങ് ചെയ്യുന്നത്. 2023 അവസാനത്തിൽ ഇത് റിലീസ് ചെയ്തത് മലയാളമടക്കം 5 ഭാഷകളിൽ ഒന്നിച്ചായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളാണ് മറ്റു നാലെണ്ണം. റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ സോണി ചിത്രങ്ങളുടെ സ്ഥാനപ്പട്ടികയിൽ രണ്ടാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട് ഈ നുണകൾ.
കോവിഡിന് മുമ്പ് തന്നെ അണിയറയിൽ ഒരുങ്ങി തുടങ്ങിയിരുന്ന ചിത്രം 2021ലാണ് അനൗൺസ് ചെയ്തത്. ആദാമിന്റെ മകൻ അബു, പത്തേമാരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച സലീം അഹ്മദ് ആണ് ആയിരത്തൊന്നു നുണകളുടെയും നിർമാതാവ്. സംവിധായകനും സുഹൃത്തുമായ സകരിയയാണ് സലീം അഹമ്മദിനെ പരിചയപ്പെടുത്തിയതെന്ന് തമർ പറയുന്നു.
കഥയും തിരക്കഥയും തമറും സുഹൃത്ത് ഹാഷിം സുലൈമാനും ചേർന്നാണ് എഴുതിയിരിക്കുന്നത്. ദീർഘകാലമായി ദുബൈയിൽ പരസ്യ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേർക്കും ഈ മേഖലയിലെ പ്രവൃത്തി പരിചയം സിനിമയുടെ നിർമാണത്തിലും മുതൽക്കൂട്ടായി എന്ന് പറയാം. പത്തേമാരിയുടെ നിർമാതാക്കളും ദുബൈയിൽ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകരുമായ അഡ്വ ഹാഷിക് തൈക്കണ്ടിയും സുധീഷ് ടി.പിയും ഇതിന്റെയും നിർമാണത്തിൽ പങ്കാളികളാണ്.
2022ൽ തിരുവനന്തപുരത്ത് നടന്ന 27ാമത് ഐ.എഫ്.എഫ്.കെ യിൽ 110 മലയാളം സിനിമകളിൽ നിന്നും പ്രദർശനത്തിന് തിരഞ്ഞെടുത്ത 14 ചിത്രങ്ങളിൽ ഒന്നായിരുന്നു ആയിരത്തൊന്നു നുണകൾ. മികച്ച പ്രതികരണം ആണ് ചിത്രം കണ്ട് ഇറങ്ങിയവരിൽ നിന്നും മാധ്യമങ്ങൾക്ക് ലഭിച്ചത്.
സിനിമ കണ്ട മലയാള സിനിമാലോകത്തിലെ പല പ്രമുഖരും നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചത് താമർ അഭിമാനത്തോടെ സ്മരിക്കുന്നു. ആസിഫ് അലി, ഹരിശ്രീ അശോകൻ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ് തുടങ്ങിയവർ ഇതിൽ ചിലർ മാത്രം.
തുടർന്ന് 2023ൽ കാനഡയിലെ ആൽബർട്ട് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കാൻ അവസരമുണ്ടായി. രണ്ട് പ്രദർശനങ്ങളിലും ചിത്രം ശ്രദ്ധയാകർഷിച്ചതിന്റെ ഫലമായി ഈ വർഷാദ്യം ഫ്രാൻസിൽ നടന്ന വെസൂൾ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
2023ലെ ഏറ്റവും നല്ല തിരക്കഥക്കുള്ള ജെ.സി ഡാനിയൽ അവാർഡും കരസ്ഥമാക്കി. വരുന്ന ജൂലൈയിൽ ജർമനിയിൽ വെച്ച് നടക്കാനിരിക്കുന്ന ഇൻഡോ ജർമൻ ഫിലിം പ്രദർശനത്തിന് പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് താമറും ടീമും.
ഒരു കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് അതിലെ താമസക്കാരായ ഏതാനും മലയാളി കുടുംബങ്ങൾ കൂട്ടുകാരന്റെ വില്ലയിൽ താൽക്കാലികമായി തങ്ങുമ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങൾ ആണെങ്കിലും അങ്ങേയറ്റം തന്മയത്വത്തോടെയാണ് എല്ലാവരും അഭിനയിച്ച് ഫിലിപ്പിച്ചത്. മലയാളത്തിലെ ശ്രദ്ധേയനടി രമ്യ സുരേഷും ഇതിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
ഒരു ശരാശരി പ്രവാസി കുടുംബങ്ങളുടെ ജീവിതസാഹചര്യങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും പരിമിതികളും ഒക്കെ ഒരു വില്ലയുടെ പശ്ചാത്തലത്തിൽ രസച്ചരട് ഒട്ടും പൊട്ടാതെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ടീമിന്റെ വിജയം.
സിനിമയുടെ ഭാഗമായ ഓരോ അംഗത്തിന്റെയും സമർപ്പണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ പ്രയത്നത്തിന്റെയും വിജയമാണ് ഇത് എന്ന് താമർ സാക്ഷ്യപ്പെടുത്തുന്നു.
അസിഫലിയെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ തയ്യാറെടുക്കുന്ന താമർ സകരിയയുടെ പുതിയ ചിത്രത്തിന് വേണ്ടി സ്ക്രിപ്റ്റ് എഴുതുന്ന തിരക്കുകൾക്കിടയിലാണ് ഈ അഭിമുഖം അനുവദിച്ചത്. തൃശ്ശൂർ ചങ്ങരംകുളം സ്വദേശിയായ താമർ ഭാര്യ സുനിറക്കും മകൾ ദുആ ലയാലിനും ഒത്തു അജ്മാനിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.