സിനിമ സർട്ടിഫിക്കേഷൻ ഭേദഗതി: ആശങ്കയുമായി സിനിമലോകം
text_fieldsകൊച്ചി: കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി-2021ൽ ആശങ്ക പ്രകടിപ്പിച്ച് മലയാള സിനിമലോകം. നിയമഭേദഗതി ചലച്ചിത്രകാരെൻറ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുമെന്ന് മലയാളത്തിലെ ചലച്ചിത്ര പ്രവർത്തകരുടെ തൊഴിലാളി സംഘടനയായ ഫെഫ്ക സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സി.ബി.എസ്.സി സർട്ടിഫിക്കേഷൻ ലഭിച്ചതിനുശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന ഏതൊരു സിനിമയെയും പ്രേക്ഷക പരാതിയിൽ ആവശ്യമെന്ന് കണ്ടാൽ കേന്ദ്രസർക്കാറിന് നേരിട്ട് ഉള്ളടക്ക സംബന്ധിയായ പുനഃപരിശോധനക്ക് വിധേയമാക്കാൻ കഴിയും. സിനിമാറ്റോഗ്രാഫ് ആക്ട്-2021 ഈ വിധം നടപ്പാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.
പുതിയ സിനിമ നിയമ കരടിനെതിരെ വിമർശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്തെത്തി. ''ബലേ ഭേഷ്! ഇനി ഇതുംകൂടിയേ ബാക്കിയുണ്ടായിരുന്നൂള്ളൂ''വെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 'സേ നോ ടു സെന്‍സര്‍ഷിപ്' ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിെൻറ പോസ്റ്റ്.
രാജ്യത്തെ സിനിമ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നീക്കവുമായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം രംഗത്തെത്തിയത്. ഇതുസംബന്ധിച്ച കരട് ബില്ലും തയാറായി. ഏതെങ്കിലും സിനിമയെക്കുറിച്ച് പരാതി ലഭിച്ചാൽ കേന്ദ്രത്തിന് പുനഃപരിശോധന നടത്താൻ പുതിയ നിയമത്തിലൂടെ അനുവാദം ലഭിക്കും. ബില്ലില്‍ പൊതുജനാഭിപ്രായം തേടിയ കേന്ദ്രം, ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സിനിമയുടെ വ്യാജപതിപ്പുകൾ ഇല്ലാതാക്കാനുള്ള നിർദേശങ്ങളും ബില്ലിലുണ്ട്. മൂന്നുമാസം മുതൽ മൂന്നുവർഷം വരെ തടവും കുറഞ്ഞത് മൂന്നുലക്ഷം പിഴയുമാണ് ഈടാക്കുക. 1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് ആറാം വകുപ്പ് പ്രകാരം, ഒരു സിനിമയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികളുടെ രേഖകൾ ആവശ്യപ്പെടാനും അതിൽ ഏതെങ്കിലും നിർദേശങ്ങൾ നൽകാനും സർക്കാറിന് അധികാരമുണ്ടെന്ന് കരടിൽ പറയുന്നു.
എന്നാൽ, സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ സർക്കാർ പരിശോധിക്കാൻ പാടില്ലെന്ന് കർണാടക ഹൈകോടതി ഉത്തരവിടുകയും സുപ്രീംകോടതി 2000 നവംബറിൽ ആ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു. ഈ നിയമമാണ് കേന്ദ്രം ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.