രണ്ടാം പ്രണയ മഹായുദ്ധം
text_fieldsഒന്നരമണിക്കൂറിൽ കണ്ടുതീർക്കാവുന്ന ഒരു കൊച്ചു സിനിമ, അതാണ് ‘രണ്ടാം പ്രണയ മഹായുദ്ധം’. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ മുഖ്യ മേഖലകളെല്ലാം തന്നെ കൈകാര്യം ചെയ്തിരിക്കുന്നത് അധ്യാപികയായ ജാസ്മിൻ കാവ്യയാണ്. ഗാർഹിക പീഡനത്തെ തുടർന്ന് വിവാഹമോചിതയായ സ്ത്രീയാണ് ഇതിലെ പ്രധാന കഥാപാത്രം. മണിമേഖല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ജാസ്മിൻ തന്നെ. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളും അതിൽ നിന്നു രക്ഷപ്പെടാൻ, അവർ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നല്ലൊരു വൈവാഹിക ജീവിതം സ്വപ്നം കണ്ടവളായിരുന്നു മണിമേഖലയും. പക്ഷേ, അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിലൂടെ കുടുംബത്തിന് ദോഷമുണ്ടാക്കുമെന്ന അമ്മയുടെ അഭിപ്രായത്തിന് മുന്നിൽ അവൾ കീഴടങ്ങുന്നു. തുടർന്നു മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാൽ, ആ വിവാഹ ജീവിതവും അവൾക്ക് വേദനകൾമാത്രം സമ്മാനിക്കുന്നു. ഉദരത്തിൽ വളരുന്ന കുഞ്ഞുകൂടി ഭർത്താവിന്റെ ചവിട്ടേറ്റ് നഷ്ടപ്പെട്ടതോടെ, മണിമേഖല വിവാഹബന്ധം വേർപെടുത്തി സ്വന്തം വീട്ടിലേക്ക് പോകുന്നു. പിന്നീട് മറ്റൊരു കോണിലൂടെ അവൾ ലോകത്തെ നോക്കിക്കാണുന്നു. ഒരു ഹോം നഴ്സായി വലിയൊരു വീട്ടിൽ ജോലിക്ക് പോയി ജീവിതവരുമാനം കണ്ടെത്തുന്നു. അതിനിടെയുണ്ടാകുന്ന നിരവധി സന്ദർഭങ്ങളാണ് സിനിമയുടെ പ്രമേയം. അനാഥയായ അമലയെന്ന പെൺകുട്ടി, അളവില്ലാത്ത സമ്പത്തിനുടമയായിട്ടും സെക്യൂരിറ്റി ജോലിചെയ്ത് ജീവിക്കുന്ന മറ്റൊരു കഥാപാത്രം എന്നിവരിലൂടെയാണ് പിന്നീട് കഥ വികസിക്കുക.
പ്രായമായ അമ്മയായി മലയാളത്തി ലെ പഴയകാല നായിക കെ.ആർ. വിജയ യും എത്തുന്നുണ്ട്. സീരിയൽ-സിനിമാ നടനായ ലിഷോയ്, മാത്യു പ്ലാത്തോട്ടം തുടങ്ങിയവരും സിനിമയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിഹാബ് ക്യാമിയോയാണ്. എഡിറ്റിങ് സുദീപ് സുധാകരനും. നൗഷാദ്, ബിബിൻ അശോക് എന്നിവരാണ് സംഗീതം. റഫീഖ് അഹമ്മദും ജാസ്മിനുമാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ചിത്രം യുട്യൂബിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.