ജീവിതം പിന്തുടരുന്ന Black & White കാമറകൾ
text_fieldsആൾക്കൂട്ടത്തിൽ ഒരാളെ മാത്രം നിങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നാൽ അയാൾ ആ ആൾക്കൂട്ടത്തിന്റെ ഭാഗമല്ലാതായി മാറും. നോളന്റെ 1998ൽ ഇറങ്ങിയ ‘ഫോളോയിങ്’ എന്ന സിനിമ തുടങ്ങുന്നത് ഈ സംഭാഷണ ശകലവുമായാണ്. മനുഷ്യരുടെ മനസ്സിലേക്ക് ചടുലതയോടെ കാമറ തിരിച്ചുവെക്കുന്ന നോളൻ മാജിക്ക് കന്നിച്ചിത്രമായ ‘ഫോളോയിങ്ങി’ൽ തുടങ്ങും. കഥയും കഥാപാത്രത്തെയും തേടി ജനങ്ങൾക്കിടയിലേക്കിറങ്ങിയ ഒരു എഴുത്തുകാരനിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിയോ നോയർ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് ഫോളോയിങ്. ക്രിസ്റ്റഫർ നോളൻ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ അവസാനിക്കുന്ന ത്രില്ലറാണ്. പ്രേക്ഷകർക്ക് അത്രക്കൊന്നും പരിചിതമല്ലാത്ത കഥാബീജത്തെ അവിസ്മരണീയമായി അനുഭവിപ്പിക്കുന്നു എന്നതാണ് സിനിമയുടെ വിജയം. 1998ൽ സുഹൃത്തുക്കളുമായി ചേർന്ന് 6000 ഡോളർ മുതൽമുടക്കിലാണ് ഈ സിനിമ പുറത്തിറക്കുന്നത്. ലൈറ്റിങ്ങിന്റെ ചെലവ് ചുരുക്കി പ്രകൃതിയിലെ പ്രകാശ വ്യതിയാനങ്ങൾ കണക്കാക്കിയായിരുന്നു ഷൂട്ട്.
തൊഴിൽരഹിതനായ, ഒറ്റപ്പെട്ടുജീവിക്കുന്ന ബിൽ എന്ന യുവാവിലൂടെയാണ് സിനിമ വികസിക്കുന്നത്. എഴുത്തുകാരനാകണമെന്ന ആഗ്രഹത്താൽ മറ്റുള്ളവരുടെ ജീവിതം മനസ്സിലാക്കാൻ അവരെ പിന്തുടരുന്ന കഥാനായകൻ നേരിടുന്ന പ്രശ്നങ്ങൾ ജീവിതം മാറ്റിമറിക്കുന്നു. ഇയാൾ തിരഞ്ഞെടുക്കുന്നത് ലണ്ടൻ നഗരമാണ്. ഒരാളെ ഒന്നിൽ കൂടുതൽ തവണ പിന്തുടരരുത്, രാത്രികാലങ്ങളിൽ സ്ത്രീകളെ ഫോളോ ചെയ്യരുത് എന്നിങ്ങനെയാണ് നായകന്റെ തീരുമാനങ്ങൾ. എന്നാൽ, ഒരാളെ നിരീക്ഷിക്കാൻ ഇറങ്ങിയ ബില്ലിനെ അയാൾ വിദഗ്ധമായി കബളിപ്പിക്കുകയും തന്റെ ആഞ്ജാനുവർത്തിയും സുഹൃത്തുമാക്കുകയും ചെയ്യുന്നിടത്തുനിന്ന് കഥാഗതി അടിമുടി മാറുന്നു. മോഷണത്തിൽ ഒരു ടീം വർക്ക് രൂപപ്പെടുത്തി പുതിയ രീതിയിൽ മോഷണത്തെ കൊണ്ടുപോകുന്ന ബില്ലും കോബും ഒരു ത്രില്ലർ പരിസരത്തിലേക്ക് സിനിമാഗതിയെ പറിച്ചുനടുന്നു. മോഷണം പ്രമേയമായ നിരവധി ചിത്രങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ് ഈ ചിത്രം. കള്ളന്മാരുടെ മാനസിക വ്യാപാരത്തിലേക്ക് എടുത്തെറിയപ്പെടുന്ന പ്രേക്ഷകർ സിനിമ അവസാനിക്കുന്നിടത്താണ് അതിൽനിന്ന് മോചിതരാകുന്നത്. വിലപിടിപ്പുള്ളത് മാറ്റിനിർത്തി തീർത്തും നിസ്സാരമെന്ന് കരുതുന്നവ കൈക്കലാക്കുന്ന ചില സ്വഭാവ സവിശേഷതകൾ രണ്ടുകൂട്ടുകാരും വെച്ചുപുലർത്തുന്നുണ്ട്. നോൺ ലീനിയർ നരേഷനും ഒളിപ്പിച്ചുവെച്ച ട്വിസ്റ്റുകളുമാണ് ഇതിൽ പ്രധാനം. എം.യു.ബി.ഐ, ആപ്പിൾ ടി.വി, ഗൂഗ്ൾ പേ മൂവീസ് പ്ലാറ്റ് ഫോമുകളിൽ സിനിമ കാണാം. ജെറേമി തിയോബാൾഡ്, അലക്സ് ഹോ, ജോൺ നോളൻ, ലൂസി റസൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അടുത്തയാഴ്ച: ഇൻസോമ്നിയ (2002)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.