അഭിനയം, എഴുത്ത്, സംവിധാനം ; പ്രണവ് ഏക-അഭിമുഖം
text_fieldsഅന്താരാഷ്ട്രതലത്തിൽ പോലും മികച്ച ഷോർട്ട് ഫിലിംസിനുള്ള നിരവധി അംഗീകാരങ്ങൾ നേടിയ സംവിധായകൻ പ്രണവ് ഏക ഇപ്പോൾ അഭിനയത്തിൽ കൂടുതൽ സജീവമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഗോളം സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മറ്റു സിനിമ വിശേഷങ്ങളെ കുറിച്ചും പ്രണവ് ഏക മാധ്യമവുമായി സംസാരിക്കുന്നു.
• പത്തുവർഷത്തെ സിനിമ പരിചയം
യാതൊരു വിധ സിനിമ പശ്ചാത്തലവും അവകാശപ്പെടാൻ പറ്റിയ ഒരാളല്ല ഞാൻ. എന്റെ കുടുംബത്തിലെന്നല്ല, ഞാൻ ജനിച്ചതും വളർത്തുന്നതുമായ എന്റെ നാട്ടിൽ പോലും അത്തരത്തിലുള്ള സിനിമ പ്രവർത്തകരാരും തന്നെയുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ സിനിമയിലേക്കെങ്ങനെ എത്തിപ്പെടണമെന്ന് പോലും തുടക്കകാലങ്ങളിൽ എനിക്കറിയില്ലായിരുന്നു. ഏകദേശം 10 വർഷമായി കാണും ഞാനീ ഇൻഡസ്ട്രിയിൽ എത്തിയിട്ട്. അന്നൊന്നും സോഷ്യൽ മീഡിയ അത്ര ആക്റ്റീവായ കാലമൊന്നുമല്ലാത്തത് കൊണ്ട് സിനിമയെക്കുറിച്ച് മനസ്സിലാക്കാനുള്ള സാധ്യതകൾ വളരെ കുറവായിരുന്നു . എന്നിട്ടും അതിന്റെ പുറകെ തന്നെ സഞ്ചരിച്ചത് സിനിമയോട് അത്രമാത്രം താല്പര്യമുള്ളതുകൊണ്ട് തന്നെയാണ്. പാഷൻ പ്രൊഫഷൻ ആക്കി മാറ്റുന്ന സാഹചര്യം വരുന്നത് താല്പര്യത്തിന്റെ പുറത്തു തന്നെയാണ്. അങ്ങനെയാണ് സിനിമയെക്കുറിച്ച് ആധികാരികമായി പഠിക്കാൻ പോകുന്നത്. ഡയറക്ഷൻ പഠിക്കാൻ തുടങ്ങിയപ്പോഴുള്ള മെച്ചമെന്ന് പറയുന്നത് അതിൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാം പഠിക്കാനുണ്ട് എന്നതായിരുന്നു.
• തുടക്കം കൃഷ്ണ പൂജപ്പുരയിൽ നിന്ന്
എഴുത്തുകാരൻ കൃഷ്ണ പൂജപ്പുരയുടെ സുഹൃത്താണ് എന്റെ അച്ഛന്റെ അനിയൻ. അങ്ങനെയാണ് കൃഷ്ണേട്ടനിലേക്ക് എത്തുന്നതും അദ്ദേഹത്തിന്റെ സകുടുംബം ശ്യാമള എന്ന സിനിമയിൽ ആദ്യമായി അസിസ്റ്റന്റായി വർക്ക് ചെയ്യുന്നതും. പിന്നീട് തുടർച്ചയായി വർക്കുകൾ കിട്ടി. കൃഷ്ണേട്ടനോക്കെ തന്നെയാണ് എന്റെ ഗുരു. പിന്നെ സംവിധായകൻ കെ. ജി ജോർജ്ജ്, പത്മരാജൻ ഒക്കെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ സംവിധായകൻ ബോബൻ സാമുവലിനൊപ്പം നാലു സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. സംവിധായകൻ ബിജിത്ത് ബാലയോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. പിന്നീട് സ്വന്തമായി ഷോർട്ട് ഫിലിംസ് സംവിധാനം ചെയ്യുമ്പോൾ ഇവരുടെ കൂടെ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഒക്കെ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
• അംഗീകാരങ്ങൾ അന്താരാഷ്ട്ര തലത്തിലും
ഷോർട്ട് മൂവീസ് ഗണത്തിൽപ്പെട്ട നാലു സിനിമകളാണ് ഞാൻ സംവിധാനം ചെയ്തത്. ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം സാറിനെ അടിസ്ഥാനമാക്കി ദി വോൾ എന്നൊരു ഷോർട്ട് ഫിലിം ആയിരുന്നു ആദ്യം ചെയ്തത്. ആ വർക്കിന് ഒത്തിരി അംഗീകാരങ്ങൾ കിട്ടി എന്ന് മാത്രമല്ല ഇന്ത്യക്ക് പുറത്തും ആ വർക്ക് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സന്തോഷം. അതുപോലെ k എന്നൊരു വർക്ക് ചെയ്തു. അത് വേറൊരു ജോണറിലുള്ളതായിരുന്നു. അത്തരത്തിൽ നാല് ഷോർട്ട് ഫിലിംസും നാലു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ നാലു വർക്കുകൾക്കും കൂടി മൊത്തത്തിൽ 200ൽ അധികം അവാർഡുകൾ കിട്ടിയിട്ടുണ്ട്. ഒരു സിനിമ ചെയ്യാനായി സ്വന്തമായ ഒരു പ്രൊഫൈൽ വർക്ക് ആവശ്യമാണെന്നുള്ള രീതിയിലാണ് ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്തത്. പിന്നീടുള്ളതെല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു. അതിൽ തന്നെ ബ്രേക്ക് ദി റൂൾസ് എന്ന ഞാൻ സംവിധാനം ചെയ്ത ഷോർട്ട് മൂവിയിൽ സുനിൽ സുഗതയാണ് പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്. അതോടൊപ്പം സമാനമായ പ്രാധാന്യം ലഭിക്കുന്ന മറ്റൊരു കഥാപാത്രമായി ഞാനും അഭിനയിച്ചിരുന്നു. ടെക്നോപാർക്കിന്റെ ഹിസ്റ്ററിയെ ആധാരമാക്കി ഒരു ഡോക്യുമെന്ററി വർക്ക് കൂടി സംവിധാനം ചെയ്തിരുന്നു.
• സംവിധായകനിൽ നിന്നും എഴുത്തുകാരനിലേക്ക്
സംവിധായകൻ ആകണമെന്ന ആഗ്രഹത്തിനും മുൻപ് അഭിനയമോഹമാണ് മനസ്സിലുണ്ടായത്. പക്ഷേ ആദ്യം എത്തിയത് സംവിധാനത്തിലാണ് എന്ന് മാത്രമേ ഉള്ളൂ. ആ സംവിധാനത്തിൽ നിന്നാണ് പിന്നീട് എഴുത്തിലേക്ക് എത്തുന്നത്. സാഹിത്യവുമായി ബന്ധപ്പെട്ട യാതൊരുവിധ പശ്ചാത്തലവുമുള്ള സാഹചര്യത്തിലല്ല ഞാൻ വളർന്നത്. ഷോർട്ട് ഫിലിംമൊക്കെ എഴുതി തുടങ്ങിയാണ് എഴുത്തിലേക്ക് തിരിയുന്നത്.
• യാദൃശ്ചികമായി അഭിനയത്തിലേക്ക്
വർക്ക് ചെയ്ത സിനിമകളിലൊക്കെ കുഞ്ഞുകുഞ്ഞു വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു ക്യാരക്ടർ റോൾ ആദ്യമായി കിട്ടുന്നത് സൗണ്ട് ഓഫ് എയ്ജ് എന്ന ഷോർട്ട് ഫിലിമിലാണ്. അതിന് ശേഷം ബ്രേക്ക് ദി റൂൾസ് എന്ന ഞാൻ സംവിധാനം ചെയ്ത വർക്കിൽ തന്നെ ഞാനൊരു കഥാപാത്രം ചെയ്തു. അതിനൊക്കെ ശേഷമാണ് ഗോളം എന്ന സിനിമയിൽ ഒരു കഥാപാത്രം ലഭിക്കുന്നത്. ഇപ്പോൾ ഉർവശി ചേച്ചി അഭിനയിക്കുന്ന ഒരു സിനിമയിലും നല്ലൊരു കഥാപാത്രം കിട്ടിയിട്ടുണ്ട്. വാസ്തവത്തിൽ സൗണ്ട് ഓഫ് ഏജ് എന്ന വർക്കിൽ ഞാൻ അല്ലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. വളരെ യാദൃശ്ചികമായി, ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണ് ആ കഥാപാത്രം എന്റെ കൈയിൽ എത്തുന്നത്. ആ കഥാപാത്രം ഞാൻ ചോദിച്ചു വാങ്ങിയതാണ്. ഞാൻ അഭിനയിക്കുമോ ഇല്ലയോ എന്ന് പോലും അവർക്കുറപ്പില്ലായിരുന്നു. അതിലെ ഒരു ഭാഗം അഭിനയിച്ചു കാണിച്ചവരെ ബോധിപ്പിച്ചതിനുശേഷമാണ് ആ കഥാപാത്രം അവരെനിക്ക് തരുന്നത്. ഈ.മ.യൌ സിനിമയിലെ അപ്പച്ചനായി അഭിനയിച്ച കൈനക്കരി തങ്കരാജ്, മുത്തുമണി തുടങ്ങിയ ആർട്ടിസ്റ്റുകളെല്ലാം ആ വർക്കിലുണ്ടായിരുന്നു. സിനിമാറ്റിക്കായി തന്നെയാണ് അത് ഷൂട്ട് ചെയ്തത്. ഗോളം സിനിമയിലും ഏറ്റവും അവസാനമാണ് ഞാൻ എത്തിച്ചേരുന്നത്. ബിനോയ് നമ്പാലയായിരുന്നു അതിന്റെ കാസ്റ്റിംഗ് ഡയറക്ടർ. പക്ഷേ ആ സിനിമയുടെ ഷൂട്ടെല്ലാം ഏറെക്കുറെ ഒറ്റ ലൊക്കേഷനിലായതുകൊണ്ട് പരമാവധി എല്ലാ ദിവസങ്ങളിലും ഞാൻ ഷൂട്ടിനുണ്ടായിരുന്നു. കാരണം ക്യാമറ എവിടെ വെച്ചാലും മിക്ക സീനുകളിലും നമ്മുടെ പ്രസന്റ്സ് ആവശ്യമായിരുന്നു.
• സംവിധായകനായത് അഭിനയത്തിന് ഗുണം ചെയ്തു
സിനിമയുടെ ടെക്നിക്കൽ സൈഡ് അറിയാവുന്നതുകൊണ്ട് തന്നെ അഭിനയത്തിന്റെ തുടക്കവും അവസാനവും എങ്ങനെയായിരിക്കണമെന്നുള്ള കാര്യത്തിന് നമുക്ക് കുറേകൂടി ബോധ്യം ഉണ്ടാവും. കാമറ മൂവ്മെന്റ്സ് മാർക്കിംഗ് പോയിന്റ് ഇതൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും. ഇത്തരം ടെക്നിക്കൽ സൈഡ്നെക്കുറിച്ച് നമുക്കറിയില്ലായിരുന്നുവെങ്കിൽ തീർച്ചയായിട്ടും അഭിനയിക്കുന്ന സമയത്ത് മറ്റാരുടെയെങ്കിലും സഹായം കൂടിയെ തീരൂ. പക്ഷേ ഇതിനെ കുറിച്ചു അറിയുന്നതുകൊണ്ടുതന്നെ ഒരുപാട് സ്ട്രെയിൻ എടുക്കേണ്ടി വരുന്നില്ല എന്നതാണ് വലിയ ഗുണം.
• അഭിനയം, എഴുത്ത്, സിനിമ
അഭിനയം, എഴുത്ത്,സിനിമ എല്ലാം ഒന്നിച്ചു കൊണ്ടു പോകാനാണ് താല്പര്യം. ഏത് എപ്പോഴൊക്കെ നടക്കുമെന്ന് അറിയില്ല. ഏതു സംഭവിച്ചാലും അതിലെല്ലാം സന്തോഷം .എഴുത്തു തുടങ്ങി കഴിഞ്ഞാൽ നമ്മൾ മറ്റൊന്നിലും ശ്രദ്ധിക്കില്ല . നമ്മൾ പിന്നെ ആ ഒരു ലോകത്ത് മാത്രമായിരിക്കും. എന്നാൽ അഭിനയം തുടങ്ങുമ്പോൾ നമ്മൾ ആരോഗ്യം ശ്രദ്ധിക്കും. സംവിധാനം വരുമ്പോൾ നമ്മളാണ് മൊത്തം ആളുകളെ ലീഡ് ചെയ്യേണ്ടത്. ഇത്തരത്തിൽ ഓരോ മേഖലയ്ക്കും ഓരോരോ പ്രത്യേകതകളാണുള്ളത്. നല്ലൊരു സംവിധായകനാകണമെങ്കിൽ നല്ലൊരു എഴുത്തുകാരൻ കൂടിയാവണം എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. കഥാപാത്രസൃഷ്ടി കഥയുടെ പശ്ചാത്തലം ഇതൊക്കെ അറിഞ്ഞിരിക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഗുണമുള്ള കാര്യമാണ്. ആദ്യപുസ്തകം സെൻട്രൽ ഘടോ പുറത്തിറക്കി.അടുത്ത പുസ്തകത്തിന്റെ കാര്യം വഴിയേ സംഭവിക്കും.
• വരും പ്രോജക്ടുകൾ
ഉർവശി ചേച്ചി അഭിനയിച്ച സിനിമയാണ് ഇനി റിലീസാവാനുള്ളത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടക്കുകയാണ്. പിന്നെ അഭിനയമാണെങ്കിലും സംവിധാനമാണെങ്കിലും പല പല വർക്കുകൾ സംസാരിച്ചു വെച്ചിട്ടുണ്ട്. അതിൽ ഏത് ആദ്യം സംഭവിക്കും എന്നാണ് ഇനി അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.