Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_right'ഗോളം' സിനിമക്ക്...

'ഗോളം' സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകും- സംവിധായകൻ

text_fields
bookmark_border
Golam Movie Director Samjad  Interview
cancel

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് നവാ​ഗതനായ സംജാദ് സംവിധാനം ചെയ്ത മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമായ ​ഗോളം ഇപ്പോൾ ഒ.ടി.ടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പേഴിതാ സംവിധായകൻ സംജാദ് മാധ്യമവുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു.

• ഒ ടി ടി ഒരു ബോണസാണ്

ഞങ്ങളുടെ ഏറ്റവും ആദ്യത്തെ സിനിമ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നഗ്രഹിക്കുന്നവരായിരിക്കും മിക്ക സംവിധായകരും. അതുപോലെയുള്ള എന്റെ ഒരാഗ്രഹത്തിൽ നിന്നു തന്നെയാണ് ഗോളം സിനിമയും തിയറ്ററിലെത്തിയത്. ഒ.ടി.ടിയെ ബോണസായിട്ടാണ് ഞാൻ കാണുന്നത്. സിനിമ തിയറ്ററിൽ നിന്ന് മാറിക്കഴിഞ്ഞാലും പല ഭാഷയിലുള്ള ആളുകൾ നമ്മുടെ സിനിമ കാണുന്നുവെന്നത് നിസാരമല്ല. അത്തരത്തിൽ അവരിലേക്ക് സിനിമകൾ എത്തിക്കാനുള്ള സോഴ്‌സാണ് ഒ.ടി.ടി. ആ ഒരു ഭാഗ്യം ഉള്ളതുകൊണ്ട് നമ്മുടെ സിനിമയിപ്പോൾ എല്ലാവരും കാണുന്നു, ചർച്ച ചെയ്യുന്നു. അതിൽ വളരെ സന്തോഷമുണ്ട്

• ആ തീരുമാനം ബോധപൂർവ്വം

കുറ്റം ആര് ചെയുന്നു എന്ന് തെളിയിക്കുന്നതിനേക്കാൾ കൂടുതലായി കുറ്റം എങ്ങനെ ചെയ്തു എന്നത് കാണിക്കാൻ വേണ്ടിയാണ് ഈ സിനിമയിൽ കൂടുതൽ സമയം ചെലവഴിച്ചിരിക്കുന്നത്. തിരക്കഥ തയാറാക്കുന്ന സമയത്ത് തന്നെ ഞങ്ങളാദ്യം എഴുതിവെച്ചതും അതാണ്. കുറ്റം എങ്ങനെ ചെയ്തു എന്നതിലൂടെ മുൻപോട്ട് സഞ്ചരിച്ച് ആരു ചെയ്തു എന്ന കൺസെപ്റ്റിലേക്ക് എത്തിച്ചേരുന്നതായാണ് ഞങ്ങൾ സ്ക്രിപ്റ്റിൽ പോലും കൊടുത്തിരിക്കുന്നത്. മാത്രമല്ല ഈ കുറ്റകൃത്യം എങ്ങനെ ചെയ്തുവെന്ന് വളരെ ക്ലീനായി കാണിച്ചു കഴിഞ്ഞാൽ, എല്ലാവർക്കും മനസ്സിലാകും. പകരം ഇതല്പം കൂടി ഷോർട്ടാക്കിയാണ് കാണിക്കുന്നതെങ്കിൽ ആളുകൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാവും. അതുകൊണ്ടൊക്കെ തന്നെയാണ് കഥ ഈ വിധത്തിൽ പറഞ്ഞത്.

• തിരക്കഥ പങ്കാളി നടനുമായി

ഞാനും പ്രവീൺ വിശ്വനാഥ്‌ എന്ന സുഹൃത്തും ചേർന്നാണ് തിരക്കഥ എഴുതിയത്.പ്രവീൺ സിനിമയിൽ സെബാട്ടി എന്നൊരു കഥാപാത്രവും ചെയ്തിട്ടുണ്ട്. രണ്ടുപേർ ചേർന്ന് തിരക്കഥ എഴുതുമ്പോൾ അത് കുറേക്കൂടി എളുപ്പമാണ്. ഒരാൾ എന്തെങ്കിലും തെറ്റ് എഴുതി വെച്ചാലും ഒപ്പമുള്ള മറ്റെയാൾക്കത് തിരുത്താൻ പറ്റും. അതുപോലെ തന്നെ സ്ക്രിപ്റ്റിൽ കൂടുതൽ സാധ്യതകൾ പറയാൻ പറ്റും. പിന്നെ പ്രവീണിന് അഭിനയിക്കാനാണ് കൂടുതൽ ആഗ്രഹം. സിനിമയിൽ ഓഡിഷൻ വഴി തന്നെയാണ് അവനെയും തിരഞ്ഞെടുക്കുന്നത്. അവനെ മാത്രമല്ല നായകനായ രഞ്ജിത്തിനെയും ഞങ്ങൾ ഓഡിഷൻ ചെയ്യിപ്പിച്ചിട്ടുണ്ട്. ഓഡിഷനുശേഷം ഒരു വർക്ക് ഷോപ്പ് വെച്ചു. അതിൽ രഞ്ജിത്തടക്കം സിനിമയിലഭിനയിച്ച എല്ലാവരും പങ്കെടുത്തിരുന്നു.

• താരതമ്യേന രഞ്ജിത്തും പുതുമുഖം

ഒരു നടൻ എന്ന നിലയ്ക്ക് ഈ സിനിമയിലെ നായകനായി അഭിനയിച്ച രഞ്ജിത്ത് എന്ത് ചെയ്യാനും തയ്യാറായിരുന്നു. ഒരു ബിൽഡിംഗിന് മുകളിൽ നിന്ന് താഴേക്ക് എടുത്തുചാടാൻ പറഞ്ഞാൽ അയാൾ അതും ചെയ്യുമായിരുന്നു. രഞ്ജിത്തിനെ പരിചയപ്പെടുമ്പോൾ അയാൾക്ക് സിനിമയോടെത്രമാത്രം കമ്മിറ്റ്മെന്റുണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പിന്നീടാണ് ഇത്രയധികം ഡെഡിക്കേഷൻ ഉണ്ടെന്ന് മനസ്സിലാവുന്നത്. ഈ സിനിമയുടെ നിർമ്മാതാക്കൾ രഞ്ജിത്തിന്റെ അച്ഛനും അമ്മയും ആണ്. പക്ഷേ ആ രീതിയിലല്ല ഞങ്ങൾ നായകനായി രഞ്ജിത്തിനെ തിരഞ്ഞെടുത്തത്. രഞ്ജിത്തിന്റെ മൈക്ക് എന്ന സിനിമയാണ് ആ സമയത്ത് ആകെ പുറത്തിറങ്ങിയിട്ടുള്ളത്. ഞാൻ അത് കണ്ടിരുന്നു. പിന്നെ നമ്മുടെ സിനിമയ്ക്കകത്താണെങ്കിൽ എല്ലാവരും പുതുമുഖങ്ങളാണ് . രഞ്ജിത്താണെങ്കിലും താരതമ്യേന പുതുമുഖമാണ്. രഞ്ജിത്തിനെയും ആളുകളൊക്കെ അറിഞ്ഞു വരുന്നതേയുള്ളൂ. അതിനാൽ തന്നെ രഞ്ജിത്തിനെ ഈ സിനിമയിൽ നായകനാക്കിയാലും അതിലൊരു പുതുമയുണ്ടാകുമെന്ന് തോന്നി. അതുപോലെ തന്നെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന് വേണ്ട ഫിസിക്കും അയാൾക്കുണ്ടായിരുന്നു.

• പുതുമുഖങ്ങൾ വേണമെന്നത് നിർബന്ധം

ഈ സിനിമയിൽ പുതുമുഖങ്ങൾ വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതായത് ബഡ്ജറ്റ് പരിമിതി കൊണ്ട് പുതുമുഖങ്ങളെ വെക്കേണ്ടെന്ന് തീരുമാനിച്ചവരല്ല ഞങ്ങൾ. പകരം ഈ സ്ക്രിപ്റ്റ് തന്നെ ഡിമാൻഡ് ചെയ്യുന്ന കാര്യമായിരുന്നു പുതുമുഖങ്ങൾ വേണമെന്നത്. ഉദാഹരണത്തിന്, അറിയപ്പെടുന്ന ഒരു ആർട്ടിസ്റ്റിനെ സിനിമയിൽ കൊണ്ടുവന്നാൽ ബാക്കി 15, 16 കഥാപാത്രങ്ങൾക്ക് വേണ്ടിയും അതുപോലെയുള്ള അറിയപ്പെടുന്ന ആർട്ടിസ്റ്റുകളെ കൊണ്ടുവരേണ്ടിവരും. അത്രയും ചൂസബിലിറ്റി നമ്മുടെ മലയാള സിനിമയിൽ കുറവാണ്. അതുപോലെ തന്നെ ക്രൈം നടക്കുന്നതു പോലെ പ്രധാനമുള്ള ഒരു കാര്യമാണ് കഥാപാത്രങ്ങളുടെ ഉള്ളിലുള്ള രഹസ്യത്തെ സൂക്ഷിച്ചു വയ്ക്കുക എന്നുള്ള കഴിവ്. അതായത് കഥാപാത്രങ്ങളിൽ രഹസ്യങ്ങൾ ഉണ്ടെന്ന് നമ്മൾ അറിയാൻ പാടില്ല. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളാവാൻ ഫ്രഷേഴ്സ് തന്നെയാണ് നല്ലതെന്നെനിക്ക് തോന്നി. കൂടാതെ ഈ സിനിമയ്ക്കകത്തു ഡോണ എന്തൊരു കഥാപാത്രമുണ്ട്. എപ്പോഴും ഭക്ഷണം കഴിക്കുന്ന കഥാപാത്രമാണത്. ആ കഥാപാത്രത്തിന്റെ ക്യാരിക്കേച്ചറായി ഞങ്ങളാലോചിച്ചിരുന്നത് സ്കൂബീഡൂ എന്ന പഴയൊരു കാർട്ടൂണിലെ വെൽമ എന്നൊരു കഥാപാത്രത്തെയാണ്. വെൽമയുടെ മുഖച്ഛായം ഹെയർ സ്റ്റൈൽ കണ്ണട അതൊക്കെ ഞങ്ങൾ ഡോണയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. മാത്രമല്ല ബാക്കി എല്ലാ കഥാപാത്രങ്ങളിലും ഇതുപോലെ ഓരോ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതിനെല്ലാം തന്നെ പൂർണമായും ഞങ്ങൾക്ക് സപ്പോർട്ട് തന്നത് പ്രൊഡക്ഷൻ കമ്പനിയാണ്.

• വേറിട്ടൊരു സ്ക്രിപ്റ്റ് റീഡിങ്

സ്ക്രിപ്റ്റ് റീഡിങ് തന്നെയായിരുന്നു ഈ സിനിമയുടെ മെയിൻ. സിനിമയിൽ എല്ലാവർക്കും സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്ത് അവരെയൊക്കെ ഒരു ടേബിളിന് ചുറ്റുമിരുത്തി നമ്മൾ സ്ക്രിപ്റ്റ് റീഡ് ചെയ്യും. സംഭാഷണം ഒക്കെ അതുപോലെ എല്ലാവരെക്കൊണ്ടും പറയിപ്പിക്കും. വളരെ രസമുള്ള സംഭവമാണിത്. മാത്രമല്ല പുതുമുഖങ്ങളായി വന്ന എല്ലാവർക്കും പരസ്പരം മിങ്കിൾ ചെയ്യാനുള്ള ഒരു നല്ല അവസരം കൂടിയാണത്.

• സാമൂഹിക പ്രസക്തിയുള്ള വിഷയം

കൊറോണയൊക്കെ നമ്മൾ നേരിൽ അനുഭവിച്ച ആളുകളായതുകൊണ്ട് തന്നെ ഒരു വൈറസ് വന്നു കഴിഞ്ഞാൽ അതിന്റെ കാഠിന്യം എന്തായിരിക്കും എന്ന് നമുക്കൊക്കെ അറിയാം. അതുപോലെ ഒന്ന് തന്നെയാണ് ഈ സിനിമക്കകത്തുള്ള റെഡ് വൈറസും. മാത്രമല്ല അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ശരിക്കും നടക്കുന്ന കാര്യമാണിത്. മരുന്ന് പരീക്ഷണം മനുഷ്യരിൽ ശ്രമിക്കൽ. ഈയടുത്ത് വന്ന ഒരു വാർത്തയുണ്ടായിരുന്നു. പത്തോളം ഭിക്ഷാടകർ പണത്തിനുവേണ്ടി മരുന്നു പരീക്ഷണത്തിനായി തങ്ങളുടെ ശരീരം വിട്ടുകൊടുത്ത വാർത്ത. ഭിക്ഷാടകരായതുകൊണ്ട് അവർക്ക് രേഖകളോ മറ്റൊന്നുമോ ഇല്ല. അവർ മരിച്ചുപോയാൽ ആരുമൊട്ട് അന്വേഷിച്ച് വരികയും ഇല്ല. അതുപോലെ മാനസിക പ്രശ്നങ്ങളുള്ള ആളുകളെയൊക്കെ കമ്പനികൾ ഇങ്ങനെ തെരഞ്ഞെടുക്കുന്നുണ്ട്. കാരണം എന്ത് മോശമായ പരിണിതഫലമുണ്ടായാൽ പോലും അവരെയൊന്നും ചോദിച്ചും അന്വേഷിച്ചും ആരും വരില്ല. അതൊരു സേഫ് പരിപാടിയാണ്. മാത്രമല്ല, ചെറിയ ജോലിയൊക്കെ ചെയ്ത് ജീവിക്കുന്ന സാധാരണ ആളുകൾ പോലും പണത്തിനു വേണ്ടി സ്വന്തം ശരീരം ഇങ്ങനെ പരീക്ഷണങ്ങൾക്കായി വിട്ടുകൊടുക്കുന്നുണ്ട്. അതിൽ നിന്ന് ചെറിയൊരു പ്രചോദനം ഉണ്ടായിട്ടുണ്ട് ഈ സിനിമയ്ക്ക്.

• പുതിയ സിനിമ വിശേഷങ്ങൾ

വേറെ ഒരു സ്റ്റോറിയുടെ പുറകെയാണ് ഞാനിപ്പോൾ. അതൊക്കെ കഴിഞ്ഞ് എന്തായാലും ഗോളം സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകും. അതിന്റെ സ്റ്റോറി ലൈൻ എല്ലാം തയ്യാറായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golam Film
News Summary - Golam Movie Director Samjad Interview
Next Story