ഉറക്കം നഷ്ടപ്പെട്ടവൻ വേട്ടക്കിറങ്ങുമ്പോൾ
text_fieldsസൂര്യാസ്തമനം എന്ന പ്രകൃതി പ്രതിഭാസം അന്യമായ അലാസ്കയിലെ കൊച്ചു ഗ്രാമത്തില് ഒരു പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാൻ ലോസ് ആഞ്ജലസില്നിന്ന് എത്തിയതാണ് ഡിറ്റക്ടിവ് ഡോര്മറും അദ്ദേഹത്തിന്റെ പാർട്ണറായ ഹാപ്പ് എക്ഹാർട്ടും. ലോസ് ആഞ്ജലസിലെ ഏറ്റവും മികച്ച കുറ്റാന്വേഷകനാണ് വിൽ ഡോർമർ. സഹപ്രവർത്തകർക്കെല്ലാം അദ്ദേഹത്തെ വലിയ മതിപ്പാണ്. 1997ൽ ‘ഇൻസോമ്നിയ’ എന്ന പേരിൽ തന്നെ പുറത്തിറങ്ങിയ നോർവീജിയൻ സിനിമയുടെ റീമേക്ക് ആണ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം. വളരെ പതിഞ്ഞ രീതിയിൽ കഥ പറഞ്ഞുപോകുന്ന സിനിമ പതുക്കെ ത്രില്ലർ ട്രാക്കിലേക്കിറങ്ങുന്നു. ഉറക്കം അന്യമായ ചീർത്ത കണ്ണുകളുമായി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു പിന്നാലെ സാവധാനം സഞ്ചരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. നിദ്ര അനുഗ്രഹിക്കുന്നില്ലെങ്കിൽ ഏകാന്തത മാത്രമല്ല മനുഷ്യനു നേരിടേണ്ടി വരുക. മായക്കാഴ്ചകളും ഒരു വേള ദൃശ്യങ്ങൾ തന്നെ പുറം തിരിഞ്ഞുനിൽക്കുന്ന സങ്കടങ്ങളുമാകും അവനെ കാത്തിരിക്കുക. ഒടുക്കം മരണത്തിനെങ്കിലും അയാളെ സമാധാനത്തോടെ ഉറക്കാൻ കഴിയുമോ. ഇൻസോമ്നിയ എന്ന ചിത്രം ഉറക്കമില്ലാത്തവന്റെ വൈകാരിക സമസ്യകളുടെ തീരത്തേക്ക് വഴിവെട്ടുന്ന ഒറ്റയടിപ്പാതയാണ്. കുറ്റവാളിയെ തേടിയിറങ്ങിയ ഡിറ്റക്ടിവ് വിൽ ഡോമറിന് പെയ്തിറങ്ങിയ മഞ്ഞിന്റെ നേർത്ത പാളികളിൽ ഒരുവേള കാഴ്ച മങ്ങിയപ്പോൾ സംഭവിച്ച കൈയബദ്ധം കാരണം കുറ്റബോധത്തിന്റെ ഉമിത്തീയിൽ വെന്തുനീറേണ്ടിവരുകയാണ്.
വിൽ ഡോമറായി വിഖ്യാത നടൻ അൽപാച്ചിനോ നിറഞ്ഞാടിയ സിനിമകൂടിയാണ് ഇൻസോമ്നിയ. പശ്ചാത്താപത്തിന്റെ കനൽവഴികളിൽ തേരു തെളിക്കുമ്പോഴും ഉറക്കം അയാൾക്കന്യമായിരുന്നു. ജാലകച്ചതുരങ്ങളിലെ പകൽ വെളിച്ചം ഭീതിയോടെ കൊട്ടിയടക്കാൻ ശ്രമിക്കുന്ന അവധൂതൻ. ശരീരഭാഷയും സംഭാഷണ ചാതുരിയുംകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്നു അൽപാച്ചിനോ. പ്രതിനായകനാൽ ബ്ലാക്മെയിൽ ചെയ്യപ്പെടുമ്പോഴും അന്തസ്സും മാന്യതയും കാത്തുസൂക്ഷിക്കുന്ന ഉദ്യോഗസ്ഥനാണ് വിൽ ഡോമർ. ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ മുഴുവൻ മൂഡും ആവാഹിച്ചുകൊണ്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. കൊല ആരു ചെയ്തു, എങ്ങനെ ചെയ്തു, എന്തിന് ചെയ്തു എന്നീ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ ഡിറ്റക്ടിവിനു കഴിയുമോ?
സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് ഇൻസോമ്നിയ. അപാരമായ ട്വിസ്റ്റുകളോ സങ്കീർണതകളോ അധികമില്ലാത്ത നോളൻ സിനിമ കൂടിയാണിത്. ഡേവിഡ് ജൂലിയൻ, റാൻഡി എഡിൽമാൻ എന്നിവരുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആകർഷണീയമാണ്.
ഈ ചിത്രത്തിന്റെ രചന മേഖലകളിലൊന്നും ക്രിസ്റ്റഫർ നോളൻ ഉൾപ്പെട്ടിരുന്നില്ല എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഇൻസോമ്നിയയുടെ തിരക്കഥ തയാറാക്കിയത് ഹിലാരി സെയ്റ്റ്സ് ആണ്. നികോളാജ് ഫ്രോബോനിയസ്, എറിക് സ്കോജോ ഡോൾബെർഗ് എന്നിവരാണ് കഥാ രചന. ഡോഡി ഡോൺ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ‘മെമന്റോ’, ‘ഇൻസെപ്ഷൻ’, ‘ദി ഡാർക് നൈറ്റ് ട്രിലോജി’, ‘ഇന്റർസെപ്ഷൻ’ എന്നിങ്ങനെ ക്രിസ്റ്റഫർ നോളന്റെ സ്ഥിരം ഛായാഗ്രാഹകൻ വാലി ഫിസ്റ്റർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം നിർവഹിച്ചത്.
അൽപാച്ചിനോയെ കൂടാതെ റോബിൻ വില്യംസ്, ഹിലരി സ്വാങ്ക്, മാർട്ടിൻ ഡൊണാവൻ, മോറ ടെറെനെ എന്നിവരാണ് മുഖ്യ അഭിനേതാക്കൾ. ഷോ ടൈം ആപ്പിൾ ടി.വി, പാരമൗണ്ട് പ്ലസ് ആപ്പിൾ ടി.വി എന്നിവിടങ്ങളിൽ സിനിമ കാണാം.
അടുത്തത്: ദി പ്രസ്റ്റീജ് 2000
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.